UPDATES

ഓഫ് ബീറ്റ്

ഭരണഘടനാ നിര്‍മ്മിതി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം- 87

                       

ഇന്ത്യയുടെ ഭരണഘടന നിര്‍മ്മിക്കുന്നതിന് ഒരു കമ്മറ്റി രൂപം കൊണ്ടിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. അതിന്‍റെ അദ്ധ്യക്ഷന്‍ ഡോക്ടര്‍ ബി. ആര്‍ അംബേദ്ക്കറാണെന്നും അറിയാം. 1946ലെ കാബിനെറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണ സഭയെയായിരുന്നു (കോണ്‍സ്റ്റിറ്റുവന്‍റ് അസ്സംബ്ലി) ഇന്ത്യന്‍ ഭരണഘടന രൂപവത്കരിച്ചത്. പതിമൂന്നു കമ്മിറ്റികള്‍ ചേര്‍ന്നതായിരുന്നു ഭരണഘടനാ നിര്‍മ്മാണ സഭ. 1946 ഡിസംബര്‍ 9-ന് മുതല്‍1949 നവംബര്‍ 26 വരെ ഭരണഘടനാ നിര്‍മ്മാണ സഭ പ്രവര്‍ത്തിച്ചു. 29 ഓഗസ്റ്റ് 1947-ന് അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ.ബി.ആര്‍.അംബേദ്കറിന്‍റെ നേതൃത്വത്തില്‍ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ കൃത്യം രണ്ടു വര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്നു.

1949 നവംബര്‍ 26-ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന്‍റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നവംബര്‍ 26-ാം തീയതി ഇന്ത്യയില്‍ നിയമ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഒപ്പുവെക്കുന്നത് 1950 ജനുവരി 24-നാണ്. ഭരണഘടന പ്രാബല്യത്തില്‍ വരുന്നത് 1950 ജനുവരി 26-നായിരുന്നു. ഇതിന്‍റെ ഓര്‍മ്മക്ക് എല്ലാ വര്‍ഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്ന വാക്കുകളോടെയാണ്.

1950 ജനുവരി 24-ന് ഇന്ത്യന്‍ ഭരണഘടനയുടെ അവസാന ഡ്രാഫ്റ്റില്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഒപ്പുവെക്കുന്ന അവസരത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഒന്നാം പേജില്‍ എന്‍വര്‍ അഹമ്മദ് വരച്ച കാര്‍ട്ടൂണുണ്ട്. ഒരു പ്രസവ വാര്‍ഡാണ് രംഗം. ഇന്ത്യ ഭരണഘടനയെ പ്രസവിച്ചിരിക്കുന്നു. ബി. ആര്‍. അംബേദ്കര്‍ പുതുതായി ജന്‍മം കൊണ്ട ഭരണഘടനയെ എടുത്തിരിക്കുന്നു. രാജേന്ദ്ര പ്രസാദ്, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവര്‍ കട്ടിലിന് സമീപമായി കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

Share on

മറ്റുവാര്‍ത്തകള്‍