UPDATES

പ്രവാസം

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ സാധ്യത

സ്‌കൂള്‍ അധികാരികളും രക്ഷകര്‍ത്താക്കളും ആശങ്കയില്‍

                       

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുമെന്ന വാര്‍ത്തകള്‍ സ്‌കൂള്‍ അധികാരികളിലും രക്ഷകര്‍ത്താക്കളിലും ഒരുപോലെ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. ഇക്കാര്യത്തില്‍ സിബിഎസ്ഇ ഇതുവരെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല എന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. എന്നാല്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധിതമാക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും. കാരണം ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നും പുറത്തു നിന്ന് വരുന്ന കുട്ടികള്‍ ഹിന്ദി പഠിക്കാന്‍ പൊതുവില്‍ താല്‍പര്യം കാണിക്കാറില്ല.

ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി സിബിഎസ്ഇ സ്‌കൂളുകളില്‍ നിര്‍ബന്ധിത വിഷയമാക്കണമെന്ന് ഇതുസംബന്ധിച്ച പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദ്ദേശിച്ചതായും ഇത് പ്രസിഡന്റ് അംഗീകരിച്ചതായും ഉള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നത്. 2020 മുതല്‍ ത്രിഭാഷ പദ്ധതി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. ഇംഗ്ലീഷും രണ്ട് ഇന്ത്യന്‍ ഭാഷകളും പഠിക്കണമെന്നായിരുന്നു നിര്‍ദ്ദേശം, മാനവവിഭവ വികസന മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലാത്തതിനാല്‍ തീരുമാനം ഇതുവരെ നടപ്പിലായിട്ടില്ല.

ഇംഗ്ലീഷും അറബിയും നിര്‍ബന്ധിതമായും പഠിക്കേണ്ടി വരുന്ന ഗള്‍ഫ് മേഖലയിലും ഹിന്ദി നിര്‍ബന്ധിതമാക്കുമോ എന്ന ആശങ്ക പടരുന്നത് ഈ സാഹചര്യത്തിലാണ്. മൂന്നാം ഭാഷയായി ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് തുടങ്ങിയവ പഠിക്കാനാണ് ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് താല്‍പര്യം. എന്നാല്‍ സിബിഎസ്ഇയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സിഇഒ അശോക് കുമാര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

സിബിഎസ്ഇയുടെ അറിയിപ്പ് വരുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തീരുമാനത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായിലെ ന്യു ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പണ്‍ ഡോ. മുഹമ്മദ് അസ്ലാം ഖാന്‍ പറഞ്ഞു. ഇവിടെ ഹിന്ദി നിര്‍ബന്ധിതമാക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുടെ ഭാരം കുറയ്ക്കുന്നതിനായി വ്യത്യസ്ത ഭാഷകള്‍ വ്യത്യസ്ത ക്ലാസുകളില്‍ ആരംഭിക്കുക എന്ന തന്ത്രമാണ് മിക്ക സ്‌കൂളുകളും സ്വീകരിക്കുന്നത്. ഉദാഹരണത്തിന് അറബി ഒന്നാം ക്ലാസ് മുതല്‍ തന്നെ തുടങ്ങുമ്പോള്‍, മലയാളവും ഉറുദുവും രണ്ട് മുതലും ഹിന്ദി മൂന്ന് മുതലും ആരംഭിക്കുന്നു. മറ്റ് ഭാഷകള്‍ എടുക്കാത്തവര്‍ക്ക് മറ്റൊരു ഇംഗ്ലീഷ് പേപ്പര്‍ കൂടി തിരഞ്ഞെടുക്കാനും അനുവദിക്കാറുണ്ട്.

രക്ഷിതാക്കളും ആശയക്കുഴപ്പത്തിലാണ്. ഫ്രഞ്ച് തന്നെ തുടരണോ ഹിന്ദിയിലേക്ക് മാറണോ എന്ന ആശയക്കുഴപ്പത്തിലാണ് തങ്ങളെന്ന് സിബിഎസ്ഇയില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ അച്ഛന്‍ സാബു മജീദ് പറഞ്ഞു. മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അത് ഒന്നാം ക്ലാസ് മുതല്‍ തുടങ്ങണമെന്നും ഇടയ്ക്ക് വച്ച് മറ്റൊരു ഭാഷ നിര്‍ബന്ധിതമായി പഠിക്കേണ്ടി വരുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും മിക്കവരും ചൂണ്ടിക്കാണിക്കുന്നു. എന്ത് മാറ്റം ഉണ്ടെങ്കിലും അത് അടുത്ത അക്കാദമിക വര്‍ഷം മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്നും അതിനാല്‍ രക്ഷിതാക്കള്‍ ഉത്കണ്ഠാകുലരാകേണ്ട കാര്യമില്ലെന്നും അശോക് കുമാര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍