UPDATES

ഓഫ് ബീറ്റ്

രാജന്‍ സംഭവവും, കെ കരുണാകരനും, തെരഞ്ഞെടുപ്പ് വിഷയവും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-129

                       

1969-ല്‍ സപ്തകക്ഷി മുന്നണിയില്‍ നിന്ന് വിഭജിച്ച് അഞ്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഐക്യമുന്നണിയുടെ സി എച്ച് അച്യുതമേനോന്‍ മന്ത്രിസഭ ഒരു ശ്രദ്ധേയ രാഷ്ട്രീയ നാഴികക്കല്ലാണ്. ഈ സര്‍ക്കാര്‍ രൂപം കൊടുത്തത് കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണ കൊണ്ടാണ്. 1970-ല്‍ സി എച്ച് അച്യുതമേനോന്‍ മന്ത്രിസഭ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തി വിജയിക്കുകയും വീണ്ടും അധികാരത്തില്‍ വരികയും ചെയ്തു. കോണ്‍ഗ്രസ് ആദ്യം പുറത്തുനിന്ന് പിന്തുണയ്ക്കുകയും, ഏറെ വൈകാതെ തന്നെ അച്യുതമേനോന്‍ മന്ത്രിസഭയിലേക്ക് കോണ്‍ഗ്രസ് ചേരുകയുമാണ് ഉണ്ടായത്. ഈ അവസരത്തിലാണ് കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി മന്ത്രിസഭയില്‍ വരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഈ മന്ത്രിസഭയുടെ കാലത്തായിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വച്ച് രാജന്‍ മരണപ്പെട്ടത് വലിയ രാഷ്ട്രീയ സംഭവമാണല്ലോ.

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും

പില്‍ക്കാലങ്ങളില്‍ വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും രാജന്റെ കൊലപാതകം ഒരു വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജന്റെ വിഷയം എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ വിഷയം ആക്കുകയും അത് അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന് ഏറെ തലവേദന ഉണ്ടാക്കുകയും ചെയ്തിരുന്നു എന്നുള്ളത് വാസ്തവമാണ്. രാജന്റെ പിതാവ് പ്രൊഫസര്‍ ഈച്ചരവാരിയര്‍ നടത്തിയ സമരങ്ങള്‍ കേരള രാഷ്ട്രീയത്തിലെ പ്രശസ്തമായ ഒന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ തെരഞ്ഞെടുപ്പിലും കരുണാകരനെ ആക്രമിക്കുന്നതിന് വേണ്ടി രാജന്‍ സംഭവം എപ്പോഴും ചര്‍ച്ചയാക്കാറുണ്ട്. രാജന്‍ വധിക്കപ്പെട്ട സംഭവത്തിന് കാരണക്കാരായ ഒരുത്തന്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രൊഫസര്‍ ഈച്ചരവാര്യര്‍ ഒരിക്കല്‍ പറഞ്ഞത് കരുണാകരനെ വല്ലാതെ വിറളി പിടിപ്പിച്ചു.

ഗുരുവായൂര്‍ ഭക്തനായ കരുണാകരന്‍ രാജന്റെ മരണം താന്‍ അറിഞ്ഞില്ലെന്ന് ആണയിട്ട് പലപ്പോഴും പറയുന്നതും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രത്യേക ഏടാണ്. ഈയൊരു സാഹചര്യത്തിലാണ് ബോബനും മോളിയും എന്ന കാര്‍ട്ടൂണുകള്‍ വരച്ച് പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരച്ചത്. കുഞ്ചുക്കുറുപ്പ് എന്ന തന്റെ സ്വന്തം രാഷ്ട്രീയ ആക്ഷേപ ഹാസ്യ കാര്‍ട്ടൂണ്‍ മാസികയിലാണ് അദ്ദേഹം ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. നീതിന്യായം എന്ന വലിയ വാര്‍പ്പില്‍ തിളയ്ക്കുന്ന എണ്ണയില്‍ വിജയിക്കുകയും രാജന്‍ കേസിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പ്രൊഫസര്‍ ഈച്ചരവാര്യര്‍ മുക്കുന്നതാണ് റ്റോംസ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ ഇ കെ നായനാര്‍ തിളയ്ക്കുന്ന എണ്ണയ്ക്ക് കൂടുതല്‍ ചൂട് പകരുന്നതിനു വേണ്ടി അടുപ്പില്‍ ഊതുന്നുണ്ട്. ഗുരുവായൂര്‍ ഭക്തനായ കെ കരുണാകരന്‍ ഗുരുവായൂരപ്പാ എന്ന് വിളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാര്‍ട്ടൂണിന്റെ ഭാഗമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: കുഞ്ചുക്കുറുപ്പ്

 

Share on

മറ്റുവാര്‍ത്തകള്‍