UPDATES

പ്രവാസം

വംശീയ വിദ്വേഷം; ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയെ തുണിയഴിച്ച് പരിശോധിക്കാന്‍ ശ്രമം

സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫ്രാങ്ക്ഫുര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്

                       

ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യയെ വംശജയെ തുണിയഴിച്ച് പരിശോധിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥ തുനിഞ്ഞത് വംശീയ വിദ്വേഷത്തിന്റെ പേരിലാണ് എന്ന ആരോപണം ശക്തമാവുന്നു. ഇന്നലെയാണ് ബംഗ്ലൂരുവില്‍ നിന്നും ഐസ്ലണ്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശ്രുതി ബാസപ്പയോട് തുണിയുരിഞ്ഞ് കാണിക്കാന്‍ സുരക്ഷ ജീവനക്കാരി ആവശ്യപ്പെട്ടത്. എന്നാല്‍ ഇവരുടെ ഐസ്ലണ്ടുകാരനായ ഭര്‍ത്താവ് രംഗത്തെത്തിയതോടെ സുരക്ഷ ജീവനക്കാരി ആവശ്യം പിന്‍വലിക്കുകയായിരുന്നു.

യാത്രക്കാരില്‍ ശ്രുതിയെ മാത്രമാണ് വസ്ത്രമുരിഞ്ഞ് പരിശോധനയ്ക്ക് നിര്‍ബന്ധിച്ചത് എന്ന ആരോപണവുമുണ്ട്. വെള്ളക്കാരനായ ഭര്‍ത്താവിനെ കണ്ട ഉടനെ സുരക്ഷ ജീവനക്കാര്‍ നിലപാട് മാറ്റിയതില്‍ തനിക്ക് സംശയമുണ്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ശ്രുതി പറഞ്ഞു. തന്റെ ഭര്‍ത്താവ് യൂറോപ്പില്‍ നിന്നുള്ള ആളല്ലായിരുന്നെങ്കില്‍ തനിക്കെന്ത് സംഭവിക്കുമായിരുന്നു എന്ന കാര്യത്തില്‍ ഭീതിയുണ്ടെന്നും അവര്‍ പറയുന്നു.

സംഭവത്തോട് പ്രതികരിക്കാന്‍ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവള അധികൃതര്‍ തയ്യാറായിട്ടില്ലെങ്കിലും അവരുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമല്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ അത് ശ്രുതിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 29നാണ് സംഭവം നടന്നത്. താന്‍ ഇതുസംബന്ധിച്ച് ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്ന് ശ്രുതി പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫ്രാങ്ക്ഫുര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്ത്രീകള്‍ വംശീയ വിവേചനത്തിന് ഇരയാവുന്നത് ഇതാദ്യമായല്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിംഗപ്പൂരില്‍ താമസിക്കുന്ന ഗായത്രി ബോസ് എന്ന യുവതിക്ക് കഴിഞ്ഞ ജനുവരിയില്‍ ഫ്രാങ്ക്ഫുര്‍ട്ടില്‍ വച്ച് അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നിരുന്നു. രണ്ട് കുട്ടികളുടെ മാതാവായ അവരുടെ ബാഗില്‍ ബ്രെസ്റ്റ് പമ്പ് സൂക്ഷിച്ചതാണ് സംഭവത്തിന് കാരണമായത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന അവര്‍ക്ക് എന്തിനാണ് ബ്രെസ്റ്റ് പമ്പ് എന്നതായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ ചോദ്യം. തുടര്‍ന്ന് മുലപ്പാലുണ്ടെന്ന് തെളിയിക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍