റഷ്യൻ ശാസ്ത്രഗവേഷകരുടെ ഒരു സംഘം കണ്ടെത്തിയ ഒരു വിരകളുടെ ജൈവാവശിഷ്ടങ്ങളാണ് ചർച്ചാവിഷയം. ഈ വിരകൾ ജീവിച്ചിരുന്നത് 40,000 കൊല്ലം മുമ്പാണ്. ഈ ജൈവാവശിഷ്ടങ്ങളെ പുനർജീവിപ്പിക്കാനും ശാസ്ത്രജ്ഞർക്കായി. അതായത്, ഭൂമിയിൽ ജീവിതം തുടരുന്ന ഏറ്റവും പഴയ ജീവിവർഗമായി ഈ വിരകൾ മാറിയിരിക്കുന്നു!
വടക്കുകിഴക്കൻ റഷ്യയിൽ നടത്തിയ ഒരു പര്യവേക്ഷണത്തിലാണ് ഇവയെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഡോക്‌ലോഡി ബയോളജിക്കൽ സയൻസസിലാണ് ഈ പേപ്പർ പ്രസിദ്ധീകരിച്ചത്.
ദീർഘകാലമായി ഐസായിക്കിടക്കുന്ന പ്രദേശത്തു നിന്നാണ് ഈ വിരകളെ കണ്ടെത്തിയത്. വിരകൾ കിടക്കുന്ന രണ്ട് സാംപിളുകളാണ് സംഘം കണ്ടെത്തിയത്. ഇവയെ വ്യത്യസ്തമായ താപനിലയിൽ സൂക്ഷിച്ചപ്പോൾ അവ ജീവന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.
ലഭിച്ച രണ്ട് സാമ്പിളുകളും കാർബൺ ഡേറ്റിങ്ങിന് വിധേയമാക്കി. ഒരെണ്ണം 32,000 കൊല്ലവും മറ്റൊന്ന് 42000 കൊല്ലവും പഴക്കമാണ് കാണിച്ചത്. ആദ്യത്തെ സാമ്പിളിനെ 100 അടി താഴ്ചയിൽ നിന്നും രണ്ടാമത്തേതിനെ 11.5 അടി താഴ്ചയില്‍ നിന്നുമാണ് ലഭിച്ചത്.
അതീവശ്രദ്ധയോടെയാണ് ഈ സാമ്പിളുകൾ ശാസ്ത്രജ്ഞർ കൈകാര്യം ചെയ്തത്. താപനിലയിലുണ്ടാകുന്ന വ്യതിയാനം ഇവയെ നശിപ്പിക്കാനുള്ള സാധ്യത പോലുമുണ്ടായിരുന്നു.
രണ്ടായിരാമാണ്ടിൽ ബസിലസ് ബാക്ടീരിയയുടെ ജൈവാവശിഷ്ടത്തെ ജീവിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നു. 250 ദശലക്ഷം വർഷം പഴക്കം ഈ ബാക്ടീരിയയ്ക്കുണ്ടായിരുന്നു. ഒരു ഉപ്പുകല്ലിൽ നിന്നാണ് ബാക്ടീരിയയുടെ ജൈവാവശിഷ്ടം ലഭിച്ചത്.