UPDATES

വായന/സംസ്കാരം

ശിഖണ്ഡിനിയുടെ കഥയുമായി മസ്‌കറ്റില്‍ നിന്നൊരു മലയാളി നാടക സംഘം

പ്രവാസ ജീവിതത്തിലെ പ്രാരാബ്ധങ്ങളൊന്നും ഇവരുടെ കലാവാസനയ്ക്ക് പോറലേല്‍പ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ നാടകാവതരണം

                       

ശിഖണ്ഡിനിയുടെ കഥയുമായി ഒമാനിലെ മസ്‌കറ്റില്‍ നിന്നൊരു മലയാളി നാടക സംഘം. കഴിഞ്ഞ മാസം അവസാനം അവര്‍ കേരളത്തിൽ നാടകം അവതരിപ്പിച്ചു. മലയാളികളായ 32 പേരാണ് സംഘത്തിലുള്ളത്. ഒഴിവ് സമയങ്ങളിലെ റിഹേഴ്‌സലുകളിലൂടെ അവര്‍ ഒരു നാടകം അണിയിച്ചൊരുക്കുകയായിരുന്നു. ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ നേരിടുന്ന കടുത്ത അവഗണനയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന നാടകം ഗള്‍ഫില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

‘ശിഖണ്ഡിനി’യെന്നാണ് നാടകത്തിന്റെ പേര്. മസ്‌ക്കറ്റിലും സൗദിയിലുമായി നിരവധി വേദികള്‍ കീഴടക്കിയ നാടകം ജൂണ്‍ അവസാന വാരം തിരുവനന്തപുരത്തും അരങ്ങേറി. പ്രസിദ്ധമായ സൂര്യ നാടകക്കളരിയായ വഴുതയ്ക്കാട് ‘ഗണേശ’ത്തിലെ തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ ജൂണ്‍ 23ന് രാത്രിയാണ് നാടകം അവതരിപ്പിച്ചത്. പ്രേക്ഷകര്‍ വമ്പിച്ച കരഘോഷത്തോടെ നാടകത്തെ സ്വീകരിച്ചു. രംഗസജ്ജീകരണവും അവതരണ മികവും അഭിനയവും സംവിധാനവും സംഗീതവും പ്രകാശനിയന്ത്രണവുമെല്ലാം മുക്തകണ്ഠം പ്രശംസ നേടി. പ്രൊഫഷണല്‍ നാടക സംഘങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചവരും അമച്വര്‍ വേദികളില്‍ അരങ്ങ് കൈയ്യടക്കിയവരും ഈ 32 പേരുടെ സംഘത്തിലുണ്ടായിരുന്നു.

പ്രവാസ ജീവിതത്തിലെ പ്രാരാബ്ധങ്ങളൊന്നും ഇവരുടെ കലാവാസനയ്ക്ക് പോറലേല്‍പ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ നാടകാവതരണം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആദ്യമായി നാടകം അവതരിപ്പിക്കാനാണ് ഈ സംഘം തലസ്ഥാനത്തെത്തിയത്. പൂര്‍ണമായും ഗള്‍ഫ് മലയാളികള്‍ കേരളത്തില്‍ അവതരിപ്പിച്ച ആദ്യത്തെ നാടകമായി ‘ശിഖണ്ഡിനി’ ചരിത്രത്തിലിടം നേടി.

രണ്ടേ കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം രചിച്ചത് ബിജു പി.നീലേശ്വരമാണ്. സൗദിയിലാണ് ബിജു ജോലി ചെയ്യുന്നത്. ഭിന്നലിംഗക്കാര്‍ നേരിടുന്ന ചൂഷണത്തിന്റെ നേര്‍ചിത്രമാണ് രചയിതാവ് വരച്ചിട്ടത്. സംവിധായകന്‍ അയൂബ് മസ്‌കറ്റില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. അയൂബിനൊപ്പം മക്കളും നാടകത്തില്‍ അഭിനയിക്കുന്നു. ശിഖണ്ഡിനിയായെത്തുന്ന നായകന്‍ ബിജു വര്‍ഗീസ് ഭിന്നലിംഗക്കാരുടെ വികാര-വിചാരങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിച്ചു. ഗള്‍ഫില്‍ നിരവധി നാടകങ്ങളില്‍ നായകനായി ശോഭിച്ചിട്ടുള്ള ബിജുവിന്റെ വ്യത്യസ്തവേഷപ്പകര്‍ച്ചയാണ് ‘ശിഖണ്ഡിനി’യിലൂടെ അരങ്ങ് കീഴടക്കിയത്. മസ്‌കറ്റില്‍ ബിസിനസ് മേഖലയിലാണ് ബിജു വര്‍ഗീസ് പ്രവര്‍ത്തിക്കുന്നത്. കെ.പി.എ.സി ഉള്‍പ്പെടെയുള്ള നാടകസംഘങ്ങളില്‍ ദീര്‍ഘകാലം പ്രധാന അഭിനേത്രിയായിരുന്ന ഭീമ സതീഷ്‌കുമാറാണ് ‘ശിഖണ്ഡിനി’യിലെ നായിക. മസ്‌കറ്റില്‍ കുടുംബത്തോടൊപ്പം താമസിച്ച് ബിസിനസ് രംഗത്ത് സജീവമാണിവര്‍. സഹസംവിധായകനായ രാജേഷ് ബാലകൃഷ്ണനും പ്രധാന വേഷത്തിലുണ്ട്. തിരുവനന്തപുരം ആറ്റിപ്ര സ്വദേശിയാണ്. പത്തു വര്‍ഷം മുമ്പ് കൊല്ലം കാളിദാസ കലാകേന്ദ്രം ഉള്‍പ്പെടെയുള്ള പ്രമുഖ പ്രൊഫഷണല്‍ നാടക സംഘങ്ങളില്‍ രാജേഷുണ്ടായിരുന്നു. ഇപ്പോള്‍ മസ്‌കറ്റിലെ ‘മസൂണ്‍ കമ്മ്യൂണിക്കേഷനി’ല്‍ പ്രോജക്ട് മാനേജരാണ്. രാജേഷിന്റെ ഇരുത്തം വന്ന അഭിനയം നാടകത്തിന്റെ പ്രത്യേകതയാണ്. വില്ലനായെത്തുന്ന സജേഷ് പട്ടാമ്പിയ്ക്ക് സ്വകാര്യ കമ്പനിയിലാണ് ജോലി. മറ്റൊരു അഭിനേത്രി സജിത വിജയകുമാര്‍ മസ്‌കറ്റില്‍ നഴ്‌സാണ്. നടന്‍മാരായ ഡെന്‍സണ്‍, ബാബു തോമസ് എന്നിവരും മസ്‌കറ്റില്‍ ബിസിനസുകാരാണ്. ആര്‍ട്ടിസ്റ്റ് സുജാതനാണ് രംഗപടമൊരുക്കിയത്. സൂര്യയുടെ നാടകക്കളരിക്ക് വേണ്ടി പ്രത്യേകം രംഗപടം സജ്ജീകരിച്ചാണ് നാടകം നടത്തിയത്. സൂര്യകൃഷ്ണമൂര്‍ത്തി, ആര്‍ട്ടിസ്റ്റ് സുജാതന്‍, സിനിമാ നടന്‍ ഷോബി തിലകന്‍, ഭിന്നലൈംഗിക സമൂഹത്തില്‍ നിന്നുള്ള സൂര്യ തുടങ്ങിയ പ്രഗത്ഭരുടെ വലിയ നിര തന്നെ നാടകം കാണാനുണ്ടായിരുന്നു.

‘ശിഖണ്ഡി’ എന്ന പേര് നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ‘ശിഖണ്ഡിനി’ എന്ന പേര് അധികം ആര്‍ക്കും അറിയില്ല. ആരാണ് ശിഖണ്ഡിനി? ഭീഷ്മരാല്‍ അപമാനിതയായി തെരുവിലേക്ക് തള്ളിവിടപെട്ട പുരാണത്തിലെ അംബയുടെ പുനര്‍ജന്മമാണ് ശിഖണ്ഡിനി. ഭീഷ്മരെ വധിക്കാന്‍ ജന്മമെടുത്ത ശിഖണ്ഡിനി പിന്നെ ആയിരം പുരുഷന്മാരുടെ ശക്തിയോടെ ശിഖണ്ഡിയായി മാറുന്നു. ഇത് പുരാണകഥ.

ഒരു ഭിന്നലിംഗക്കാരന്റെ ജീവിതത്തിലൂടെയാണ് ശിഖണ്ഡിനി എന്ന നാടകം കടന്നുപോകുന്നത്. മുംബൈയിലെ ചുവന്നതെരുവിലും അധോലോക നേതാക്കളുടെ കരവലയത്തില്‍ നിന്നും രെക്ഷപെട്ടു തന്‍റെ സ്വന്തം നാട്ടില്‍, അച്ഛന്റെയും സ്വന്തക്കാരുടെയും ഒപ്പം ജീവിതം ആരംഭിക്കുമ്പോള്‍ മുതല്‍ അവനു സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൂടെയും, പണത്തിന് വേണ്ടി സ്വന്തം ഭാര്യയെ പോലും വില്‍ക്കാന്‍ തയ്യാറാകുന്ന അളിയനുമായുള്ള യുദ്ധത്തിലൂടെയും ആണു കഥ മുന്‍പോട്ടു പോകുന്നത്.

വളരെയധികം നിയമപ്രശ്നങ്ങള്‍ നേരിട്ടാണ് സൌദിയില്‍ ഈ നാടകം രംഗത്ത് എത്തിച്ചത്. തുടര്‍ന്നു നാടകത്തിന്‍റെ ഗള്‍ഫിലെ “കൂത്തമ്പലമായ” മസ്കറ്റില്‍ രൂപേഷ് ഓമനയുടെ നേതൃത്വത്തില്‍ AMMA(Association of Muscat Music & Arts) ഉം ക്ലാപ്പ്സ് ഈവേന്റ്സും ചേര്‍ന്ന് നിറഞ്ഞ സദസ്സില്‍ ഇടവേള ഇല്ലാതെ തുടര്‍ച്ചയായി രണ്ടര മണിക്കൂര്‍ ഈ നാടകം അവതരിപ്പിച്ചു. തിരശീല വീഴുന്നതിനു മുന്‍പ് സലാല ഉള്‍പ്പെടെ അഞ്ചു വേദികളില്‍ ഈ നാടകം ബുക്ക്‌ ചെയ്യപ്പെട്ടു എന്നത് തന്നെ ഈ നാടകത്തിന്‍ പ്രവാസി സമൂഹത്തില്‍ കിട്ടിയ സ്വീകാര്യത തുറന്നുകാട്ടുന്നു.

“ശിഖണ്ഡിനി”യിലെ കേന്ദ്ര കഥാപാത്രമായ രാധക്ക് ഭാവങ്ങള്‍ക്ക് ഉപരിയായി അംഗചലനത്തിലൂടെ ജീവന്‍ നല്‍കി ബിജു തന്‍റെ കടമ ഭംഗിയായി നിര്‍വഹിച്ചു. 2002 മുതല്‍ പ്രവാസി നാടകങ്ങളിലെ സ്ഥിരം സാനിദ്ധ്യമായിരുന്ന ബിജുവര്‍ഗീസ്‌ ഇതിനോടകം 12 ല്‍ പരം പ്രവാസികള്‍ അണിയിച്ചോരുക്കിയ നാടകങ്ങളില്‍ നായകവേക്ഷങ്ങള്‍ ചെയ്തു. കൂടാതെ അറിയപ്പെടുന്ന ഒരു ഗായകന്‍ എന്നതില്‍ ഉപരി, നിരവധി മ്യൂസിക്‌ ആല്‍ബത്തിലും, ഷോര്‍ട്ട് ഫിലിമുകളിലും തന്‍റെ അഭിനയപാടവം തെളിയിക്കുകയും CITY MAN TRACK എന്ന ഏഷ്യാനെറ്റ്‌ 1995 ല്‍ നടത്തിയ TV Reality showയില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സിനിമ സംവിധായകരായ ജയരാജ്‌, ജോഷി, അനില്‍ ദാസ്‌, മധു കൈതപ്രം തുടങ്ങിയവരുടെ സിനിമകളിലൂടെ വെള്ളിത്തിരയിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ കലാകാരന്‍.

അവസാനരംഗങ്ങളില്‍ ഗീത എന്നാ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്മെയത്തോടെ അവതരിപ്പിച്ചുകൊണ്ട് ഗീത എല്ലാവരുടെയും കൈയ്യടി നേടി. KPAC അടക്കം നിരവധി നാടക സമതികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീമ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയും പ്രസക്തിയുള്ള ഒരു വേഷം ചെയ്യന്നത്.

“പൂര്‍ണ്ണമായും പ്രവാസികള്‍ അവതരിപ്പിച്ച ആദ്യ നാടകമാണ് ഇത്. ഒരു പ്രൊഫഷണല്‍ നാടകത്തോടെ കിടപിടിക്കുന്ന രീതിയില്‍ അതു അവതരിപിക്കാന്‍ മസ്കറ്റ് പ്രവാസി കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ എടുത്തുകാട്ടി അവതരിപ്പിച്ച ഈ നാടകത്തിന് ഇനിയും ധാരാളം വേദികള്‍ കിട്ടെട്ടെ. കേരള സംഗീത നാടക അക്കാദമിയില്‍ ഈ നാടകം നിങ്ങള്‍ അവതരിപ്പിക്കണം. തീര്‍ച്ചയായും ഈ നാടകം ധാരാളം അവാര്‍ഡുകള്‍ നേടും”,സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍