UPDATES

പ്രവാസം

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നിയമനങ്ങള്‍ ഇടിയുന്നു: ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

മാര്‍ച്ചില്‍ അവസാനിച്ച ആദ്യത്തെ മൂന്ന് മാസത്തില്‍ തൊഴില്‍ സൂചികയില്‍ 2016ല്‍ ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇടിവുണ്ടായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

                       

യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പുതിയ തൊഴില്‍ നിയമനങ്ങള്‍ കുത്തനെ ഇടിയുന്നതായി സൂചന. പ്രവാസികള്‍ക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്ന കണക്കുകളല്ല പുതു വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ അവസാനിച്ച ആദ്യത്തെ മൂന്ന് മാസത്തില്‍ തൊഴില്‍ സൂചികയില്‍ 2016ല്‍ ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇടിവുണ്ടായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മോണ്‍സ്റ്റ് എംപ്ലോയ്‌മെന്റ് ഇന്‍ഡക്‌സ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. യുഎഇയില്‍ 47 ശതമാനവും കുവൈത്തില്‍ 28 ശതമാനവും സൗദി അറേബ്യയില്‍ 25 ശതമാനവും ബഹറിനില്‍ 22 ശതമാനവും പുതിയ നിയമനങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട്.

ഉപഭോഗ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ ഒഴികെയുള്ള ബാക്കി എല്ലാ വ്യവസായങ്ങളും പുതിയ തൊഴിലാളികളെ നിയമിക്കാന്‍ മടിക്കുകയാണ്. ബാങ്കിംഗ്, ധനകാര്യ, സേവന മേഖലകളെയാണ് മാന്ദ്യം ഏറ്റഴും കൂടുതല്‍ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തെക്കാള്‍ 42 ശതമാനം കുറവായിരുന്നു ഈ മേഖലയിലെ പുതിയ നിയമനങ്ങള്‍. ഐടി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 27 ശതനമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറുകിട വ്യാപാരമേഖലയില്‍ പുതിയ നിയമനങ്ങളില്‍ 26 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഉല്‍പ്പാദനം, നിര്‍മ്മാണം, ഓട്ടോമൊബൈല്‍, അനുബന്ധ ഉപകരണ ഉല്‍പാദന മേഖല എന്നീ മേഖലകളിലെല്ലാം പുതിയ നിയമനങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. രാസവസ്തു, പ്ലാസ്റ്റിക്, റബര്‍, പെയിന്റ്, വളം, കീടനാശിനി നിര്‍മ്മാണ മേഖലകളിലെ പുതിയ നിയമനങ്ങളില്‍ നാല് ശതമാനം മുതല്‍ ഒരു ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്.

എന്നാല്‍ അവശ്യവസ്തു നിര്‍മ്മാണ മേഖലയിലെ പുതിയ നിയമനങ്ങളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ മാത്രമാണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതും. പെട്ടെന്ന് വിറ്റ് പോകുന്ന അവശ്യവസ്തുക്കളുടെ നിര്‍മ്മാണ മേഖല മാത്രമാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. ഭക്ഷണം, പാക്കറ്റില്‍ വരുന്ന ഭക്ഷണം, ഗാര്‍ഹികോപകരണങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകള്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ മാത്രമാണ് പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നത്. ഈ മേഖലയില്‍ മൊത്തത്തില്‍ 33 ശതമാനത്തിന്റെ നിയമന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇവയുടെ വിതരണ ശൃംഗലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം നല്ല സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്.

എണ്ണ വിലയില്‍ ഉണ്ടായിട്ടുള്ള കുറവും ആഗോള കമ്പോളത്തിലെ അനിശ്ചിതാവസ്ഥയുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ അതായത് ജൂലൈയോടെ പുതിയ നിയമനങ്ങള്‍ പുനരാംഭിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും അതോടെ അവസാനിക്കുമെന്ന് അവര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍