UPDATES

വായിച്ചോ‌

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയ്ക്ക് പോലീസിന്റെ മര്‍ദ്ദനം: ഇടിച്ച ശേഷം മുടിക്ക് പിടിച്ച് വലിച്ചിഴച്ചു

അവിടെ ധാരാളം വനിത പോലീസുകാര്‍ ഉണ്ടായിട്ടും അവരൊന്നും തന്നെയൊന്നും ചെയ്തില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി

                       

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയ്ക്ക് ഡല്‍ഹി പോലീസിന്റെ വക ക്രൂര മര്‍ദ്ദനം. ഇക്കഴിഞ്ഞ 22നാണ് സംഭവം. താന്‍ ഒരു ഡല്‍ഹി സര്‍വകലാശാ വിദ്യാര്‍ത്ഥിയാണെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത വിദ്യാര്‍ത്ഥി അറിയിച്ചതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ തനിക്ക് കുടുംബത്തിനും ഡല്‍ഹിയില്‍ നിന്ന് താമസം മാറ്റേണ്ടിവരുമെന്നും പെണ്‍കുട്ടി പറയുന്നു. കൂടാതെ തന്റെ കോളേജ് ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന് കീഴില്‍ വരുന്നതല്ല. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ച് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് വരെ തനിക്ക് പരിമിതമായ അറിവുകളെയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഡല്‍ഹി സര്‍വകലാശാലയുടെ തെരുവുകളില്‍ നടന്ന ഒരു മാര്‍ച്ചില്‍ പങ്കെടുത്തതോടെയാണ് സ്ഥിതിഗതിക്ക് മാറ്റമുണ്ടായത്.

പൊതു ഇടങ്ങളും രാത്രിയും സ്ത്രീകള്‍ക്ക് കൂടിയുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു മാര്‍ച്ച് ആയിരുന്നു അതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ എബിവിപി ഈ മാര്‍ച്ചില്‍ പ്രശ്‌നമുണ്ടാക്കുകയും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ഏതാനും പേരെ പിന്തുടരുകയും ചെയ്തു. അതോടെ തനിക്ക് എബിവിപിയുടെ ഡല്‍ഹി സര്‍വകലാശാലയിലെ അക്രമ രാഷ്ട്രീയം മനസിലായതായി പെണ്‍കുട്ടി പറയുന്നു. അതോടെ അവരുടെ രാഷ്ട്രീയത്തെ പെണ്‍കുട്ടി തുടര്‍ച്ചയായി വിമര്‍ശിക്കാനും ആരംഭിച്ചു.

ഫെബ്രുവരി 22ന് പെണ്‍കുട്ടിയും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും എബിവിപി രാഷ്ട്രീയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. അപ്പോള്‍ അവിടെയെത്തിയ വനിതാ പോലീസുകാരി ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. അഞ്ച് മിനിറ്റിനുള്ളില്‍ ഡല്‍ഹി സര്‍വകലാശാല പരിസരം വിട്ടുപോകാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടികള്‍ അതിന് തയ്യാറായില്ല. അതേസമയം പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

രണ്ട് പോലീസുകാര്‍ ചേര്‍ന്ന് തന്റെ കയ്യില്‍ പിടിച്ച് വലിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതായി പെണ്‍കുട്ടി പറയുന്നു. ബസിലേക്ക് വലിച്ചിഴച്ച തന്റെ തലയിലും ശരീരത്തില്‍ എല്ലായിടത്തും അടിച്ചു. ബസിന്റെ പിന്നില്‍ കൊണ്ടുപോയി ആറ് പോലീസുകാര്‍ കൂട്ടംചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. മുടിപിടിച്ച് വലിക്കുകയും ചെയ്തതായും പെണ്‍കുട്ടി അറിയിച്ചു.

ബസിനകത്ത് കയറാന്‍ പോലീസുകാര്‍ തന്നോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് അനുവദിക്കുന്നുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി അറിയിച്ചു. ബസിന്റെ വാതിലിന് വശത്തേക്ക് തള്ളി അവിടെ വച്ചും മര്‍ദ്ദനം തുടര്‍ന്നു. തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു പോലീസുകാരുടെ ലക്ഷ്യമെന്നും പെണ്‍കുട്ടി പറയുന്നു. കാരണം അല്ലെങ്കില്‍ അവര്‍ തന്നെ ബസിനകത്ത് കയറാന്‍ എങ്കിലും അനുവദിക്കുമായിരുന്നു.

തന്റെ ചെറിയ മുടി കണ്ട് താന്‍ ആണാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് മാത്രമേ പോലീസുകാര്‍ക്ക് ന്യായീകരണം പറയാന്‍ സാധിക്കു. അവിടെ ധാരാളം വനിത പോലീസുകാര്‍ ഉണ്ടായിട്ടും അവരൊന്നും തന്നെയൊന്നും ചെയ്തില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ബസില്‍ കയറ്റി ഒരുമണിക്കൂറോളം ഡല്‍ഹി മുഴുവന്‍ കറക്കിയ ശേഷം തങ്ങളെ ഹൗസ് ഖൗസ് മെട്രോ സ്‌റ്റേഷന് സമീപം ഇറക്കി വിടുകയായിരുന്നു. അപ്പോഴേക്കും മൊബൈല്‍ ഫോണ്‍ ഒഴികെ തന്റെ എല്ലാ സാധനങ്ങളും നഷ്ടമായിരുന്നു.

കൂടുതല്‍ വായിക്കാന്‍

https://goo.gl/Yb7IEN

Related news


Share on

മറ്റുവാര്‍ത്തകള്‍