UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വയുടെയും ചന്ദ്രന്റെയും മുഴുവന്‍ മാപ്പും നമ്മുടെ കൈയിലുണ്ട്; ഭൂമിയുടെയോ? ഉത്തരം: മുഴുവനായിട്ടില്ല

കടലിന്റെ അടിത്തട്ടിനെക്കുറിച്ചു വെറും നാല് ശതമാനം മാത്രമാണ് നമുക്ക് കാര്യമായ അറിവുള്ളത്. ബാക്കി ഭാഗത്തെക്കുറിച്ച് ഒന്നും അറിയില്ല.

                       

ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലത്തിന്റെ മുഴുവന്‍ മാപ്പും ഇപ്പോള്‍ നമ്മുടെ കൈയിലുണ്ട്. ഈ ഗോളങ്ങളില്‍ ഓരോയിടത്തും എന്തൊക്കെയുണ്ട് എന്നും ഏകദേശം നമുക്കറിയാം. ഒരു പക്ഷേ അത്ര വിശദമായ മാപ്പിങ് നമ്മള്‍ ഭൂമിയുടെ ഉപരിതലത്തെക്കുറിച്ച് ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്പം ബുദ്ധിമുട്ടും! കരപ്രദേശങ്ങളെ സംബന്ധിച്ച് ഏറെ മികച്ച മാപ്പിങ് ഉണ്ട്. എന്നാല്‍ കടലിന്റെ അടിത്തട്ടിനെ സംബന്ധിച്ചോ? കാര്യമായിട്ട് ഒന്നുമില്ല എന്നതാണ് സത്യം. വെറും നാല് ശതമാനം അടിത്തട്ടിനെക്കുറിച്ചു മാത്രമാണ് നമുക്ക് കാര്യമായ അറിവുള്ളത്. ബാക്കി ഭാഗത്തെക്കുറിച്ച് ഒന്നും കാര്യമായി അറിയില്ല. സ്വന്തം വീടിനെക്കുറിച്ച് അറിയാത്ത മനുഷ്യരാണ് നമ്മളെന്നു ചുരുക്കം!

കടലിന്റെ മാപ്പിങ് നടത്താന്‍ പലരും പല വിധത്തില്‍ ശ്രമിച്ചതാണ്. പക്ഷേ പലതായിരുന്നു പ്രതിബന്ധങ്ങള്‍. സൂര്യപ്രകാശം കടലിന്റെ അടിത്തട്ടില്‍ എത്തുന്ന ഇടങ്ങളില്‍പ്പോലും എന്താണ് ഉള്ളതെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കടലിലെ തിരമാലകള്‍ സൃഷ്ടിക്കുന്ന ഓളമാണ് ഏറ്റവും വലിയ തടസ്സം. താഴെയുള്ള കാഴ്ചയെ മുഴുവന്‍ വികലമാക്കാന്‍ ഈ ഓളങ്ങള്‍ക്കു കഴിയും. ഓരോ ഓളവും ചെറിയ ചെറിയ ലെന്‍സുകളായി പ്രവര്‍ത്തിക്കും. ഫലമോ സൂര്യപ്രകാശം അടിത്തട്ടില്‍ കുറെയധികം ചെറിയ പ്രദേശങ്ങളിലേക്ക് കേന്ദ്രീകരിക്കും. ഓളങ്ങള്‍ അനങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ അടിത്തട്ടിലെത്തുന്ന പ്രകാശവും നിരന്തരം ചലിച്ചുകൊണ്ടേ ഇരിക്കും. മുകളില്‍നിന്നു നോക്കിയാല്‍ അനങ്ങിക്കൊണ്ടിരിക്കുന്ന കുറെ വെളിച്ചം മാത്രമേ പലപ്പോഴും കാണൂ. അടിത്തട്ടിന്റെ ഉയര്‍ച്ചതാഴ്ചകളോ ഉപരിതലഘടയോ ഒന്നും വ്യക്തമാവാതെ പോവും.
ഇപ്പോള്‍ നാസയില്‍ ശാസ്ത്രജ്ഞര്‍ ഒരു പുതിയ സങ്കേതവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പുതിയ ഒരുതരം ഇമേജിങ് ടെക്‌നോളജിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാമറ നമ്മുടെ സാധാരണ ഡിജിറ്റല്‍ ക്യാമറ തന്നെ. പക്ഷേ ക്യാമറ എടുക്കുന്ന ചിത്രങ്ങളെ അതിസങ്കീര്‍ണ്ണമായ സോഫ്റ്റുവെയര്‍ പ്രൊസ്സസിങിലൂടെ ശരിയായ ചിത്രമാക്കി മാറ്റുകയാണു ചെയ്യുക. വികലമായ ചിത്രങ്ങളുടെ വികലത ഒഴിവാക്കുന്ന ഒരു സാങ്കേതികവിദ്യ!

ആകാശത്തേക്കു നോക്കിയ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു സാങ്കേതികവിദ്യ ആദ്യം നിര്‍മ്മിച്ചത്. അന്തരീക്ഷത്തിലെ വിവിധ പാളികളുടെ സാന്ദ്രത എല്ലായിടത്തും ഒരുപോലെയല്ല. അന്തരീക്ഷത്തിലെ വായുവാണെങ്കില്‍ നിരന്തരം ചലിച്ചുകൊണ്ടും ഇരിക്കുകയാണ്. സാന്ദ്രത കുറഞ്ഞതും കൂടിയതും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതും ആയ ഈ വായുപാളികളിലൂടെ വേണം നമുക്ക് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഒക്കെ നിരീക്ഷിക്കാന്‍. നക്ഷത്രങ്ങളെല്ലാം മിന്നുന്നതായി തോന്നുന്നത് ഇതിനാലാണ്. വലിയ തീക്കുണ്ഠത്തിനു മുകളിലൂടെ അപ്പുറത്തു നില്‍ക്കുന്ന ആളുകളെ നോക്കുമ്പോള്‍ അവര്‍ ഇളകുന്നതായി തോന്നാറില്ലേ. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ടെലിസ്‌കോപ്പും മറ്റും ഉപയോഗിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തുമ്പോള്‍ അന്തരീക്ഷവായുവിന്റെ ഈ ചലനം വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള സൂത്രം കണ്ടുപിടിച്ചിട്ട് അധികകാലം ആയിട്ടില്ല.

അന്തരീക്ഷപാളികള്‍ കാഴ്ചയ്ക്ക് ഉണ്ടാക്കുന്ന വികലത എത്രത്തോളമെന്ന് ലേസറുകളും മറ്റും ഉപയോഗിച്ച് മനസ്സിലാക്കുകയാണ് ആദ്യപടി. വികലത എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കിയശേഷം ടെലിസ്‌കോപ്പിന്റെ കണ്ണാടിയിലും മറ്റും അതിനനുസരിച്ച് മാറ്റം വരുത്തിയശേഷം നിരീക്ഷിക്കുന്നു. ഫോട്ടോ എടുത്തശേഷം ഇമേജ് പ്രൊസ്സസ്സിങ് സോഫ്റ്റുവെയറുകളുടെ സഹായത്തോടെയും ഇതേ കാര്യം ചെയ്യാനാകും. അതീവസങ്കീര്‍ണ്ണമായ സോഫ്റ്റുവെയറുകള്‍ വേണം എന്നു മാത്രം.

ആകാശത്തേക്കു നോക്കാന്‍ ഉപയോഗിച്ച ഈ സാങ്കേതികവിദ്യയുടെ പരിഷ്‌കരിച്ച രൂപമാണ് ഇപ്പോള്‍ കടലിന്റെ അടിയിലേക്കു നോക്കാനും ഉപയോഗപ്പെടുത്തുന്നത്. പക്ഷേ ആകാശനിരീക്ഷണത്തെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതാണ് വെള്ളത്തിലെ ഇത്തരം വികലതകള്‍! അതിനാല്‍ത്തന്നെ വെള്ളത്തിനടയിലെ ഫോട്ടോകളില്‍നിന്നും വികലത ഒഴിവാക്കുന്ന കാര്യവും അതീവസങ്കീര്‍ണ്ണത നിറഞ്ഞതാണ് എന്നു മാത്രം. കടലിലെ തിരമാലകള്‍, പ്രകാശം കടലിലെ ഓളങ്ങളില്‍പ്പെട്ട് അടിത്തട്ടില്‍ ഉണ്ടാക്കുന്ന പ്രകാശരൂപങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായാല്‍ മാത്രമേ ഇക്കാര്യം സാധ്യമാകൂ.

ഫ്‌ലൂയിഡ്കാം (FluidCam) എന്നാണ് പുതിയ ക്യാമറയ്ക്ക് ഗവേഷകര്‍ കൊടുത്തിരിക്കുന്ന പേര്. പറക്കുന്ന ഒരു ഡ്രോണില്‍ ഘടിപ്പിച്ച ഒരു ഡിജിറ്റല്‍ക്യാമറയാണ് ഫ്‌ലൂയിഡ്കാം. ഇതെടുക്കുന്ന ചിത്രങ്ങളെ പിന്നീട് സോഫ്റ്റുവെയര്‍ സഹായത്തോടെ പരിഷ്‌കരിച്ച് നല്ല ചിത്രങ്ങളുണ്ടാക്കുകയാണു ചെയ്യുന്നത്.

ഇതല്ലാതെ മറ്റൊരു സാങ്കേതിവിദ്യയും നാസയില്‍ ഗവേഷകര്‍ രൂപീകരിച്ചിട്ടുണ്ട്. MiDAR എന്നാണ് ഇതിന്റെ പേര്. ഒരു റഡാര്‍ പ്രവര്‍ത്തിക്കുന്നപോലെയാണ് ഇത് പ്രവര്‍ത്തിക്കുക. ഒരു രശ്മിയെ വസ്തുവിലേക്ക് അയച്ചശേഷം അതില്‍നിന്നും പ്രതിഫലിച്ചെത്തുന്ന തരംഗത്തെ സ്വീകരിച്ച് വസ്തുവിനെക്കുറിച്ച് മനസ്സിലാക്കുന്ന സൂത്രമാണ് റഡാറില്‍ ഉപയോഗിക്കുന്നത്.

ഇതുപോലെ കടലിന്റെ അടിത്തട്ടില്‍നിന്നും പ്രതിഫലിച്ചെത്തുന്ന പ്രകാശത്തെ അളന്ന് അടിത്തട്ടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാന്‍ സഹായിക്കുന്ന സൂത്രമാണ് MiDAR. Multispectral Imaging, Detection and Active Reflectance എന്നതിന്റെ ചുരുക്കപ്പേരാണ് MiDAR.

ഇപ്പോഴും ഗവേഷണഘട്ടത്തിലാണ് ഈ സാങ്കേതികവിദ്യകള്‍. എന്തായാലും MiDAR, FluidCam എന്നീ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് നാസയിലെ ഗവേഷകര്‍. കടലിന്റെ അടിയില്‍ സൂര്യപ്രകാശം എത്തുന്ന ഇടങ്ങളെയെല്ലാം ഇങ്ങനെ മാപ്പ് ചെയ്യാന്‍ കഴിയും.

ചിത്രം: ഫ്‌ലൂയിഡ്കാം ഘടപ്പിച്ച ഡ്രോണ്‍ കടലിനു മുകളിലൂടെ പറക്കുന്നു.
ചിത്രത്തിനു കടപ്പാട്: NASA

കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..

നവനീത് കൃഷ്ണന്‍ എസ്

നവനീത് കൃഷ്ണന്‍ എസ്

സയന്‍സ് എഴുത്തുകാരന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍