UPDATES

സയന്‍സ്/ടെക്നോളജി

ചാന്ദ്രയാന്‍ 2 ന്റെ ആദ്യ ഭ്രമപണപഥം ഉയര്‍ത്തല്‍ ഇന്ന്

ആഗസ്ത് 13 വരെയാണ് ഇത്തരത്തിലുള്ള പാതമാറ്റല്‍ പ്രക്രിയ നടക്കുക.

                       

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 2 ന്റെ ‘പാതമാറ്റല്‍’ പ്രക്രിയ ഇന്ന് തുടങ്ങും. തിങ്കളാഴ്ച വിക്ഷേപിച്ച ചാന്ദ്രയാന്‍ 2 ന്റെ ആദ്യ ഭ്രമപണപഥം ഉയര്‍ത്തലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ചാന്ദ്രയാനിലെ ലിക്വിഡ് അപോജി മോട്ടോര്‍ (ലാം) നിശ്ചിത സമയം ജ്വലിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിക്കുക. ഭൂമിയെ വലംവയ്ക്കുന്ന പേടകത്തെ ചാന്ദ്രമണ്ഡലത്തിലേക്ക് തൊടുത്തുവിടുന്നത് ഇത്തരത്തില്‍ നാലോ അഞ്ചോ തവണ ഭ്രമണപഥം ഉയര്‍ത്തിയ ശേഷമാകും. ചിലപ്പോള്‍ ഇതിനു മാറ്റമുണ്ടായേക്കാം. ആഗസ്ത് 13 വരെയാണ് ഇത്തരത്തിലുള്ള പാതമാറ്റല്‍ പ്രക്രിയ നടക്കുക.

ലിക്വിഡ് അപോജി മോട്ടോറിന്റെ ജ്വലനസമയം അനുസരിച്ചാകും ഭ്രമണപഥം വികസിക്കുക. ജ്വലനത്തിനുള്ള സന്ദേശം കര്‍ണാടകയിലെ ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയില്‍ നിന്നുമാണ് പേടകത്തിലേക്ക് നല്‍കുക. ബംഗളൂരുവിലെ ഇസ്ട്രാക്, സാറ്റലൈറ്റ് സെന്റര്‍ (യുആര്‍എസ്‌സി) എന്നിവര്‍ സംയുക്തമായാണ് ഇതിനു നേതൃത്വം നല്‍കുക.

പേടകത്തിന്റെ പാത നിയന്ത്രിക്കുന്ന ഈ മോട്ടോര്‍ വികസിപ്പിച്ചത് തിരുവനന്തപുരത്തെ വലിയമല എല്‍പിഎസ്‌സിയിലാണ്. തിങ്കളാഴ്ച വിക്ഷേപിച്ച പേടകം നിലവില്‍ 170.8-45, 376 കിലോമീറ്റര്‍ എന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പഥത്തിലാണ് ഭൂമിയെ വലംവയ്ക്കുന്നത്. അതായത് പേടകം ഭൂമിക്കടുത്ത് എത്തുന്ന ദൂരം 170.8 കിലോമീറ്ററും അകലെയുള്ള ദൂരം 45,376 കിലോമീറ്ററുമായിരിക്കും.

വിക്ഷേപണ ദിവസം തന്നെ 6000 കിലോമീറ്റര്‍ അധികമായി ലഭിച്ചതിനാല്‍ ഭ്രമണപഥം മാറ്റല്‍ ചൊവ്വാഴ്ച വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലാമിലുള്ള ഇന്ധനം കൂടുതല്‍ ലാഭിക്കാനുമായി. ഇത് വലിയ നേട്ടമാണെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. എസ് സോമനാഥ് പറയുന്നു.

ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ പ്രവേശിക്കുന്ന പേടകത്തില്‍നിന്ന് സെപ്റ്റംബര്‍ രണ്ടിനാണ് ലാന്‍ഡര്‍ വേര്‍പെടുക. മൂന്നിന് ലാന്‍ഡര്‍ ചന്ദ്രന്റെ പ്രതലത്തിന് 30 കിലോമീറ്റര്‍ അടുത്തെത്തും. ഏഴിനു പുലര്‍ച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും.

Read More : ചന്ദ്രയാന് പിന്നിടേണ്ടത് 3,84,000 കിലോമീറ്റര്‍, മുന്നില്‍ 48 ദിവസം; ചന്ദ്രനില്‍ എവിടെ ഇറങ്ങും?

Share on

മറ്റുവാര്‍ത്തകള്‍