സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുതലാണ് സൗദിയുടെ വിവിധ മേഖലകളില്‍ കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടത്. ശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മഴ. മക്ക, മദീന, അസീര്‍, ത്വാഇഫ് കിഴക്കന്‍ മേഖല തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നല്ല മഴയാണ് ലഭിച്ചത്.
ചിലയിടങ്ങളില്‍ ഇടിയും കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി. മക്ക, മദീന, ഹാഇല്‍, ഖസീം, തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളിലും അഞ്ച് ദിനം കൂടി മഴയുണ്ടാകും. റിയാദില്‍ ഇന്നലെ രാവിലെ മുതല്‍ പൊടിക്കാറ്റ് തുടങ്ങി. രാത്രിയോടെ ശക്തി പ്രാപിച്ച പൊടിക്കാറ്റിന് പിന്നാലെ മഴയെത്തി. മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും രണ്ട് ദിനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ ഗതി മാറാതിരുന്നാല്‍ പതിറ്റാണ്ടിനിടെയുള്ള കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തൊട്ടാകെ മലവെള്ളപ്പാച്ചിലില്‍ പെട്ട് നൂറിലേറെ പേരെ ഒരാഴ്ചക്കിടെ രക്ഷപ്പെടുത്തി.