സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി ഒഴിച്ചിടുന്ന നയം സൗദി സര്‍ക്കാര്‍ ആരംഭിച്ച് കുറച്ചുകാലമായി. നിതാഖാത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ നയം ഇപ്പോള്‍ ഷോപ്പിംഗ് മാളുകളിലും നടപ്പിലാക്കാന്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നു. വ്യാഴാഴ്ച മന്ത്രാലയത്തിന്റെ വക്താവ് ഖാലിദ് അബു അല്‍ ഖാലി ട്വിറ്ററിലൂടെയാണ് മന്ത്രാലയം പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ എത്ര ശതമാനം ഒഴിച്ചിടണം എന്ന് വ്യക്തമാക്കിയിട്ടില്ല.
ഒട്ടേറെ വിദേശികളെ, പ്രത്യേകിച്ചും ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള മലയാളികളെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ 15 ലക്ഷം പേരാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതെന്നാണ് കണക്ക്. ഇതില്‍ വെറും മൂന്ന് ലക്ഷം പേര്‍ മാത്രമാണ് സ്വദേശികള്‍ എന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. 2020 ഓടെ ഈ മേഖലയില്‍ ഒരു ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളികളായ സാധാരണ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ എടുക്കുന്ന മേഖലയാണിത്. അതുകൊണ്ട് തന്നെ സമീപകാലത്ത് മൊബൈല്‍ ഫോണ്‍ കടകളില്‍ നിതാഖാത് നടപ്പിലാക്കിയപ്പോള്‍ ഉള്ളതിനേക്കാള്‍ വലിയ പ്രതിസന്ധിയാവും ഉണ്ടാവുക എന്ന് വിലയിരുത്തപ്പെടുന്നു.
കൂടാതെ ഖസീം പ്രവിശ്യയിലെ മാളുകളില്‍ സെപ്തംബര്‍ 21 മുതല്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം നടപ്പിലാക്കാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും പുതിയ സര്‍വെ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.1 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് ലക്ഷത്തിലധികം സൗദികള്‍ രാജ്യത്ത് തൊഴിലില്ലാതെ കഴിയുന്നു എന്നാണ് കണക്ക്. ഇത് പരിഹരിക്കാന്‍ കടുത്ത നടപടികള്‍ക്കാണ് രാജ്യം ശ്രമിക്കുന്നത്. ആരോഗ്യം, ഇന്‍ഷുറന്‍സ്, റെന്റ് എ കാര്‍ നേരത്തെ തന്നെ സ്വദേശീവല്‍ക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാവിയില്‍ വിദഗ്ധ, അര്‍ദ്ധ വിദഗ്ധ തൊഴില്‍മേഖലകളില്‍ മാത്രം വിദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് വിഷന്‍ 2030 എന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ എണ്ണ ഇതര വരുമാനമാര്‍ഗ്ഗങ്ങള്‍ കൂടുതലായി കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി സ്വദേശി സ്ത്രീകളെ കൂടുതലായി തൊഴില്‍സേനയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
വരുമാനം വര്‍ദ്ധിപ്പികയും ചിലവ് കുറയ്ക്കുകയും ചെയ്യുന്ന പദ്ധതികള്‍ ആരംഭിക്കാനാണ് പുതിയ നീക്കം. പാരമ്പര്യേതര ഊര്‍ജ്ജ സ്‌ത്രോതസ്സുകള്‍, വിനോദ, സാംസ്‌കാരിക, പാരമ്പര്യ മേഖലകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനും പരിഷ്‌കരണ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.