December 13, 2024 |

രോഹിത് വെമുല: പൂര്‍ത്തിയാകാത്ത ഒരു ഛായാചിത്രം

രോഹിത് വെമൂലയുടെ ജീവിതത്തിന്റെ ആദ്യകഥ തുടങ്ങുന്നത് 1971-ലെ വേനലില്‍ ഗുണ്ടൂര്‍ നഗരത്തില്‍ നിന്നാണ്; രോഹിത് ജനിക്കുന്നതിനും 18 കൊല്ലം മുമ്പ്.

(നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കപ്പെടുന്ന ജാതീയതയുടെ നിരവധി ഇരകളില്‍ ഒരാള്‍ മാത്രമല്ല രോഹിത് വെമൂല. തന്റെ മരണത്തെ തന്നെ ഒരു രാഷ്ട്രീയ പ്രഖ്യാപനമാക്കി മാറ്റി സവര്‍ണ്ണ അധികാര കേന്ദ്രങ്ങളെ പിടിച്ച് കുലുക്കിയ ധീരനായ പോരാളി കൂടിയാണ്. രോഹിതിന്റെ ജീവിതത്തിലൂടെ അയാള്‍ നേരിട്ട ജാതി വിവേചനത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ വിവരിക്കുകയാണ് സുദീപ്തോ മണ്ഡല്‍. 2016 ഒക്ടോബര്‍ 9നു അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനം രോഹിത് വെമൂലയുടെ ഒന്നാം ചരമ വാര്‍ഷിക വേളയില്‍ പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.) 

രോഹിത് വെമൂലയുടെ ജീവിതത്തിന്റെ ആദ്യകഥ തുടങ്ങുന്നത് 1971-ലെ വേനലില്‍ ഗുണ്ടൂര്‍ നഗരത്തില്‍ നിന്നാണ്. രോഹിത് ജനിക്കുന്നതിനും 18 കൊല്ലം മുമ്പ്. ആ വര്‍ഷമാണ് അഞ്ജനി ദേവി-രോഹിതിന്റെ അമ്മയെ ദത്തെടുത്ത അമ്മൂമ്മ- പിന്നീട് അയാളെ ‘എന്റെ ജനനത്തിന്റെ മാരകമായ അപകടം’ എന്നു ആത്മാപഹാസം നടത്താവുന്ന അവസ്ഥയിലേക്ക് എത്തിച്ച സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.

“ഉച്ചയൂണിന്റെ നേരമായിട്ടുണ്ടാകും. നല്ല വെയില്‍. പ്രശാന്ത് നഗറിലെ ഞങ്ങളുടെ വീടിന് മുന്നിലെ വേപ്പുമരത്തിന് ചുവടെ കുറച്ചു കൂട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അതിലൊരു സുന്ദരി പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. നടക്കാറാവുന്നതേയുള്ളൂ. കഷ്ടി ഒരു വയസ് കഴിഞ്ഞിട്ടേയുള്ളൂ,” അഞ്ജനി പറഞ്ഞു. ആ ചെറിയ പെണ്‍കുട്ടിയാണ് പിന്നെ രോഹിതിന്റെ അമ്മ, രാധിക.

രോഹിത് ദളിതനല്ല എന്ന പ്രചാരണങ്ങള്‍ക്ക് തെലുങ്കു മാധ്യമങ്ങളെ പഴിച്ചുകൊണ്ടു അഞ്ജനി വെടിപ്പുള്ള ഇംഗ്ലീഷില്‍ തുടര്‍ന്ന്. “ഞങ്ങളുടെ വീടിന് മുന്നിലുള്ള തീവണ്ടിപ്പാളത്തില്‍ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളി ദമ്പതികളുടെ മകളായിരുന്നു അത്. എന്റെ ചെറിയ മകള്‍ മരിച്ചിരുന്നു. ഇവളെക്കണ്ടപ്പോള്‍ എനിക്കെന്റെ കുഞ്ഞിനെ ഓര്‍മ്മ വന്നു.”

വിചിത്രമായ കാര്യം അടുത്തിരുന്ന രാധിക ഒരൊറ്റ ഇംഗ്ലീഷ് വാക്കുപോലും സംസാരിച്ചില്ല എന്നാണ്. വാസ്തവത്തില്‍ അഞ്ജനിയുടെ ഇംഗ്ലീഷ് രോഹിതിന്‍റേതിനെക്കാള്‍ മികച്ചതായി തോന്നി.

ആ കുഞ്ഞിനെ തരാമോ എന്നു ചോദിച്ചപ്പോള്‍ കുടിയേറ്റ ദമ്പതികള്‍ സന്തോഷത്തോടെ സമ്മതിച്ചു. അതിന്റെ രേഖകളൊന്നും ഇല്ല. വളരെ ലളിതമായി കുഞ്ഞ് രാധിക അന്നുമുതല്‍ ആ വീട്ടിലെ മകളായി എന്നു അഞ്ജനി ദേവി അവകാശപ്പെട്ടു.

“ജാതി? എന്താണ് ജാതി? ഞാന്‍ വദേര (ഒ ബി സി) ആണ്. രാധികയുടെ മാതാപിതാക്കള്‍ മാല (പട്ടികജാതി)യാണ്. ഞാനവളുടെ ജാതിയെക്കുറിച്ച് ഒരിയ്ക്കലും ആകുലപ്പെട്ടിട്ടില്ല. അവളെന്‍റെ സ്വന്തം മോളെപ്പോലെയാണ്. എന്റെ ജാതിയില്‍പ്പെട്ട ഒരാള്‍ക്കാണ് ഞാനവളെ വിവാഹം ചെയ്തുകൊടുത്തതും,” രാധികയുടെയും മണി കുമാറിന്റെയും മിശ്രജാതി വിവാഹം താനെങ്ങനെ സാധിച്ചു എന്നവര്‍ വിശദമാക്കി.

“മണിയുടെ മുത്തച്ഛനുമായി ഞാന്‍ സംസാരിച്ച്. അദ്ദേഹം വദേര സമുദായത്തിലെ ആദരിക്കപ്പെടുന്ന ഒരാളായിരുന്നു. രാധികയുടെ ജാതി രഹസ്യമാക്കി വെക്കാമെന്നും മണിയോട് പറയില്ലെന്നും ഞങ്ങള്‍ നിശ്ചയിച്ചു,” അവര്‍ പറഞ്ഞു.

അഞ്ജനി ദേവി

വിവാഹം കഴിഞ്ഞു ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നു കുട്ടികള്‍ ജനിച്ചു-നീലിമ, രോഹിത്, രാജ. മണി എപ്പോഴും വഴക്കടിക്കുമായിരുന്നു. ആദ്യം മുതലേ ഒരു ഉത്തരവാദിത്തവും കാണിക്കില്ലായിരുന്നു എന്നും രാധിക പറയുന്നു. “മദ്യപിച്ചാല്‍ എന്നെ തല്ലുക ഒരു സാധാരണ കാര്യമായിരുന്നു.”

വിവാഹത്തിന്റെ അഞ്ചാം വര്‍ഷം മണി രാധികയുടെ ജാതിരഹസ്യം മനസിലാക്കി.

“പ്രശാന്ത് നഗര്‍ വദേര കോളനിയിലെ ആരോ ഇക്കാര്യം-രാധിക ദത്തെടുക്കപ്പെട്ട മാല പെണ്‍കുട്ടിയാണെന്ന്- മണിയെ അറിയിച്ചു. അപ്പോഴാണ് അവന്‍ അവളെ തല്ലാന്‍ തുടങ്ങിയത്,’അഞ്ജനി പറഞ്ഞു. ഇത് ശരിവെച്ചു രാധിക പറയുന്നു,“മണി എല്ലാക്കാലത്തും ഉപദ്രവകാരിയായിരുന്നു. പക്ഷേ എന്റെ ജാതി കണ്ടെത്തിയതോടെ അയാള്‍ കൂടുതല്‍ അക്രമിയായി. എല്ലാ ദിവസവും എന്നെ തല്ലും. ഒരു തൊട്ടുകൂടാത്തവളെ കല്യാണം കഴിച്ച തന്റെ നിര്‍ഭാഗ്യത്തെ പഴിക്കും.”

തന്റെ മോളെയും പേരക്കുട്ടികളെയും മണി കുമാറില്‍ നിന്നും രക്ഷിച്ചു എന്നു അഞ്ജനി പറയുന്നു. “1990-ല്‍ അവര്‍ മണിയെ വിട്ടുപോന്നു. ഞാനവരെ എന്റെ വീട്ടിലേക്ക് സ്വീകരിച്ചു” എന്നീ അഞ്ജനി ദേവി അവകാശപ്പെട്ടു.

പക്ഷേ ഗുണ്ടൂരിലെ രോഹിതിന്റെ ജന്മസ്ഥലത്ത് പോയപ്പോള്‍, അയാളുടെ അടുത്ത സുഹൃത്തും ബിരുദക്ലാസിലെ സഹപാഠിയുമായിരുന്ന ഷെയ്ഖ് റിയാസിനെ സന്ദര്‍ശിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിഞ്ഞുവന്നത്. രാധികയും രാജയും പറഞ്ഞത് തങ്ങളെക്കാള്‍ കൂടുതല്‍ രോഹിതിനെ കുറിച്ചു റിയാസിന് അറിയാമെന്നാണ്. രാജയുടെ കല്യാണം നിശ്ചയിച്ചപ്പോള്‍ രോഹിതിന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകള്‍ ചെയ്തത് റിയാസാണ്.

റിയാസ് ആ കുടുംബാംഗം പോലെയാണ്. കുട്ടിക്കാലത്തെ ഏകാന്തതയെക്കുറിച്ച് രോഹിത് പറയുന്നതിന്റെ കാരണം തനിക്ക് കൃത്യമായി മനസിലാകുമെന്ന് അയാള്‍ പറഞ്ഞു. തന്റെ അവസാനകുറിപ്പില്‍ രോഹിത് എഴുതി,“ലോകത്തെ മനസിലാക്കുന്നതില്‍ ഒരുപക്ഷേ എനിക്കു തെറ്റിയിരിക്കാം. സ്നേഹം, വേദന, ജീവിതം, മരണം എന്നിവയെയെല്ലാം മനസിലാക്കുന്നതില്‍.”

“രാധികാ അമ്മായിയും അവരുടെ മക്കളും അവരുടെ അമ്മവീട്ടില്‍ വേലക്കാരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. മറ്റുള്ളവര്‍ വെറുതെയിരിക്കുമ്പോള്‍ എല്ലാ പണിയും ഇവര്‍ എടുക്കേണ്ടിയിരുന്നു. ഒരു ചെറിയ കുട്ടിയായിരുന്ന കാലം മുതലേ രാധിക അമ്മായി വീട്ടുജോലികള്‍ ചെയ്തുവന്നു,” റിയാസ് പറഞ്ഞു. 1970-കളില്‍ ബാലവേല നിരോധന നിയമം ഉണ്ടായിരുന്നെങ്കില്‍ അഞ്ജന ദേവി എന്ന വളര്‍ത്തമ്മ പ്രതിയായേനെ.

മണി കുമാറിനെ കല്ല്യാണം കഴിക്കുമ്പോള്‍ 1985-ല്‍ രാധികയ്ക്ക് 14 വയസാണ്. ബാലവിവാഹം കുറ്റകരമായിട്ടു അന്നേക്കു 50 വര്‍ഷമായിരുന്നു. താനൊരു ദത്തെടുക്കപ്പെട്ട കുട്ടിയായിരുന്നെന്നും മാല സമുദായത്തില്‍ പെട്ട ആളാണെന്നും രാധിക തിരിച്ചറിയുന്നത് 12-13 വയസുള്ളപ്പോഴാണ്. “അഞ്ജനിയുടെ അമ്മ രാധികയെ ക്രൂരമായി തല്ലുകയും ദേഷ്യപ്പെടുകയും ചെയ്തു. അവള്‍ എന്റെ വീടിനടുത്തിരുന്ന് കരയുകയായിരുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ വീട്ടുജോലി ചെയ്യാത്തതിന് അമ്മൂമ്മ അവളെ ‘മാല ***’ എന്നുവിളിച്ചെന്നും അവളെ വീട്ടില്‍ കൊണ്ടുവന്നതിന് അഞ്ജനിയെ ശപിച്ചെന്നും പറഞ്ഞു,” 67-കാരിയായ ഉപ്പളപറ്റി ദാനമ്മ പറഞ്ഞു.

അയല്‍പക്കത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീകളിലൊരാളാണ് ദാനമ്മ. ഒരു ദളിത് നേതാവും മുന്‍ മുനിസിപ്പല്‍ കൌണ്‍സിലറും ആയിരുന്നു അവര്‍. അവരുടെ പുതുക്കിയ വീടാണ് മാല കോളനിയും വഡേര കോളനിയും തമ്മിലുള്ള അതിര്‍ത്തി.

രാധിക ഒരു വേലക്കാരിക്കുട്ടി ആയിരുന്നു എന്നാണ് ആ കോളനിയിലെ പൊതുധാരണയുണ്ടായിരുന്നത്. മണി കുമാറിനെ പറ്റിച്ച അഞ്ജനി, ഒരു ദളിതയായ രാധികയെ അയാളെക്കൊണ്ട് കല്യാണം കഴിപ്പിച്ച് മുഴുവന്‍ വഡേര സമുദായത്തെയും ചതിച്ചെന്ന് ഒരു വഡേര കോളനി നിവാസി പറഞ്ഞു.

രാധിക വെമൂല

“രോഹിതിന് അവന്റെ അമ്മൂമ്മയുടെ വീട്ടില്‍ പോകാന്‍ ഇഷ്ടമല്ലായിരുന്നു. കാരണം എപ്പോള്‍ ചെന്നാലും അവന്റെ അമ്മയ്ക്ക് ഒരു വേലക്കാരിയെപ്പോലെ പണിയെടുക്കേണ്ടിവരുമായിരുന്നു,” റിയാസ് പറഞ്ഞു. രാധികയില്ലെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് വീട്ടുജോലികള്‍ ചെയ്യേണ്ടിവരും. ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് മാറിയപ്പോഴും ഈ വീട്ടുവേലയ്ക്ക് വിളിക്കല്‍ തുടര്‍ന്നു.

ബിരുദത്തിന് പഠിക്കുമ്പോള്‍ അപൂര്‍വ്വമായേ രോഹിത് വീട്ടിലേക്ക് പോയിരുന്നുള്ളൂ. അവനത് വെറുത്തിരുന്നു. റിയാസിനും മറ്റ് രണ്ടുപേര്‍ക്കുമൊപ്പം ഒരു കുഞ്ഞുമുറിയിലാണ് അവന്‍ കഴിഞ്ഞത്. ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയും ഭക്ഷണവിതരണ തൊഴിലാളിയുമായി പണിയെടുത്താണ് അവന്‍ ചെലവിന് പണം കണ്ടെത്തിയത്. പ്രദര്‍ശനങ്ങളിലൊക്കെ പരസ്യലഘുലേഖകള്‍ വിതരണം ചെയ്തും പണിയെടുത്തു.

അഞ്ജനിക്ക് സ്വന്തമായി നാല് കുട്ടികളാണ്. രണ്ടു കുട്ടികള്‍ ജനിച്ചത് രാധിക വീട്ടില്‍ വന്നതിനു ശേഷമാണ്. ഒരു മകന്‍ എഞ്ചിനീയറും ഒരാള്‍ സിവില്‍ കരാറുകാരനുമാണ്. ഒരു മകള്‍ BSc-Bed കഴിഞ്ഞു, മറ്റൊരു മകള്‍ BCom-Bed ആണ്.

സിവില്‍ കരാറുകാരന്‍ നഗരത്തിലെ വസ്തു വില്‍പ്പന നിര്‍മ്മാണ രംഗത്തെ വമ്പനാണ്. തെലുഗുദേശം രാജ്യസഭ എം പി എന്‍ ഹരികൃഷ്ണയുമായി അയാള്‍ക്ക് നല്ല അടുപ്പമാണ്.

ഒരു മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് പേരുകേട്ട ഒരു അഭിഭാഷകനെയാണ്. അഞ്ജനി ദേവിക്ക് മക്കളേക്കാള്‍ വിദ്യാഭ്യാസമുണ്ട്. അവര്‍ MA,Med വിജയിച്ച് ഗുണ്ടൂര്‍ നഗരത്തിലെ ഒരു മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഹെഡ്മിസ്ട്രസ്സായിരുന്നു. അവരുടെ ഭര്‍ത്താവ് സര്‍ക്കാരില്‍ ചീഫ് എഞ്ചിനീയറായിരുന്നു. പ്രകാശ് നഗറിലെ ഏറ്റവും പഴയതും വലിയതുമായ വീടും അവരുടേതാണ്.

സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പഠിപ്പിച്ചിരുന്ന ഒരാളെന്ന നിലയ്ക്ക് വിവാഹപ്രായം എത്രയാണെന്ന് 14 വയസുള്ള രാധികയെ വിവാഹം ചെയ്തയക്കുമ്പോള്‍ അഞ്ജനിക്കറിയേണ്ടതാണ്. അവര്‍ ഒരു അധ്യാപികയായിട്ടും സ്വന്തം ‘മകള്‍’ എന്നു വിശേഷിപ്പിച്ച കുട്ടിക്ക് വിദ്യാഭ്യാസമൊന്നും നല്‍കിയില്ല. എന്നാല്‍ സ്വന്തം മക്കള്‍ക്ക് അവരൊന്നും മറന്നില്ല.

അഞ്ജനി ദേവി സുഗമമായി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെയും അവരുടെ ‘മകളും’‘പേരക്കുട്ടികളും’ അങ്ങനെ ചെയ്യാത്തത്തിന്റെയും കാരണം ഇപ്പോള്‍ വ്യക്തമാണ്. ഒരു ദളിത് വീട്ടുവേലക്കാരി പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കാന്‍ അഞ്ജനി ദേവി മഹാമനസ്കത കാട്ടി. തന്നെ ‘അമ്മേ’ എന്നു വിളിക്കാനും അവര്‍ അനുവദിച്ചു. അത്രയും ദയയുള്ള ഒരു തൊഴിലുടമയായിരിക്കും അവര്‍, പക്ഷേ നല്ലരൊമ്മയല്ല.

MSc യും PhDയും ചെയ്യാന്‍ HCU-വില്‍ എത്തിയപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് രോഹിത് രഹസ്യമാക്കി വെച്ചു. അവന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും മുഴുവന്‍ കുടുംബ ചരിത്രവും അറിയില്ലായിരുന്നു. ASA-യിലെ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ റാംജിക്ക് രോഹിത് പല ജോലികളും ജീവിക്കാനായി ചെയ്തെന്നറിയാം. പക്ഷേ അവന്റെ ‘അമ്മൂമ്മ’ ഇത്ര സമ്പന്നയാണെന്നറിയില്ല. സര്‍വകലാശാലയിലെ പല അടുത്ത സുഹൃത്തുക്കള്‍ക്കും അയാളുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളെക്കുറിച്ച് ധാരണയില്ലായിരുന്നു. രോഹിത് തന്റെ മരണക്കുറിപ്പില്‍ പോലും അതൊന്നും വെളിപ്പെടുത്തിയുമില്ല.

രണ്ടാം തവണ അഞ്ജനിയുമായി സംസാരിക്കുന്നതിന് മുമ്പ് ഇത് പ്രസിദ്ധീകരിക്കാന്‍ രാജ വെമൂലയില്‍ നിന്നും അനുവാദം വാങ്ങിയിരുന്നു. ഗുണ്ടൂരില്‍ ഞങ്ങള്‍ സംസാരിച്ച ആളുകളുടെ പേരുകള്‍ പറഞ്ഞപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞുപോയി. “അതേ, ഇതാണ് സത്യം. ഞാനും എട്ടനും മറച്ചുവെക്കാന്‍ ശ്രമിച്ചത്. ഞങ്ങള്‍ ‘grandma’ എന്നുവിളിച്ചിരുന്ന സ്ത്രീ വാസ്തവത്തില്‍ ഞങ്ങളുടെ തൊഴിലുടമയായിരുന്നു എന്നു പറയാന്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നി.”

രോഹിത് എന്തിലൂടെയൊക്കെ ആയിരിക്കും കടന്നുപോയിരിക്കുക എന്നതിന്റെ ചിത്രം നല്കാന്‍ രാജ അയാളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ പറഞ്ഞു. അയാള്‍ക്ക് ആന്ധ്ര സര്‍വ്വകലാശാലയുടെ MSc പ്രവേശന പരീക്ഷയില്‍ 11-ആം റാങ്ക് കിട്ടി. അതിനു ചേര്‍ന്നു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലും പ്രവേശനം കിട്ടി. അതാണ് നല്ലത്, അതിനു ചേരാന്‍ അയാള്‍ ആഗ്രഹിച്ചു.

“മാറ്റ സാക്ഷ്യപത്രത്തിന് ആന്ധ്ര സര്‍വകലാശാലയില്‍ 6000 രൂപ നല്‍കണമായിരുന്നു. എന്റെ കയ്യില്‍ പണമില്ല. അമ്മൂമ്മയുടെ വീട്ടില്‍ നിന്നും നല്‍കിയില്ല. എന്റെ ആന്ധ്ര സര്‍വകലാശാല സുഹൃത്തുക്കളോട് ചോദിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ചിലരൊക്കെ 5-ഉം 10-ഉം തന്നു. 2011-ലാണ്. അന്നാദ്യമായി ജീവിതത്തില്‍ വിലകെട്ടൊരു പിച്ചക്കാരനാണ് ഞാനെന്നു എനിക്കു തോന്നി.”

പോണ്ടിച്ചേരിയില്‍ ആദ്യം എത്തിയപ്പോള്‍ 20 ദിവസത്തോളം രാജ ഉറങ്ങിയത് അഗതികളായ AIDS രോഗികള്‍ക്കുള്ള ഒരു ആശ്രമത്തിലായിരുന്നു. “പിന്നെ, കാമ്പസിന് പുറത്തു വീടെടുത്ത് താമസിച്ചിരുന്ന ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥി ഒരു വീട്ടുസഹായിയായി എന്നെ കൊണ്ടുപോയി. ഞാന്‍ വീട്ടുവേലകള്‍ ചെയ്യും, അതിനയാള്‍ എന്നെ അവിടെ ഉറങ്ങാന്‍ അനുവദിച്ചു.”

അഞ്ചുദിവസം ഭക്ഷണമില്ലാതെ പോണ്ടിച്ചേരിയില്‍ കഴിഞ്ഞതിനെക്കുറിച്ചും രാജ പറഞ്ഞു. “എന്റെ സഹപാഠികളെല്ലാം നല്ല നിലയില്‍ ഉള്ളവരായിരുന്നു. അവരെല്ലാം പുറത്തുനിന്നും പിസയും ബര്‍ഗറുമൊക്കെ കൊണ്ടുവരും. ഒരാള്‍ പോലും ഞാന്‍ എന്താണ് ക്ഷീണിതനായിരിക്കുന്നതെന്ന് ചോദിച്ചില്ല. ഞാന്‍ പട്ടിണി കിടക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം.”

ഈ ദുരിതങ്ങളെല്ലാമുണ്ടായിട്ടും MSc ആദ്യവര്‍ഷം 65%-വും രണ്ടാം വര്‍ഷം 70%-വും മാര്‍ക്ക് വാങ്ങി. പക്ഷേ എന്തുകൊണ്ടാണ് അമ്മൂമ്മ അയാളെ സഹായിക്കാഞ്ഞത്? “അത് നിങ്ങള്‍ അവരോടു ചോദിക്കണം,” രാജ പറഞ്ഞു.

പിന്നീട് അഞ്ജനിയെ കാണുമ്പോള്‍ അവര്‍ HCU വളപ്പില്‍ ഒരു പ്രൊഫസറുടെ വീട്ടില്‍ രാധികയോടും രാജയോടുമൊപ്പം താമസിക്കുകയായിരുന്നു. രാജ ആ സംഭാഷണത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിച്ചില്ല. അയാള്‍ പുറത്തുനിന്നു.

രാജ വെമൂല

എങ്ങനെയാണ് ‘മകളേക്കാള്‍’ നന്നായി ഇംഗ്ലീഷ് പറയുന്നതെന്ന ചോദ്യത്തിന് രാധിക അത്ര ബുദ്ധിമതിയായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെ സ്വന്തം മക്കളെല്ലാം പഠിച്ചപ്പോള്‍ രാധികയെ 14 വയസില്‍ കല്യാണം കഴിപ്പിച്ചതതെന്തേ എന്നു ചോദിച്ചപ്പോള്‍ “ധനികനായ ഒരാളെകിട്ടിയപ്പോള്‍ വിവാഹം നടത്തി” എന്നായിരുന്നു മറുപടി. മണി കുമാറിന് ചീത്തപ്പേരുള്ളത് അറിയില്ലായിരുന്നു എന്നവര്‍ അവകാശപ്പെട്ടു. രാധിക കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും അവര്‍ പറഞ്ഞു.

രോഹിതും രാജയും പഠിക്കാന്‍ മിടുക്കാരായിരുന്നിട്ടും അമ്മൂമ്മയുടെ കുടുംബം അവരെ സാമ്പത്തികമായി സഹായിച്ചില്ലെന്ന് റിയാസ് പറഞ്ഞു. “മക്കള്‍ക്കൊപ്പമാണ് രാധിക അമ്മായി പഠനത്തിലേക്ക് തിരിച്ചുവന്നത്. അവരെ പഠിപ്പിക്കാനായി കുട്ടികളുടെ പാഠങ്ങള്‍ അവര്‍ മുന്നേ പഠിക്കും.” മക്കള്‍ക്കൊപ്പം രാധികയും ബിരുദ പഠനം പൂര്‍ത്തിയാക്കി.

എന്തുകൊണ്ടാണ് പഠിക്കാന്‍ മിടുക്കാരായ ‘പേരക്കുട്ടികളെ’ അവരും കുടുംബവും സഹായിക്കാഞ്ഞതെന്ന് ഈ കാര്യങ്ങള്‍ വെച്ചു അഞ്ജനിയോട് ചോദിച്ചപ്പോള്‍ അവരെന്നെ ഏറെനേരം തുറിച്ചുനോക്കി, പിന്നെ പറഞ്ഞു,“എനിക്കറിയില്ല.”

രോഹിത് വെമുലയുടെ കുടുംബത്തെ വേലക്കാരായിട്ടാണൊ അവരുടെ വീട്ടില്‍ കണ്ടത്?“എനിക്കറിയില്ല,” അഞ്ജനി ഒരിക്കല്‍ക്കൂടി പറഞ്ഞു. “ആരാണ് നിങ്ങളോട് ഇതെല്ലാം പറഞ്ഞത്? എന്നെ കുഴപ്പത്തില്‍ ചാടിക്കാനാണ് നിങ്ങളുടെ ഉദ്ദേശം, അല്ലേ?”

ഗുണ്ടൂരില്‍ നിന്നും ഞങ്ങള്‍ കേട്ട ഒരു കാര്യവും അഞ്ജനി നിഷേധിച്ചില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവര്‍ കണ്ണുകള്‍ താഴ്ത്തിയിരുന്നു, എനിക്കു പോകാനുള്ള സൂചന നല്കി.

റിയാസ് ഞങ്ങളെ രോഹിതും റിയാസും കളിച്ചുനടന്ന ഗുണ്ടൂറിലെ സ്ഥലങ്ങളിലൊക്കെ കൊണ്ടുപോയി. രോഹിതായിരുന്നു മുമ്പന്‍ എന്നു റിയാസ് പറയുന്നു. ‘ഒരിക്കല്‍ അദ്ധ്യാപകന് ഉത്തരം മുട്ടുന്ന കുറേയേറെ ചോദ്യങ്ങള്‍ ചോദിച്ചതിന് അവനെ ക്ലാസില്‍ നിന്നും പുറത്താക്കി. രോഹിതിന്റെ മിടുക്കറിയാവുന്ന പ്രിന്‍സിപ്പല്‍ ഇടപെട്ടാണ് അവനെ തിരിച്ച് ക്ലാസില്‍ കയറ്റിയത്.”

ഇന്റര്‍നെറ്റില്‍ നല്ല ഗ്രാഹ്യമായിരുന്നു രോഹിതിന്. പഠനഭാഗങ്ങള്‍ പഴയതായെന്ന് അവന്‍ അദ്ധ്യാപകര്‍ക്ക് മുന്‍പില്‍ തെളിയിക്കും. ക്ലാസില്‍ ഒരുപടി മുമ്പിലായിരുന്നു രോഹിത്.

ഗുണ്ടൂര്‍ കോളേജില്‍ ജാതി ഘടകങ്ങള്‍ കുറവായിരുന്നു എന്നും മിക്ക അദ്ധ്യാപകരും മതേതര ചിന്താഗതിക്കാരായിരുന്നു എന്നും അയാള്‍ പറഞ്ഞു.

“ചെറിയ ചില സംഗതികള്‍ മാറ്റിവെച്ചാല്‍, രോഹിതിന്റെ ജീവിതം രണ്ടു കാര്യങ്ങള്‍ മാത്രമായിരുന്നു; താത്ക്കാലിക ജോലികള്‍ കണ്ടെത്തുക, ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുക. ജൂലിയന്‍ അസാഞ്ജെയുടെ ആരാധകനായിരുന്നു. വിക്കിലീക്സില്‍ മണിക്കൂറുകള്‍ ചെലവഴിക്കും.”

അയാള്‍ക്ക് PhD സാക്ഷ്യപത്രം വെറും ജോലിക്കു വേണ്ടി മാത്രമായിരുന്നില്ല. സാമൂഹ്യ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഒരു സംയുക്തമായിരുന്നു രോഹിതിന്റെ ഗവേഷണം. ASA,SFI തുടങ്ങിയ സംഘടനകളില്‍ നിന്നായിരുന്നു അയാളുടെ സാമൂഹ്യ ശാസ്ത്ര ധാരണകള്‍ വികസിച്ചതെന്ന് റിയാസ് പറഞ്ഞു.

മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് രോഹിത് റിയാസിനെ വിളിച്ചിരുന്നു. “PhD വിടേണ്ടിവരുമോ എന്ന ആശങ്ക അവന്‍ പ്രകടിപ്പിച്ചു. ABVP ശക്തമാണെന്നും എം പിമാരുടെയും എം എല്‍ എ മാരുടെയും പിന്തുണ അവര്‍ക്കുണ്ടെന്നും അവന്‍ പറഞ്ഞു. വിജയത്തെക്കുറിച്ചുള്ള പ്രതീക്ഷ അവന്‍ കൈവിട്ടിരുന്നു.”

അന്ന് രണ്ടു സുഹൃത്തുക്കളും കുറെ നേരം സംസാരിച്ച്. ക്രമേണ ഗുണ്ടൂരില്‍ മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ആലോചിച്ച ഒരു കച്ചവട പദ്ധതിയെക്കുറിച്ച് പറഞ്ഞ് രോഹിത് സാധാരണ നിലയിലേക്ക് തിരികെയെത്തി. “നമ്മള്‍ ഒരു കച്ചവടം തുടങ്ങി ഗുണ്ടൂര്‍ ഭരിക്കും,” രോഹിത് അന്ന് പറഞ്ഞു.

ജോലി കിട്ടാന്‍ മാത്രമല്ല, തന്റെ ഗവേഷണം കൊണ്ട് ഒരു പുതിയ പാത തുറക്കാനും PhD വളരെ പ്രധാനമാണെന്ന് രോഹിത് അന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു എന്നു റിയാസ് ഓര്‍മ്മിക്കുന്നു.

ഒരു ജീവിതം മുഴുവന്‍ നേരിടേണ്ടിവന്ന അസമത്വം നിറഞ്ഞ പെരുമാറ്റങ്ങള്‍ സ്വന്തം ജീവനെടുക്കുന്നതിലേക്ക് രോഹിതിനെ നയിച്ച സര്‍വകലാശാലയിലെ സാഹചര്യങ്ങളെ രൂക്ഷമാക്കിയോ?

“തന്റെ കുടുംബകഥ രോഹിതിനെ എക്കാലത്തും വേട്ടയാടിയിരുന്നു,” റിയാസ് പറഞ്ഞു. “വളര്‍ന്ന വീട്ടില്‍ അവന്‍ ജാതി വിവേചനം നേരിട്ടു. പക്ഷേ കീഴടങ്ങുന്നതിന് പകരം രോഹിത് പോരാടി. തന്റെ അവസാന കടമ്പ PhD എത്തുന്നതിന് മുമ്പ് പല പ്രതിബന്ധങ്ങളും അവന്‍ മറികടന്നു. ഇനി മുന്നോട്ടുപോക്കില്ല എന്നു തിരിച്ചറിഞ്ഞപ്പോഴാണ് അവന്‍ കൈവിട്ടത്.”

എല്ലാ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ രോഹിതിന്റെ തന്നെ വാക്കുകളില്‍ ഈ തിരിച്ചറിവിലാണ് അയാള്‍ ജീവനൊടുക്കിയത്;

“ഒരു മനുഷ്യന്റെ മൂല്യം അവന്റെ ഏറ്റവും അടുത്ത അസ്തിത്വത്തിലേക്കും തൊട്ടടുത്ത സാധ്യതയിലേക്കും ചുരുക്കപ്പെടുന്നു. ഒരു വോട്ട്. ഒരക്കം. ഒരു വസ്തു. ഒരിയ്ക്കലും ഒരു മനുഷ്യനെ ഒരു മനസായി ഗണിക്കുന്നില്ല. നക്ഷത്ര ധൂളികള്‍ കൊണ്ടുണ്ടാക്കിയ ഒരു ഉജ്വല വസ്തുവായി. എല്ലായിടത്തും, പഠനത്തില്‍, തെരുവുകളില്‍, രാഷ്ട്രീയത്തില്‍, മരണത്തിലും ജീവിതത്തിലും…” (രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പില്‍ നിന്നും)

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

×