June 20, 2025 |

സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-68

സര്‍ക്കസ് എന്ന കലാരൂപം വളരെ പ്രശസ്തവും ജനകീയവും ആയിരുന്നു. ഓരോ പട്ടണങ്ങളിലൂടെയും സര്‍ക്കസ് ടെന്റുകള്‍ മാറിമാറി വരുമ്പോള്‍ അവിടെ ജനങ്ങള്‍ സര്‍ക്കസ് കാണുവാന്‍ തിരക്കുകൂട്ടിയിരുന്നു. സാങ്കേതികവിദ്യ അധികമില്ലാത്ത കാലമായിരുന്നതിനാല്‍ സര്‍ക്കസിലെ താരങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ പദവിയുണ്ടായിരുന്നു. സിനിമയും ടെലിവിഷനും വന്നതോടുകൂടിയാണ് സര്‍ക്കസിന്റെ ആധിപത്യം ചെറുതായി കുറഞ്ഞത്. ഇന്നിപ്പോള്‍ സര്‍ക്കസ് അത്ര പ്രാധാന്യമുള്ള ഒരു കലാരൂപമായി ജനം കാണുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സര്‍ക്കസ് എന്ന കലാരൂപം നാള്‍ക്കുനാള്‍ രാജ്യത്ത് അപ്രസക്തമായികൊണ്ടിരിക്കുന്നു.

യുദ്ധവും കാര്‍ട്ടൂണും (2023 ഡിസംബര്‍ 25ന് അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറിന് പ്രണാമം)

പണ്ടൊക്കെ സര്‍ക്കസ് കൂടാരത്തില്‍ വന്യമൃഗങ്ങള്‍ വളരെ അനുസരണയോടു കൂടി നില്‍ക്കുന്നത് കാണാം. ഞാനടക്കമുള്ള തലമുറയിലുള്ളവര്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നാണ് വന്യമൃഗങ്ങളെ ആദ്യമായി കാണുന്നത്. ഒരുകാലത്ത് മൃഗങ്ങളെ കാണുവാന്‍ വേണ്ടി മൃഗശാലയില്‍ പോകുന്നതിനു പകരം സര്‍ക്കസ് കൂടാരങ്ങളെയാണ് ജനങ്ങള്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. പുലിയും കടുവയും സിംഹവും ഹിപ്പപൊട്ടാമസുമെല്ലാം അനുസരണയോടെ റിംഗ് മാസ്റ്ററിന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു കൗതുക കാഴ്ച തന്നെയായിരുന്നു. ഇന്ന് സര്‍ക്കസുകളില്‍ നിന്ന് മൃഗങ്ങളെല്ലാം പൂര്‍ണമായും മാറ്റപ്പെട്ടിരിക്കുന്നു.

ഗവര്‍ണര്‍ എന്ന പദം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാലമാണല്ലോ ഇപ്പോള്‍. 1952 മാര്‍ച്ച് 23ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ചര്‍ച്ച ചെയ്യുന്നത് രസമായിരിക്കും. പ്രധാനമന്ത്രിയായ നെഹ്‌റു രാജ്യത്തെ ഗവര്‍ണര്‍മാരെയും രാജപ്രമുഖരെയും നിസാമുമാരേയും പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സ് നടത്തിയ അവസരത്തില്‍ ശങ്കര്‍ വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. ഗവര്‍ണര്‍മാരും രാജപ്രമുഖരും നിസാമുമെല്ലാം വന്യമൃഗങ്ങളോടു ഉപമിച്ചുള്ള കാര്‍ട്ടൂണാണ് ശങ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്. കാബിനറ്റിലെ സ്റ്റേറ്റ് മന്ത്രിയായ ഗോപാലസ്വാമി അയ്യങ്കാര്‍ ചാട്ടയും മറ്റുമായി കാര്‍ട്ടൂണില്‍ ഒരു മൂലയ്ക്ക് കാണാം. പഞ്ചാബിലെ പട്ടിയാല മഹാരാജാവും, മൈസൂര്‍ രാജാവ് ജയചാമ രാജേന്ദ്ര വാഡിയാര്‍, ഹൈദരാബാദ് നിസാം, നാവ്‌നഗറിലെ ജാന്‍ സാഹിബ്, ഭോപ്പാല്‍ നവാബ് തുടങ്ങിയവരാണ് മൃഗങ്ങളായി കാര്‍ട്ടൂണില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വന്യമ്യഗങ്ങള്‍ക്ക് തുല്യമായ വ്യത്യസ്ത വീക്ഷണങ്ങളുള്ള ഇവരെ അനുസരണയുള്ള സര്‍ക്കസിലെ വന്യമ്യഗങ്ങള്‍ക്ക് തുല്യരായി പരിപാടിയുടെ അവസാന ഇനമെന്നോണം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാണ് കാര്‍ട്ടൂണ്‍.

(ഡിസംബര്‍ 26 കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഓര്‍മ ദിവസമായിരുന്നു.)

 

Leave a Reply

Your email address will not be published. Required fields are marked *

×