കേരളത്തിലെ രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളിലും വിഭാഗീയത ഉണ്ടായിരുന്നു എന്ന് കാണാം. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശക്തമായ വിഭാഗീയ പ്രവര്‍ത്തനം നടന്നിരുന്നു. കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ഉണ്ടായി. സിപിഎം, സിപിഐ ഉണ്ടായതും വിഭാഗീയതയുടെ ഭാഗമായി തന്നെ എന്ന് വിലയിരുത്താം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗീയതയുടെ ഭാഗമായി ആന്റണി ഗ്രൂപ്പും, ഇന്ദിര ഗ്രൂപ്പും ഉണ്ടായി. എ, ഐ ഗ്രൂപ്പുകള്‍ എന്ന് പരസ്യമായി ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. അത് പരസ്യമായി മാധ്യമങ്ങള്‍ വഴി സമൂഹമറിഞ്ഞതുമാണ്. സിപിഎമ്മിലും വിഭാഗീയത പരസ്യമായി. വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും എന്ന് സമൂഹം അറിഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഈ വിഭാഗീയത അതാത് പാര്‍ട്ടികളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നുള്ളതും സത്യമാണ്. ചില നേതാക്കള്‍ വിഭാഗീയതയുടെ പേരില്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പഴയതിനേക്കാള്‍ ശക്തമായി ഇപ്പോഴുമുണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ പരസ്യമായി ആരംഭിച്ച വിഭാഗീയത പിന്നീട് മറ്റു പാര്‍ട്ടികളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. ഇന്ന് ചെറിയ പാര്‍ട്ടികളില്‍ പോലും വിഭാഗീയത കാണുന്നു എന്നുള്ളത് മറച്ചുവയ്ക്കുവാന്‍ സാധിക്കില്ല. കാരണം ചെറിയ പാര്‍ട്ടികളിലെ വിഭാഗീയത പോലും ഇപ്പോള്‍ പരസ്യമായി മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്.
കോണ്‍ഗ്രസിലെ വിഭാഗീയത ഒരുകാലത്ത് വളരെ ശക്തവും, അതിനു നേതൃത്വം കൊടുത്തവര്‍ ശക്തരുമായിരുന്നു എന്നത് കാരണം പല കാര്‍ട്ടൂണിലും വിഷയമായിട്ടുണ്ട്. ദേശാഭിമാനിയില്‍ എം എം മോനായി വരച്ച ഒരു കാര്‍ട്ടൂണ്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍ത്തു പോകുന്നത് സ്വാഭാവികം. ചലച്ചിത്രങ്ങള്‍ ഹിറ്റാകുന്നതിന്റെ ഭാഗമായി പോസ്റ്ററുകള്‍ ഇറങ്ങാറുണ്ട്. ഇതിന് സമാനമായി കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ആഭ്യന്തര കലഹം മോനായി തന്റെ കാര്‍ട്ടൂണില്‍ വിഷയമാക്കിയിരിക്കുകയാണ്. കെ കരുണാകരനും, എ കെ ആന്റണിയുമാണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. കെപിസിസിയില്‍ ആഭ്യന്തര കലഹം എന്നാണ് ചിത്രത്തിന്റെ പേര്. ഗംഭീര സ്റ്റണ്ട് സെക്‌സ് ആക്ഷന്‍ ക്രൈം ഹൊറര്‍ ചിത്രം എന്നും പരസ്യവാചകം കാണാം. കെപിസിസി തിയേറ്ററില്‍ നിന്ന് ഇടിയും, നിലവിളിയും ഉയരുന്നുണ്ട്. ഒരു ദുരന്ത കഥയുടെ ദയനീയമായ ആവിഷ്‌ക്കാരം എന്ന സൂചനയും പോസ്റ്ററില്‍ കാണാം. കളരിപ്പയറ്റിനെ അനുസ്മരിക്കുന്ന രീതിയിലാണ് രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കാര്‍ട്ടൂണില്‍.
കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി