UPDATES

പ്രവാസം

ആഭ്യന്തര അറ്റസ്റ്റേഷന്‍ ഇനി നോര്‍ക്ക റൂട്ട്‌സിന്റെ മേഖലാ ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രങ്ങള്‍ വഴിയും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്സ്‌റ്റേഷന്‍ വിഭാഗത്തില്‍ നേരിട്ട് വരുന്നത് ഇതുവഴി ഒഴിവാക്കാനാകും

                       

വിദേശരാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന്‍ ആവശ്യങ്ങള്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് പോകേണ്ടതില്ല. നോര്‍ക്ക റൂട്ട്‌സിന്റെ മേഖലാ ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രങ്ങള്‍ വഴിയും അതിനുള്ള സൗകര്യമൊരുക്കും. വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന്‍ സൗകര്യം കൂടി നോര്‍ക്ക ലഭ്യമാക്കിയതോടെയാണിത്. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ തന്നെ നോര്‍ക മുഖേന അറ്റസ്റ്റ് ചെയ്തു നല്‍കുന്നുണ്ട്.

സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വകുപ്പില്‍ എത്തിച്ച് തിരികെ നല്‍കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായാണ് നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസുകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാകും. ഇതോടെ വിദ്യാഭ്യാസ ഇതര സര്‍ട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സിന്റെ മേഖലാ-ജില്ലാ ഓഫീസുകളില്‍ ഏല്‍പ്പിച്ചാല്‍ മതി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്സ്‌റ്റേഷന്‍ വിഭാഗത്തില്‍ നേരിട്ട് വരുന്നത് ഇതുവഴി ഒഴിവാക്കാനാകും. പൊതുജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്.

Share on

മറ്റുവാര്‍ത്തകള്‍