UPDATES

പ്രവാസം

തൊഴിലന്വേഷകര്‍ വിസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; മുന്നറിയിപ്പുമായി അധികൃതര്‍

തൊഴിലന്വേഷക വിസാ നിയമങ്ങള്‍ ലംഘിക്കുന്നത് റെസിഡന്‍സ് വിസ നിയമലംഘനത്തിന് തുല്യമായാണ് കണക്കാക്കുന്നത്.

                       

യുഎഇയില്‍ തൊഴിലന്വേഷകര്‍ വിസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ആറ് മാസം കാലാവധിയുള്ള തൊഴിലന്വേഷക വിസയില്‍ രാജ്യത്ത് തുടരുന്നവര്‍ വിസ കാലാവധി കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

പൊതുമാപ്പ് പ്രാബല്യത്തിലിരുന്നപ്പോള്‍ അനുവദിച്ച ആറ് മാസത്തെ താല്‍കാലിക തൊഴിലന്വേഷക വിസയ്ക്ക് സ്‌പോണ്‍സറുടെ സഹായം ആവശ്യമില്ലെങ്കിലും വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ല. അനുവദിച്ച കാലാവധിക്കുള്ളില്‍ ജോലി നേടിയില്ലെങ്കില്‍ സ്‌പോണ്‍സറുടെ കീഴിലുള്ള തൊഴില്‍ വിസയിലേക്ക് മാറണം. ഇതിന് സാധിച്ചില്ലെങ്കില്‍ രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം വലിയ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാനും നാടുകടത്തപ്പെടാനും കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തൊഴിലന്വേഷക വിസാ നിയമങ്ങള്‍ ലംഘിക്കുന്നത് റെസിഡന്‍സ് വിസ നിയമലംഘനത്തിന് തുല്യമായാണ് കണക്കാക്കുന്നത്. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ ആദ്യ ദിവസം 100 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസവും 25 ദിര്‍ഹം വീതവും പിഴ ഈടാക്കും. ഇത്തരം വിസകളിലുള്ളവരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും വിസ മാറ്റാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം 50,000 ദിര്‍ഹം പിഴ ലഭിക്കും.

Share on

മറ്റുവാര്‍ത്തകള്‍