സൗദി ആരോഗ്യമന്ത്രാലയത്തിന്റെ റിക്രൂട്ടിങ് ഏജന്റായി നോര്‍ക റൂട്ട്‌സിന് അംഗീകാരം ലഭിച്ചിട്ടുണ്ട്
സൗദി ആരോഗ്യമന്ത്രാലയവുമായി റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിടാന്‍ നോര്‍ക റൂട്ട്‌സ് പ്രതിനിധി സംഘം ഇന്ന് റിയാദിലെത്തും. നോര്‍ക റൂട്ട്‌സ് പ്രതിനിധികളും സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധികളും തമ്മിലുള്ള കൂടികാഴ്ച നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ റിക്രൂട്ടിങ് ഏജന്റായി നോര്‍ക റൂട്ട്‌സിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
സൗദി ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഡോക്ടര്‍, നഴ്‌സ്, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള അനുമതി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നോര്‍ക റൂട്ട്‌സിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച കരാര്‍ നാളത്തെ കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കും. നോര്‍ക റൂട്ട്‌സിന്റെ സി.ഇ.ഒ കെ.എന്‍ രാഘവന്‍, ജനറല്‍ മാനേജര്‍ ഗോപകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയിരിക്കുന്നത്.
ഏപ്രില്‍ 15-ന് നോര്‍ക്ക, സൗദി ആരോഗ്യ മന്ത്രാലയവുമായി കരാര്‍ ഒപ്പുവെക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിലെ കാലതാമസമാണ് കരാര്‍ ഒപ്പിടാന്‍ വൈകിച്ചത്. കേരള പ്രവാസികാര്യ വകുപ്പിന് കീഴില്‍ പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരംഭിച്ച കമ്പനിയാണ് നോര്‍ക റൂട്ട്‌സ്.
വിദേശ റിക്രൂട്ട്‌മെന്റിനുള്ള ലൈസന്‍സ് 2016-ല്‍ ലഭിച്ചതോടെ പ്രവര്‍ത്തന മേഖല വിപുലപ്പെട്ടു. തുടര്‍ന്ന് വിദേശ രാജ്യങ്ങളിലെ വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകാരവും കേന്ദ്ര സര്‍ക്കാര്‍ നോര്‍ക്കയ്ക്ക് നല്‍കി.