UPDATES

ഓഫ് ബീറ്റ്

പ്രണബിന്റെ പൈപ്പ് വലിയും കാര്‍ട്ടൂണും

രാഷ്ട്രീയ ഇടവഴി: പരമ്പര-ഭാഗം- 56

                       

ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി ഒരു കാലത്ത് തുടര്‍ച്ചയായി പുകവലിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടില്‍ ഏത് സമയവും പൈപ്പും, അതില്‍ നിന്ന് പുകയും ഉണ്ടാകും. ബംഗാളിലെ പ്രശസ്തനായ ഒറ്റപ്പാലത്തുകാരനും മലയാളിയുമായ കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്റെ കാര്‍ട്ടൂണുകളില്‍ പ്രണബിന്റെ പൈപ്പ് പര്‍വ്വതീകരിച്ച് കാണിക്കുന്നത് പതിവാക്കി. ധനകാര്യമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും അദ്ദേഹത്തെ കഥാപാത്രമാക്കിയിരുന്നു. അവരൊക്കെ തന്നെ കുട്ടിയുടെ വരയെ അനുകരിച്ച് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പൈപ്പ് വരച്ചു. കാര്‍ട്ടൂണ്‍ അക്കാദമി കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ ഒന്നാം അനുസ്മരണ ചടങ്ങില്‍ അന്ന് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞത് തന്റെ പുകവലി ശീലം മാറ്റുന്നതില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ കാര്‍ട്ടൂണുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ്.

സൂര്യനെല്ലി കാര്‍ട്ടൂണ്‍

1982 ല്‍ ഇന്ദിരാ ഗാന്ധി മന്ത്രി സഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. 1982-1983 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനുള്ള പ്രണബിന്റെ ശ്രമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നുമെടുത്തിരുന്ന വായ്പ്പാ തുക ഇന്ത്യ തിരിച്ചടച്ചതും ഇദ്ദേഹം ധനകാര്യവകുപ്പ് കയ്യാളിയിരുന്ന കാലത്താണ്. ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ ഭാരതീയ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി നിയമിക്കുന്നത് പ്രണബ് ധനകാര്യ മന്ത്രിയായിരിക്കുന്ന കാലത്താണ്.

ഐ.എം.എഫ് ലോക ബാങ്ക് നേട്ടങ്ങള്‍ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ പ്രവര്‍ത്തന മികവായി ചിത്രീകരിക്കപ്പെട്ടത് ഇതിന് നേത്യത്വം കൊടുത്ത പ്രണബിനെ വല്ലാതെ ചൊടിപ്പിച്ചു. അക്കാലത്തെ പല വാര്‍ത്തകളിലും ഇത് മറനീക്കി പുറത്ത് വന്നിരുന്നു. ഈ ഒരു രാഷ്ട്രീയ സാഹചര്യം വിഷയമാക്കി കാര്‍ട്ടൂണിസ്റ്റ് കുട്ടി പ്രണബ് മുഖര്‍ജ്ജിയും അദ്ദേഹത്തിന്റെ പ്രശസ്ത പൈപ്പും കഥാപാത്രമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. വിത്ത് പാകിയത് താനും, ഫലങ്ങള്‍ എടുക്കുന്നത് മറ്റൊരാളും എന്ന കമന്റോടു കൂടിയ കാര്‍ട്ടൂണ്‍ വിവര്‍ത്തനമായി മലയാളത്തിലും വന്നിട്ടുണ്ട്. അന്നത്തെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഒന്നായിരുന്നു കുട്ടിയുടെ കാര്‍ട്ടൂണ്‍.

Share on

മറ്റുവാര്‍ത്തകള്‍