ഭിന്നശേഷിക്കാരെ രണ്ടാംകിട പൌരന്മാരായി കണക്കാക്കുന്നതില്‍ എന്തെങ്കിലും വ്യത്യാസം ഈ ബില്ല് ഉണ്ടാക്കുമെന്ന് തോന്നുന്നില്ല
ഭിന്നശേഷി പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി ഭിന്നശേഷിക്കാര്‍ക്കായുള്ള ഒരു നിയമത്തിനായി പ്രചാരണം നടത്തുന്നു. ഒടുവില്‍ ഡിസംബര്‍ 14-നു ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്കായുള്ള ബില്‍ (Rights of Persons with Disabilities Bill) രാജ്യസഭ അംഗീകരിച്ചു. 2014 ഫെബ്രുവരിയിലായിരുന്നു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പഴയ നിയമം, Persons with Disabilities (Equal Opportunities, Protection of Rights and Full Participation) Act, 1995-നു പകരം വരുന്ന ഈ നിയമം ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള വലിയൊരു നീക്കമാണ്. ബില്ലിന്‍മേലുള്ള 119 ഭേദഗതികള്‍ക്കു ഡിസംബര്‍ 1-നു മന്ത്രിസഭ അംഗീകാരം നല്കി.
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 2.68 കോടി ഭിന്നശേഷിക്കാറുണ്ട് (ജനസംഖ്യയുടെ 2.21%). ഈ കണക്കുതന്നെ 1995-ലെ നിയമത്തില്‍ കേവലം 7 വിഭാഗങ്ങളെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നതിലെ പോരായ്മയാണ് കാണിക്കുന്നത്. ഭേദഗതിയിലൂടെ ബില്ലിന്റെ പരിധിയില്‍ 21 വിഭാഗങ്ങളെക്കൂടി കൊണ്ടുവന്നു. ഇത് രാജ്യത്തെ ഭിന്നശേഷിക്കാരുടെ എണ്ണക്കണക്ക് വിപുലമാക്കും എന്നുകരുതാം.
ചില അടിസ്ഥാന രീതികളില്‍ ആദ്യത്തെ ബില്‍ 1995 നിയമത്തെക്കാള്‍ പുരോഗമനപരമായിരുന്നു: 40% ഭിന്നശേഷി എന്ന മാനദണ്ഡത്തില്‍ ഒതുക്കാതെ എല്ലാ ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തല്‍; സാമൂഹ്യ സുരക്ഷയും ഉയര്‍ന്ന പിന്തുണയും നല്‍കല്‍; മാനസിക പ്രശ്നമുള്ളവര്‍ക്ക് രക്ഷാകര്‍തൃത്വത്തിന്റെ പ്രശ്നത്തെ കൈകാര്യം ചെയ്യല്‍; പട്ടികയില്‍ കൂടുതല്‍ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദം നല്‍കല്‍ എന്നിങ്ങനെ.
ഭേദഗതികള്‍ ആദ്യമായി ഭിന്നശേഷിയുമായി ബന്ധപ്പെട്ട വിവേചനത്തിന് ഒരു നിര്‍വ്വചനം നല്കി. 2016-ല്‍ ഇന്ത്യ അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ഉടമ്പടിയുടെ ചുവടുപിടിച്ചാണിത്. എന്നാല്‍ ആദ്യത്തെ ബില്ലോ, തുടര്‍ന്നുവന്ന ഭേദഗതികളോ വിവേചനത്തെ കുറിച്ചുള്ള തര്‍ക്കവിഷയമായ ചട്ടത്തെ മാറ്റുന്നില്ല. അതില്‍ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കുന്ന അവസരത്തെ നിര്‍വ്വചിക്കുന്നത്, വിവേചനം “ന്യായമായ ഒരു ലക്ഷ്യം നേടാനായി അനുപാതികമായ മാര്‍ഗമായി” ഉപയോഗിച്ചാല്‍ അനുവദിക്കാം എന്നാണ്. ഇത് വ്യാഖ്യാനങ്ങള്‍ സാധ്യമാക്കുന്ന രീതിയിലാണെന്ന് ഭിന്നശേഷി പ്രവര്‍ത്തകര്‍ പറയുന്നു.
ആദ്യ ബില്ലില്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 5% സംവരണം പറഞ്ഞിരുന്നുവെങ്കില്‍ ഭേദഗതിയില്‍ അത് 4% ആക്കി. (1995ലെ നിയമത്തിലെ 3%-ത്തില്‍ നിന്നും അത് മുന്നോട്ട് പോയെന്നത് ശരിയാണ്) സംവരണം ലഭിക്കാവുന്ന ഭിന്നശേഷി അവസ്ഥകളില്‍ പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഭേദഗതിയില്‍ ഈ പട്ടികയില്‍ നിന്നും ‘സംസാരശേഷി പ്രശ്നം ’ ഒഴിവാക്കിയിരിക്കുന്നു.
ഇതുകൂടാതെ, സര്‍ക്കാര്‍ കണക്കിലെടുക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിലല്ല, ഒരു പ്രത്യേക വിഭാഗത്തിലെ മൊത്തം ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം സംവരണം കണക്കാക്കേണ്ടതെന്നുള്ള 2013-ലെ സുപ്രീം കോടതി വിധിയും നിയമത്തില്‍ പരിഗണിച്ചിട്ടില്ല. ഇതേപ്പറ്റി പ്രതിപക്ഷത്തുനിന്നും ചോദ്യം ഉയര്‍ന്നപ്പോള്‍ സാമൂഹ്യ നീതി മന്ത്രി പറഞ്ഞത് ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇത് ‘മയപ്പെടുത്താം’ എന്നാണ്.
ഭേദഗതി അനുസരിച്ച് സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ തൊഴിലിലെ വിവേചനത്തെക്കുറിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അത് നിയമപരമായ ബാധ്യത പറയുന്നുള്ളൂ എന്നത് വിചിത്രമാണ്. ഭേദഗതികള്‍, 1995-ലെ നിയമത്തിലെപ്പോലെ ചീഫ് കമ്മീഷണര്‍, സംസ്ഥാന കമ്മീഷണര്‍ എന്നിവക്കുള്ള വകുപ്പ് തുടരുന്നു. കമ്മീഷണര്‍മാരോ ഉപദേശകസമിതിയിലെ അംഗങ്ങളോ ഭിന്നശേഷിക്കാരാകണമെന്ന വ്യവസ്ഥയില്ല.
ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്റെ കാര്യത്തില്‍ എന്നപോലെ ഭിന്നശേഷിയുടെ സാക്ഷ്യപത്രം അനുവദിക്കുന്നതിനുള്ള സമയപരിധിയും പറയുന്നില്ല (അത്തരമൊരു സാക്ഷ്യപത്രം രാജ്യത്തൊട്ടാകെ സാധുവാണെന്ന് പറയുന്നുണ്ട്). ഇത് ഭിന്നശേഷിക്കാര്‍ക്ക് വര്‍ഷങ്ങളായുള്ള അവരുടെ അവകാശങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥവൃന്ദം നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്നില്ല.
ഭേദഗതി ബില്ലില്‍ പൊതുകെട്ടിടങ്ങള്‍, പൊതു സൌകര്യങ്ങള്‍ എന്നിവയും സേവനങ്ങളും ഭിന്നശേഷിക്കാര്‍ക്ക് തടസങ്ങളില്ലാത്ത വിധം പ്രാപ്യമായിരിക്കണം എന്നു പറയുന്നു. എന്നാല്‍ ഈ ബില്‍ നല്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, വിവര സാങ്കേതിക വിദ്യയിലടക്കമുള്ള പ്രാപ്യതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍, ഭിന്നശേഷിയുടെ സാക്ഷ്യപത്രം എന്നിവയൊക്കെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്തില്‍ വിദൂര സ്വപ്നങ്ങളായി അവശേഷിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ഏറെക്കാലമായി ഈ ബില്‍ അംഗീകരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. രാജ്യസഭയില്‍ ഭേദഗതികളോടെ അംഗീകരിച്ചാലും ആദ്യ ബില്ലിലെ വിമര്‍ശന വിധേയമായ പല വകുപ്പുകളും അതേപടി നില്ക്കുന്നു എന്നത് പ്രശ്നമാണ്.
ഭിന്നശേഷിക്കാരോടുള്ള സാമൂഹ്യസാംസ്കാരിക മുന്‍വിധികളും ആവശ്യങ്ങളോടുള്ള നിരാസവും കണക്കിലെടുക്കുമ്പോള്‍ ഈ ബില്ലും 1995-ലെ നിയമം പോലെ അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഉറപ്പാക്കുന്നിടം വരെ മാത്രമേ പോകുന്നുള്ളൂ. അവരെ രണ്ടാംകിട പൌരന്മാരായി കണക്കാക്കുകയും സ്വന്തം അവകാശങ്ങളോടുകൂടിയ കഴിവുള്ള വ്യക്തികളായി പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ഇന്ത്യ അനീതിയും അസമത്വവും നിറഞ്ഞ ഒരു സമൂഹമായി തുടരും.