July 12, 2025 |
Share on

ഖത്തർ : പൊതുപരീക്ഷകളില്‍ ക്രമക്കേടുകള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി

പരീക്ഷയില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസില്‍ പരാജയപ്പെട്ടതായി കണക്കാക്കും.

ഖത്തറില്‍ പൊതുപരീക്ഷകളില്‍ ക്രമക്കേടുകള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി. കഴിഞ്ഞ ദിവസം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിര്‍ദേശമുള്ളത്. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദിയുടേതാണ് ഉത്തരവ്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട രണ്ടു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ്.  ഉത്തരവ് പ്രകാരം നാല് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഉത്തരവ് ബാധിക്കുന്നത്.

പരീക്ഷയില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസില്‍ പരാജയപ്പെട്ടതായി കണക്കാക്കും. ‘കാന്‍സല്‍ഡ്’ എന്ന് സീല്‍ ചെയ്യുന്നതോടെ ഈ വിദ്യാര്‍ഥിക്ക് ആ വിദ്യാഭ്യാസ വര്‍ഷത്തെ പഠനം നഷ്ടപ്പെടുകയും ചെയ്യും. പരീക്ഷാഹാളില്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന വയറുള്ളതോ അല്ലാത്തതോ ആയ ഉപകരങ്ങള്‍ കൊണ്ടുവന്നാലും നടപടി വരും. ഇവ ഉപയോഗിച്ചോ ഇല്ലയോ എന്നത് നോക്കാതെയാണ് നടപടി സ്വീകരിക്കുക. പരീക്ഷയിലെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഉപകരിക്കുന്ന രീതിയിലുള്ള യാതൊരു ഉപകരണങ്ങളും പരീക്ഷാ ഹാളില്‍ കൈവശം വെക്കാന്‍ പാടില്ല. പൊതുപരീക്ഷാ സംവിധാനത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും തരത്തിലുള്ള ക്യാമ്പയിനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും പരാജയപ്പെട്ടതായി കണക്കാക്കും.

Leave a Reply

Your email address will not be published. Required fields are marked *

×