ഭൂചലനം സംബന്ധിച്ച വിവരങ്ങള്‍, ഗ്രഹത്തിന്റെ അന്തർഘടന, കോറിന്‍റെ വലുപ്പം, പുറംതോടിന്‍റെ കനം, മാന്റിലിന്‍റെ സ്വഭാവം എന്നിവയെല്ലാം ലാൻഡറിലുള്ള പ്രധാന ഉപകരണമായ സീസ്മോമീറ്റര്‍ ഉപയോഗിച്ച് കണ്ടെത്താം.
ചൊവ്വാ ഗ്രഹത്തിന്‍റെ മണ്ണിനടിയിലെ രഹസ്യം തേടി നാസയുടെ ഏറ്റവും പുതിയ പേടകം ഇൻസൈറ്റ് യാത്രതിരിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമസേനാ ആസ്ഥാനത്ത് നിന്നും ശനിയാഴ്ച രാവിലെ നാല് മണിക്കായിരുന്നു ഇന്‍സൈറ്റ് ലാന്‍റര്‍ പേടകം ഘടിപ്പിച്ചുള്ള അറ്റ്‌ലസ് വി റോക്കറ്റ് വിക്ഷേപണം നടത്തിയത്. ആറ് മാസത്തിലേറെ സമയമെടുത്താണ് പേടകം ചൊവ്വയിലെത്തുക. ആദ്യകാല സൗരയൂഥത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും, എങ്ങിനെയാണ് ഗ്രഹങ്ങള്‍ ഉണ്ടായതെന്ന് അറിയാനും, പാറകള്‍ നിറഞ്ഞ ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാനും ഭൂമിയേക്കാള്‍ നല്ലത് ചൊവ്വയാണെന്ന് ഇന്‍സൈറ്റിന്‍റെ ചീഫ് സൈന്‍റിസ്റ്റ് ബ്രൂസ് ബാനെര്‍ട്ട് പറഞ്ഞു. ചൊവ്വയുടെ ആന്തരിക ഘടന വിലയിരുത്തുക, ഗ്രഹത്തിലെ കമ്പനങ്ങളുടെ തോത് അളക്കുക, ജീവന്‍റെ സാധ്യതകളെകുറിച്ച് അന്വേഷിക്കുക എന്നിവയൊക്കെയാണ് ഇൻസൈറ്റിന്‍റെ പ്രധാന ചുമതലകള്‍.
‘ഇന്‍റീരിയർ എക്സ്പ്ലൊറേഷൻ യൂസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ്, ജിയോഡിസി ആൻഡ് ഹീറ്റ് ട്രാന്‍സ്പോര്‍ട്ട്’ എന്നത് ചുരുക്കി എഴുതിയതാണ് ‘ഇന്‍സൈറ്റ്’. നവംബര്‍ 26-ന് പേടകം ചൊവ്വയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ ഒരു ഹീറ്റ് ഷീൽഡ്, പാരച്യൂട്ട്, റോക്കറ്റ് എൻജിൻ എന്നിവചേര്‍ന്ന് ഇൻസൈറ്റിനെ സുരക്ഷിതമായി ചൊവ്വയിലെ പരന്ന സമതലമായ എലിയോസിയം പ്ലാനിറ്റിയത്തില്‍ ഇറക്കും. അതിന് ശേഷം പ്രത്യേകമായി തയ്യാറാക്കിയ യന്ത്രക്കൈ ഉപയോഗിച്ച് പഠന ഗവേഷണങ്ങള്‍ക്കായുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ സ്ഥാപിക്കും.
ചൊവ്വയുടെ അന്തർഭാഗത്തുണ്ടാകുന്ന ചെറുചലനങ്ങളെയും തരംഗങ്ങളെയും തിരിച്ചറിയുകയാണ് ഇൻസൈറ്റിന്‍റെ ലക്ഷ്യങ്ങളിലൊന്ന്.
ഭൂചലനം സംബന്ധിച്ച വിവരങ്ങള്‍, ഗ്രഹത്തിന്റെ അന്തർഘടന, കോറിന്‍റെ വലുപ്പം, പുറംതോടിന്‍റെ കനം, മാന്റിലിന്‍റെ സ്വഭാവം എന്നിവയെല്ലാം ലാൻഡറിലുള്ള പ്രധാന ഉപകരണമായ സീസ്മോമീറ്റര്‍ ഉപയോഗിച്ച് കണ്ടെത്താം. ശാസ്ത്രജ്ഞന്മാർക്ക് ഭാഗ്യമുണ്ടെങ്കില്‍, തരംഗങ്ങൾ വഴി ഭൂഗർഭ ജലാശയങ്ങൾ കണ്ടെത്തുവാനും അതിലൂടെ ജീവന്‍റെ നിലനില്‍പ്പിനെകുറിച്ച് അറിയുവാനും കഴിയും. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 16 വരെ അടി താഴേയ്ക്കു കുഴിച്ച് താപനില പരിശോധിക്കാനുള്ള സെൻഫ്–ഹാമറിങ് പ്രോബ് ആണ് ലാൻഡറിലെ രണ്ടാമത്തെ പ്രധാന ഉപകരണം. പോളിഷ്, ജർമൻ ഏജൻസികൾ സംയുക്തമായാണ് ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം നൂറ് കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്. 2012-ലെ ക്യൂരിയോസിറ്റി റോവറിന് ശേഷം മറ്റൊരു ബഹിരാകാശ വാഹനവും നാസ ചൊവ്വയിലെത്തിച്ചിട്ടില്ല.