UPDATES

വായന/സംസ്കാരം

‘ബികമിംഗ്’ – മിഷേല്‍ ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വരുന്നു

മിഷേലിന്റേയും ബറാക് ഒബാമയുടേയും ഓര്‍മ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ നേടിയത് 65 മില്യണ്‍ ഡോളറിനാണ് (465 കോടിയിലധികം ഇന്ത്യന്‍ രൂപ) എന്നാണ് പറയുന്നത്.

                       

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ഈ വര്‍ഷം നവംബര്‍ 13ന് പുറത്തിറക്കും. Becoming എന്ന പേരില്‍ ലോക വ്യാപകമായി പുറത്തിറങ്ങുന്ന പുസ്തകം ഇംഗ്ലീഷ് അടക്കം 24 ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടും. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകര്‍. മിഷേലിന്റേയും ബറാക് ഒബാമയുടേയും ഓര്‍മ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ നേടിയത് 65 മില്യണ്‍ ഡോളറിനാണ് (465 കോടിയിലധികം ഇന്ത്യന്‍ രൂപ) എന്നാണ് പറയുന്നത്. തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വളരെയധികം വ്യക്തിപരമായ അനുഭവങ്ങളാണ് പറയുന്നതെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാകും എന്നാണ് പ്രതീക്ഷയെന്നും മിഷേല്‍ ഒബാമ പറഞ്ഞു. ഷിക്കാഗോയിലെ കുട്ടിക്കാലം മുതല്‍ വൈറ്റ് ഹൗസിലെ ജീവിതം വരെയുള്ള കാലം മിഷേല്‍ വിവരിക്കുന്നുണ്ട്.

യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ പെന്‍ഗ്വിന്റെ തന്നെ വികിംഗ് പുസ്തകം എത്തിക്കും. പ്രിന്റായും ഡിജിറ്റല്‍ ഫോര്‍മാറ്റിലും പുസ്തകം പുറത്തിറക്കും. യുഎസിലും കാനഡയിലും ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണ് പുസ്തകം എത്തിക്കുക. മിഷേല്‍ ഒബാമ ഒരു അന്താരാഷ്ട്ര പുസ്തക പര്യടനവും നടത്തുന്നുണ്ട്. വൈറ്റ് ഹൗസ് വിട്ട ശേഷി മുന്‍ യുഎസ് ഫസ്റ്റ് ലേഡിമാര്‍ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് പതിവാണ്. 1963 മുതല്‍ 69 വരെ യുഎസ് പ്രസിഡന്റ് ആയിരുന്ന ലിന്‍ഡന്‍ ബി ജോണ്‍സന്റെ ഭാര്യ ലേഡി ബേര്‍ഡ് ജോണ്‍സണ്‍ ആണ് ഈ പതിവിന് തുടക്കം കുറിച്ചത്. തുടര്‍ന്നുവന്ന റിച്ചാര്‍ഡ് നിക്‌സന്റെ ഭാര്യ പാറ്റ് നിക്‌സണും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി. ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലരി ക്ലിന്റന്‍ Living History എന്ന പേരിലും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭാര്യ ലോറ ബുഷ് Spoken from the Hetar എന്ന പേരിലും വൈറ്റ് ഹൗസ് വിട്ട ശേഷം ഓര്‍മ്മക്കുറിപ്പുകളെഴുതി പ്രസിദ്ധീകരിച്ചിരുന്നു.

മിഷേല്‍ ഒബാമയുടെ ആദ്യ പുസ്തകമല്ല ഇത്. 2012ല്‍ American Grown എന്ന പേരിലുള്ള മിഷേലിന്റെ പുസ്തകം പുറത്തിറങ്ങിയിരുന്നു – വൈറ്റ് ഹൗസ് കിച്ചന്‍ ഗാര്‍ഡന്‍, പോഷകാഹാര ലഭ്യതയ്ക്ക് വേണ്ടി താന്‍ നടത്തിയ ഇടപെടല്‍ എന്നിവയെപ്പറ്റിയാണ് ഈ പുസ്തകത്തില്‍ മിഷേല്‍ ഒബാമ പറഞ്ഞത്.

Share on

മറ്റുവാര്‍ത്തകള്‍