UPDATES

സയന്‍സ്/ടെക്നോളജി

ഹബിള്‍ ടെലിസ്‌കോപ്പിന്റെ ‘അമ്മ’ ഓര്‍മ്മയായി

കഴിഞ്ഞ നൂറ്റാണ്ടെടുത്താല്‍ ശാസ്ത്രജ്ഞ എന്ന് വിളിക്കപ്പെടുന്നവരെ വിരലില്‍ എണ്ണിയെടുക്കാന്‍ മാത്രം ചുരുക്കം. അങ്ങനെയുള്ള കാലത്താണ് നാന്‍സി റോമന്‍ നാസയില്‍ എത്തുന്നത്.

                       

ലോകം കണ്ട ഏറ്റവും മഹത്തായ ഉപകരണമെന്ന് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനെ കണക്കാക്കാം. ആ ഹബിള്‍ ടെലിസ്‌കോപ്പിന്റെ ‘അമ്മ’ എന്ന് വിശേഷിപ്പിക്കുന്ന നാന്‍സി ഗ്രേസ് റോമന്‍ അന്തരിച്ചു. 2018 ഡിസംബര്‍ 25ന് തന്റെ 93ാമത്തെ വയസ്സിലാണ് ശാസ്ത്ര പ്രതിഭ നാന്‍സി അന്തരിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാന്‍സി രോഗബാധിതയായിരുന്നു.

പ്രപഞ്ചത്തെക്കുറിച്ച് നാമറിഞ്ഞ വിശേഷങ്ങളുടെ വലിയ പങ്കും ഹബിള്‍ ടെലിസ്‌കോപ്പ് നമുക്ക് തന്നതാണ്. പക്ഷേ ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ അതിനത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. പണച്ചിലവ് തന്നെയായിരുന്നു പ്രധാന എതിര്‍പ്പിനു കാരണം. ബഹിരാകാശത്തൊരു ടെലിസ്‌കോപ്പോ, അതും ഇത്രയും ചിലവില്‍? ചുവപ്പുനാടകളില്‍ക്കുടുങ്ങി ഹബിള്‍ എന്ന പദ്ധതി ഏറെ നീണ്ടുപോയി.

അതിനെ മറികടക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. ചീഫ് ഓഫ് ആസ്‌ട്രോണമി ആയിരുന്ന നാന്‍സി ഗ്രേസ് റോമന്‍ എന്ന വനിതയായിരുന്നു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍ നിന്നത്. ശാസ്ത്രരംഗത്തേക്ക് സ്ത്രീകള്‍ കടന്നുവന്നിട്ട് അധികകാലമൊന്നും ആയിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടെടുത്താല്‍ ശാസ്ത്രജ്ഞ എന്ന് വിളിക്കപ്പെടുന്നവരെ വിരലില്‍ എണ്ണിയെടുക്കാന്‍ മാത്രം ചുരുക്കം. അങ്ങനെയുള്ള കാലത്താണ് നാന്‍സി റോമന്‍ നാസയില്‍ എത്തുന്നത്.

സുഹൃത്തുക്കളും അധ്യാപകരുമൊക്കെ നാന്‍സിയുടെ ശാസ്ത്രപ്രേമത്തെ എതിര്‍ത്തിട്ടുണ്ട്. വീട്ടുകാരുടെ പിന്തുണ പക്ഷേ നാന്‍സിക്ക് ഉണ്ടായിരുന്നു. ആകാശത്തെ അറിയാന്‍ ഇഷ്ടപ്പെട്ട നാന്‍സി ആ മേഖല തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം നാസയിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവ് ആയി മാറുകയും ചെയ്തു നാന്‍സി. ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പദ്ധതിക്ക് പണം ലഭിക്കാനായി അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളെ സ്വാധീനിക്കേണ്ടി വന്നിരുന്നു അന്നത്തെ ശാസ്ത്രജ്ഞര്‍ക്ക്. ഹബിള്‍ പദ്ധതിയുടെ വ്യാപ്തി മനസ്സിലാക്കിയ നാന്‍സിയും ഇക്കാര്യത്തില്‍ നേതൃത്വം നല്‍കി.

ചൊവ്വയില്‍ വെള്ളമുണ്ട്; ഐസ് തടാകത്തിന്റെ ചിത്രം സഹിതമുള്ള തെളിവ് നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

പണച്ചിലവിന്റെ കാര്യം പറഞ്ഞ് എതിര്‍ത്തവരോട് നാന്‍സി പറഞ്ഞ ന്യായം ഏറെ രസകരമായിരുന്നു. അമേരിക്കക്കാര്‍ ഒരു ദിവസം സിനിമാ ടിക്കറ്റിനു ചിലവഴിക്കുന്ന പണം മതി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിസ്‌കോപ്പിന്. നാന്‍സിയുടെ നേതൃത്വത്തില്‍ അതിന് മുന്‍പ് നടത്തിയ പദ്ധതികള്‍ പലതും വിജയകരമായിരുന്നു. ഓര്‍ബിറ്റിങ് സോളാര്‍ ഒബ്‌സര്‍വേറ്ററിയും ആസ്‌ട്രോണമി ഉപഗ്രഹങ്ങളുമെല്ലാം വിക്ഷേപിക്കുന്നതില്‍ നാന്‍സിയുടെ പങ്ക് വലുതായിരുന്നു.


ഓര്‍ബിറ്റിങ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി എന്ന പദ്ധതിക്ക് നേതൃത്വം നല്‍കിയതാണ് ഹബിള്‍ ടെലിസ്‌കോപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനും അതിനുവേണ്ടി വാദിക്കാനും നാന്‍സിയെയും കൂട്ടരെയും പ്രേരിപ്പിച്ചത്. ഓര്‍ബിറ്റിങ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി പദ്ധതിയിലെ ആദ്യ രണ്ട് വിക്ഷേപണവും പരാജയമായിരുന്നു. മൂന്നാമത്തേത് വിജയിച്ചു. അള്‍ട്രാവൈലറ്റ് പ്രകാശത്തിലായിരുന്നു ഈ ടെലിസ്‌കോപ്പുകളുടെ പ്രവര്‍ത്തനം. ഇതോടെയാണ് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ വിശാലസാധ്യത ബോധ്യപ്പെട്ടത്.

ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചതോടെ ഹബിള്‍ പദ്ധതി അംഗീകരിക്കപ്പെടുകയും അതിനു വേണ്ട പണം അനുവദിക്കപ്പെടുകയും ചെയ്തു. പക്ഷേ നാന്‍സി അപ്പോഴേക്കും ജോലിയില്‍നിന്നും വിരമിച്ചിരുന്നു. പിന്നെയും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹബിള്‍ ടെലിസ്‌കോപ്പ് വിക്ഷേപിക്കുന്നത്. ഈ പദ്ധതി നടപ്പിലാവാന്‍വേണ്ടി നാന്‍സിയെടുത്ത ശ്രമങ്ങളെ മാനിച്ച് അവരുടെ സഹപ്രവര്‍ത്തകരാണ് നാന്‍സിയ ഹബിള്‍ ടെലിസ്‌കോപ്പിന്റെ മാതാവ് എന്നു വിളിച്ചത്.

അമേരിക്കക്കും റഷ്യക്കും പിന്നാലെ ഇനി ഇന്ത്യയും; വ്യോമസേനയ്ക്ക വേണ്ടിയുള്ള ‘ആങ്ക്രിബേര്‍ഡ്’ ജി സാറ്റ് 7 എ വിക്ഷേപിച്ചു/ വീഡിയോ

ഇപ്പോള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ കുറച്ചു സമയത്തിനായി കാത്തുകെട്ടി കിടക്കുകയാണ്. ലക്ഷക്കണക്കിന് ഫോട്ടോകളും വിവരങ്ങളും തന്ന ആ ശാസ്ത്രമഹാത്ഭുതം നാന്‍സി എന്ന സ്ത്രീയുടെ മുന്‍കൈയാലാണ് സാധ്യമായത്. ഹബിള്‍ എടുത്ത ലക്ഷക്കണക്കിന് വരുന്ന പ്രപഞ്ച ചിത്രങ്ങള്‍ തന്നെയാണ് നാന്‍സിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലി.

സ്ത്രീപുരുഷസമത്വത്തിനായി ഇപ്പോഴും സമരങ്ങളും പ്രക്ഷോഭങ്ങളും നയിക്കേണ്ടിവരുന്ന ഒരു ഇടത്തിലിരുന്നാണ് നാന്‍സിയെപ്പോലെ ഉള്ളവരെക്കുറിച്ച് നാം വാചാലരാകേണ്ടി വരുന്നത്. പ്രപഞ്ചത്തിന്റെ വിശാലതയെ അടുത്തറിയാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്ന കാലത്ത് സമത്വമെന്ന ആശയംപോലും ബോധ്യപ്പെടുത്താന്‍ നമുക്കിവിടെ വനിതാമതില്‍ വേണ്ടിവരുന്നു. ശബരിമലയെന്ന കുഞ്ഞിടത്ത് സ്ത്രീകള്‍ കയറാന്‍ കോടതിവിധികള്‍ വരേണ്ടിവരുന്നു. അതിനാല്‍ വനിതാമതിലില്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ നാന്‍സിയെപ്പോലുള്ളവര്‍ നമ്മുടെ മനസ്സിലുണ്ടാവണം. അങ്ങനെയുള്ള വനിതകളുടെ സംഭാവനകള്‍ കൂടിയാവണം വനിതാമതിലിന്റെ ഊര്‍ജ്ജം.

ശൂന്യാകാശത്ത് ഹബിള്‍ സ്പേസ് ടെലെസ്സ്‌കോപ്പ് ദിശയില്ലാതെ സഞ്ചരിക്കുന്നു! / വീഡിയോ

*ചിത്രങ്ങള്‍ക്കു കടപ്പാട്: NASA

നവനീത് കൃഷ്ണന്‍ എസ്

നവനീത് കൃഷ്ണന്‍ എസ്

സയന്‍സ് എഴുത്തുകാരന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍