വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തെ മന്ത്രിസഭ തള്ളിയിരുന്നു.
കുവൈറ്റില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്നും വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏഴ് എം.പിമാര്‍ കത്തുനല്‍കി. നേരത്തെ ജൂണിലേക്ക് മാറ്റിവെച്ച വിഷയം ഉടന്‍ പരിഗണിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് അംഗങ്ങളായ ഖാലിദ് അല്‍ സലാഹ്, ഉമര്‍ അല്‍ തബ്തഇ, ഫറാജ് അല്‍ അര്‍ബീദ്, ഹമൂദ് അല്‍ ഖുദൈര്‍, അഹ്മദ് അല്‍ ഫാദില്‍, സലാഹ് ഫുര്‍ഷിദ്, സഫ അല്‍ ഹാശിം എന്നിവരാണ് വിഷയം അടിയന്തരമായിത്തന്നെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുന്നത്.420 കോടി ദിനാറാണ് പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് നിന്ന് പുറത്തേക്ക് അയച്ചതെന്നും അതുകൊണ്ട് രാജ്യത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും എം.പിമാര്‍ പറഞ്ഞു.
നേരത്തെ പാര്‍ലമെന്റിന്റെ ധന-സാമ്പത്തികകാര്യ സമിതിയാണ് നികുതി നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇപ്പോള്‍ ഇത് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് ഈ സെഷനില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ജൂണിലേക്ക് മാറ്റുകയായിരുന്നു. ഇത്തരമൊരു നികുതി നിര്‍ദേശത്തോട് സര്‍ക്കാരിനും കേന്ദ്ര ബാങ്കിനും നിയമ മന്ത്രാലയത്തിനും താല്‍പര്യമില്ല. ഈ സഹാചര്യത്തില്‍ നികുതി നിര്‍ദേശം നടപ്പാവില്ലെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഉടന്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ഒരുവിഭാഗം എംപിമാര്‍ രംഗത്തെത്തിയത്.
വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് നേരത്തെ പാര്‍ലമെന്റില്‍ വാദമുയര്‍ന്നിരുന്നു. വിദേശികളില്‍ നിന്ന് റെമിറ്റന്‍സ് ടാക്‌സ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്നാണ് സാമ്പത്തികകാര്യ സമിതിയുടെ നിഗമനം. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.