ബ്രിട്ടനിലെ രാജ്യാന്തര പ്രശസ്തമായ റോയല്‍ സോസൈറ്റി തിരഞ്ഞെടുത്ത പ്രതിഭകളില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത. 359 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത ഈ അപൂര്‍വ്വ നേട്ടം കൈവരിക്കുന്നത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രഫസറും ഫരീദാബാദിലെ ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗഗന്‍ദീപ് കാംഗാണ് ഈ അംഗീകാരം കൈവരിച്ച വനിത. പൊതുജനാരോഗ്യമേഖലയില്‍ ഗഗന്‍ദീപിന്റെ കണ്ടെത്തലുകള്‍ ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു.
ടൈഫോയിഡ് തടയാനുള്ള പ്രതിരോധമരുന്നുകള്‍ കണ്ടുപിടിക്കുകയും അവ പരീക്ഷണത്തിലൂടെ ഫലപ്രാപ്തമാണെന്ന് തെളിയിക്കുകയും ചെയ്ത ഗഗന്‍ദീപിന്റെ ഗവേഷണങ്ങള്‍ ലോകാരോഗ്യസംഘടന നേരത്തേതന്നെ അംഗീകരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ഗഗന്‍ദീപിനെ തേടിയെത്തിയിരിക്കുകയാണ്. കുട്ടികളില്‍ ഉണ്ടാകുന്ന അണുബാധ നേരത്തെ കണ്ടെത്തുന്നതിനും അതിലൂടെ കുട്ടികളിലെ അണുബാധ മൂലമുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനുമായുള്ള ഗവേഷണത്തിലാണ് ഗഗന്‍ ദീപിനിപ്പോള്‍ റോയല്‍ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
റോയല്‍ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചതിനാല്‍ തന്നെ ഈ ഗവേഷണം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. അംഗീകാരം സ്വീകരിച്ചുകൊണ്ട് ഗഗന്‍ദീപ് പ്രതികരിച്ചത്, ശാസ്ത്ര മേഖലയിലെ ഗവേഷണത്തിന് സര്‍ക്കാറുകള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും അതുപോലെ ശാസ്ത്രരംഗത്ത് സ്ത്രീകളുടെ എണ്ണം കുറവാകുന്നത് അവര്‍ക്കതില്‍ താല്പര്യമില്ലാത്തതിനല്ല എന്നും, അവര്‍ക്കതിനുള്ള സാഹചര്യം ലഭിക്കാത്തതിനാലാണെന്നും അഭിപ്രായപ്പെട്ടു.
ഗവേഷണ സ്ഥാപനങ്ങളില്‍ 50 ശതമാനം ഒഴിവുകള്‍ സ്ത്രീകള്‍ക്കുവേണ്ടി മറ്റിവെച്ചാലെ ഈ വിവേചനത്തില്‍ മാറ്റമുണ്ടാകൂ എന്നും ഗഗന്‍ ദീപ് കൂട്ടിച്ചേര്‍ത്തു. ശാസ്ത്രമേഖലയിലെ ഗവേഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് റോയല്‍ സൊസൈറ്റി. റോയല്‍ സൊസൈറ്റിയുടെ 1600 ഫെലോകളില്‍ 133 പേര്‍ മാത്രമാണ് സ്ത്രീകളുള്ളത്. 1660ല്‍ സ്ഥാപിച്ച റോയല്‍ സൊസൈറ്റിയില്‍ 1945 ലാണ് അദ്യമായൊരു വനിതയെത്തുന്നത്.
ഗഗന്‍ദീപ് കാംഗ്
1987ല്‍ എംബിബിഎസ്സ് പഠനം പൂര്‍ത്തിയാക്കിയ ഗഗന്‍ദീപ് കാംഗ് മൈക്രോ ബയോളജിയില്‍ എംഡിയും തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്ത്യന്‍ ജനതയുടെ ആരോഗ്യം എന്നും ഗഗന്‍ദീപിന്റെ പ്രധാന വിഷയമായിരുന്നു. അതിനായി 1990കള്‍ മുതല്‍ തന്നെ അവര്‍ പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സാംക്രമിക രോഗങ്ങളാണ് ഇന്ത്യന്‍ ജനതയുടെ ആരോഗ്യത്തിന് പ്രധാന വെല്ലുവിളി എന്നു മനസിലാക്കിയ ഗഗന്‍ദീപ് സാംക്രമികരോഗശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും പ്രതിരോധമരുന്നുകള്‍ കണ്ടുപിടിക്കുകയും ചെയ്തു.
മുന്നൂറോളം ശാസ്ത്രപ്രബന്ധങ്ങള്‍ വിവിധ ശാസ്ത്ര മാസികകളിലായി ഈ 57കാരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ പല പ്രശസ്ത ശാസ്ത്രമാസികകളുടെയും എഡിറ്റോറിയല്‍ അംഗംകൂടിയാണ് ഗഗന്‍ദീപ്. ശാസ്ത്രരംഗത്തെ ഗഗന്‍ദീപിന്റെ കഴിവുറ്റ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ഫെല്ലോഷിപ്പ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഗഗന്‍ദീപിനെ തേടിയെത്തിയിട്ടുണ്ട്.