July 17, 2025 |
Share on

വിദേശത്ത് ജോലി നേടാന്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ‘പ്രവാസി കൗശല്‍ വികാസ് യോജന’

സര്‍ക്കാരിന്റെ കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തിന് പ്രവാസി ഇന്ത്യക്കാര്‍ വലിയ പിന്തുണയാണ് നല്‍കിയെന്നും മോദി

വിദേശത്ത് ജോലി നേടാന്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ‘പ്രവാസി കൗശല്‍ വികാസ് യോജന’ എന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബൗദ്ധിക നഷ്ടമല്ല മറിച്ച് ബൗദ്ധിക നേട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 14-ാമത് പ്രവാദി ഭാരതീയ ദിവസില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുള്ളവര്‍ എത്രയും പെട്ടെന്ന് അത് ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ (ഒസിഐ) കാര്‍ഡുകളാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു. ഇതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കും. ഇന്ത്യയുടെ വികസനത്തില്‍ 30 ദശലക്ഷം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രതിവര്‍ഷം ഏകദേശം 69 ദശലക്ഷം ഡോളറാണ് പ്രവാസികളുടെ സംഭാവനയായി ഇന്ത്യയിലേക്ക് ഒഴുകുന്നത്. വിദേശ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കും. അവരുടെ പാസ്‌പോര്‍ട്ടിന്റെ നിറമല്ല മറിച്ച് ഇന്ത്യയുമായി അവര്‍ക്കുള്ള ബന്ധത്തിനാവും മുന്‍ഗണന നല്‍കുക. വിദേശത്ത് ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരിലേക്കെത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കാനും പ്രധാനമന്ത്രി മറന്നില്ല.

സര്‍ക്കാരിന്റെ കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തിന് പ്രവാസി ഇന്ത്യക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന പോര്‍ച്ച്യുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×