UPDATES

പ്രവാസം

ഒമാനില്‍ ‘മെര്‍സ്’ പടരുന്നു; രണ്ട് മരണം കൂടി റിപോര്‍ട്ട് ചെയ്തു

രണ്ട് പേര്‍ കൂടി മരിച്ചതോടെ മെര്‍സ് മൂലം ഒമാനില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

                       

ഒമാനില്‍ വീണ്ടും ‘മെര്‍സ്’ പടരുന്നു. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം രോഗബാധയേറ്റ് രണ്ട് പേര്‍ കൂടി മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ അഞ്ച് പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നാല് പേരില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. 2013ലാണ് ഒമാനില്‍ ആദ്യമായി മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ഒമാന്റെ വിവിധ ഭാഗങ്ങളിലായി 19 പേര്‍ക്കാണ് രോഗം ബാധിച്ചത്.

2015 ജനുവരിയിലാണ് രാജ്യത്ത് അവസാനമായി ‘മെര്‍സ്’ മരണമുണ്ടായത്. പുതുതായി രോഗം കണ്ടെത്തിയവര്‍ക്ക് ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കി വരുന്നുണ്ട്. മെര്‍സിനെതിരെ അതീവ ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തുന്നുണ്ട്. എല്ലാ ആശുപത്രികളും ‘മെര്‍സി’നെ നേരിടാന്‍ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യക്തി, ഭക്ഷണ, പരിസര ശുചീകരണത്തില്‍ ശ്രദ്ധ വേണം. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ വായും മൂക്കും അടച്ചുപിടിക്കുകയും ശേഷം കൈകള്‍ വൃത്തിയാക്കുകയും വേണം. രോഗബാധ സംബന്ധിച്ച വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ കണക്കിലെടുക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Share on

മറ്റുവാര്‍ത്തകള്‍