കമ്പനികള്‍ ഓസ്ട്രേലിയക്കാര്‍ക്കു പകരം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഈ തീരുമാനം
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആശങ്കയിലാക്കി വിദേശ പൗരന്മാര്‍ക്കുള്ള തൊഴില്‍ വീസ ഓസ്‌ട്രേലിയ നിര്‍ത്തലാക്കുന്നു. സ്വന്തം പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായാണു 457 വീസ പദ്ധതി ഓസ്‌ട്രേലിയ നിര്‍ത്തലാക്കുന്നത്. നിലവിവില്‍ രാജ്യത്ത് ജോലി ചെയ്യുന്നവരെ പുതിയ വിസ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി മാല്‍കം ടേണ്‍ ബുള്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യം വെച്ച് അത്യാവശ്യ സാഹചര്യത്തില്‍ മാത്രം വിദേശ തൊഴിലാളികളെ അനുവദിക്കാനും കടുത്ത നിയന്ത്രണങ്ങളോടെ പുതിയ വിസ നടപടികള്‍ നടപ്പാക്കാനുമാണ് ഓസിസ് ഗവണ്‍മെന്റിന്റെ തീരുമാനം.
പരിശീലനവും വൈദഗ്ധ്യവുമില്ലാത്ത വിദേശ തൊഴിലാളികളെ ഇനി രാജ്യത്ത് അനുവദിക്കില്ല. പുതിയ കര്‍ശന നിയന്ത്രണങ്ങളുള്ള താല്‍ക്കാലിക വിസ രണ്ടുവര്‍ഷത്തേക്കോ നാലുവര്‍ഷത്തേക്കോ ആയിരിക്കും അനുവദിക്കുക. ജോലി അപേക്ഷകന് രണ്ടുവര്‍ഷത്തെ ജോലിപരിചയവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കര്‍ശനമാക്കി. കുറ്റകൃത്യങ്ങളില്‍ ഉല്‍പ്പെട്ട വ്യക്തിയാണോ അപേക്ഷകനെന്നും പരിശോധനയുണ്ടാകും.
ഓസ്‌ട്രേലിയയില്‍ ജോലിക്കെത്തുന്ന മിക്ക തൊഴിലാളികളുടെയും വീസ ഏതെങ്കിലും കമ്പനിയുടെ കീഴില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചാല്‍ കിട്ടുന്ന നാലുവര്‍ഷത്തേക്കുള്ള തൊഴില്‍ വീസയാണ് (‘457 വീസ’). വീസ കമ്പനി പുതുക്കി നല്‍കിയാല്‍ തൊഴിലാളിക്ക് രാജ്യത്ത് തുടരുകയും ചെയ്യാം. ഈ വീസയുടെ വേറെയൊരു ഗുണം, നാലുവര്‍ഷത്തിനിടയില്‍ തൊഴിലുടമ പിരിച്ചുവിട്ടാലും 457 വീസ അനുസരിച്ച് രാജ്യത്ത് തുടരാന്‍ അയാള്‍ക്ക് സാധിക്കും. കൂടാതെ ഈ വിഭാഗത്തിലെ വീസയില്‍ ഒരേ തൊഴിലുടമയുടെ സ്ഥാപനത്തില്‍ രണ്ടുവര്‍ഷം ഒരേ സ്ഥാനത്ത് ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് സ്ഥിരതാമസത്തിനായുള്ള അപേക്ഷ നല്‍കാനും കഴിയും.
കഴിഞ്ഞ സെപ്റ്റംബര്‍ 30-വരെയുള്ള കണക്കനുസരിച്ച് 95,757 പേരാണ് പ്രൈമറി 457 വീസ അനുസരിച്ച് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നത്. തൊഴിലവസരങ്ങളുടെ പട്ടികയില്‍ പതിനായിരത്തോളം ജോലികളുണ്ട്. ഇതില്‍ നിന്നുള്ള അപേക്ഷ അനുസരിച്ചാണ് തൊഴിലുടമകള്‍ വിദേശ ജോലികാര്‍ക്ക് വീസ നല്‍കിയിരുന്നത്. പുതിയനിയമം നടപ്പാക്കുന്നതിന് മുമ്പ് തന്നെ ഈ പട്ടികയില്‍ നിന്ന് 216 തൊഴിലുകളെ ഒഴിവാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓസ്‌ട്രേലിയ്ക്ക് പോയിരുന്ന തൊഴിലുകളായ പാചകക്കാരന്‍, മാനേജര്‍ തുടങ്ങിയവയും പട്ടികയില്‍ ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇന്ത്യക്കാരുള്‍പ്പെടെയുള്ള 95,000ല്‍ പരം വിദേശ തൊഴിലാളികളെ പുതിയ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ തൊഴിലവസരങ്ങളില്‍ തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കാനും 457 വീസ പദ്ധതി തൊഴിലിനുള്ള പാസ്പോര്‍ട്ടായി മാറാതിരിക്കാനുമുള്ള നീക്കമാണ് അധികൃതരുടേത്. വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തുന്നതില്‍ ‘ഓസ്ട്രേലിയക്കാര്‍ ആദ്യം’ എന്ന നയം പിന്തുടരാനും രാജ്യത്തിന്റെ പൊതു താത്പര്യം പരിഗണിച്ചാണ് തീരുമാനമെന്നുമാണ് ടേണ്‍ ബുള്‍ പുതിയ നിയമത്തെകുറിച്ച് പറയുന്നത്.
രാജ്യത്തെ കമ്പനികള്‍ ഓസ്ട്രേലിയക്കാര്‍ക്കു പകരം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഈ തീരുമാനം. അമേരിക്കയിലേക്കുള്ള എച്ച്1ബി1 വിസയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ച സമാന നിലപാടു തന്നെയാണ് ഓസ്‌ട്രേലിയവന്‍ അധികൃതരും പിന്തുടരുന്നത്. കുടിയേറ്റരാജ്യമാണ് ഓസ്ട്രേലിയ എന്നത് ഓര്‍മിച്ചുതന്നെയാണ് 457 വീസ പദ്ധതി റദ്ദാക്കാന്‍ തീരുമാനമെടുത്തതെന്നും വിദേശികളെ പൂര്‍ണമായി വിലക്കുകയല്ല തങ്ങളുടെ ലക്ഷ്യം, ഓസ്‌ട്രേലിയക്കാരെ ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മാത്രം വിദേശികള്‍ക്ക് വീസ അനുവദിക്കുക എന്നതാണെന്നും പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ അറിയിച്ചു.