UPDATES

പ്രവാസം

സൗദി അറേബ്യയില്‍ നികുതി വരുന്നു: പ്രവാസികള്‍ക്ക് നിരാശ

ഐഎംഎഫുമായും ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലുമായും) ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. എണ്ണവില ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് എത്തുന്നത്.

                       

സൗദി അറേബ്യയിലും നികുതി വരുന്നു. ചില ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് സൗദി മന്ത്രിസഭയുടെ തീരുമാനം. ഐഎംഎഫുമായും ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലുമായും) ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. എണ്ണവില ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് എത്തുന്നത്. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. എന്ന് മുതലാണ്‌ ഇത് പ്രാബല്യത്തില്‍ വരുന്നത് എന്നത് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല. അതേസമയം പ്രവാസികളെ സംബന്ധിച്ച് തീരുമാനം നിരാശാജനകമായിരിക്കും. പ്രവാസികളുടെ വരുമാനത്തേയും നാട്ടിലേക്ക് അയക്കുന്ന പണത്തെയും ഇത് കാര്യമായി ബാധിക്കും.

ലോകത്ത് എണ്ണ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും അറബ് മേഖലയില്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായതുമായ രാജ്യമാണ് സൗദി അറേബ്യ. 2014 മുതല്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തുടര്‍ച്ചയായ ഇടിവ് സൗദിക്കുണ്ടാക്കിയ വരുമാന നഷ്ടം വളരെ വലുതായിരുന്നു. എണ്ണയില്‍ നിന്നുള്ള വരുമാനത്തിന്റെ പുറത്താണ് സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഈ വരുമാന നഷ്ടം നികത്താനുള്ള ആലോചനകളാണ് നികുതി ഏര്‍പ്പെടുത്താന്‍ സൗദി ഭരണകൂടത്തെ നിര്‍ബന്ധിതമാക്കുന്നത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് ഇതുവരെ ലഭ്യമായിരുന്ന സബ്‌സിഡികളോട് കൂടിയ നികുതി രഹിത ജീവിതം ഏതായാലും അവസാനിക്കുകയാണ്.

എണ്ണ വിലയിടിവ് സൗദിയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. പല വന്‍കിട കെട്ടിട പദ്ധതികളും നിലച്ചു. മന്ത്രിമാരുടെയടക്കം ശമ്പളം വെട്ടിക്കുറച്ചു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം മുടങ്ങി. വിവിധ സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. 97 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് കമ്മി ബജറ്റാണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. എണ്ണയില്‍ നിന്നല്ലാതെയുള്ള മറ്റ് വരുമാന സാദ്ധ്യതകള്‍ കൂടി പരമാവധി കണ്ടെത്താനാണ് സൗദി ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ നികുതി ഏര്‍പ്പെടുത്തും.

Share on

മറ്റുവാര്‍ത്തകള്‍