UPDATES

ജയചന്ദ്രന്‍ പാടുമ്പോള്‍ പ്രണയത്തിനും വിരഹത്തിനും എന്തു ഭംഗിയാണ്

എണ്‍പതിന്റെ നിറവില്‍ ഭാവഗായകന്‍

                       

‘ദൈവം യേശുദാസിന്റെ ശബ്ദത്തില്‍ പാടുന്നു, ദൈവത്തിന്റെ അനുജന്‍ ജയചന്ദ്രന്റെ ശബ്ദത്തില്‍ പാടുന്നു’;വളരെക്കാലം മുമ്പ് കേട്ടൊരു പ്രയോഗമാണ്. വാസ്തവത്തില്‍ ഇത്തരം വര്‍ണനകളോ വിശേഷണങ്ങളോ ജയചന്ദ്രന് അധികപ്പറ്റാണ്. ആരാധനയില്‍ നിന്നുണ്ടാകുന്ന ഭയവും ബഹുമാനവും മൂലം അകന്നു മാറി നിന്ന് ആസ്വദിക്കേണ്ട ഒരു വിഗ്രഹമായിട്ട് ജയചന്ദ്രനെന്ന ഗായകനെ ഇതുവരെ തോന്നിയിട്ടില്ല. വളരെ അടുത്ത് നിന്ന് അനുഭവിക്കാന്‍ കഴിയുന്ന ഒരു ലഹരിയാണ് ജയചന്ദ്രന്‍. ഉത്സവത്തിനു ചെല്ലുമ്പോള്‍ പ്രതിഷ്ഠയുടെ മുന്നില്‍ കൈകൂപ്പുന്നതിനെക്കാള്‍ ആവേശമായിരിക്കും എഴുന്നള്ളത്തിന് ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന കൊമ്പന്റെ മുന്നില്‍ താളം പിടിക്കുന്നത്. അത്തരമൊരു ആസ്വാദനമാണ് ജയചന്ദ്രനില്‍ സാധ്യമാകുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷ മറ്റ് ഗായകരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. കുടുംബത്തിലെ ഒരു കാരണവര്‍, അല്‍പ്പം ശാഠ്യവും ശുണ്ഠിയും തമാശയും പൊട്ടിച്ചിരിയും മൂക്കിന്‍ തുമ്പ് വിറയ്ക്കുന്ന ഗൗരവവുമൊക്കെയുള്ള അടുത്തൊരു ബന്ധു; അതാണ് ജയേട്ടന്‍. പി ജയചന്ദ്രന്‍ എല്ലാവര്‍ക്കും എപ്പോഴും ജയേട്ടന്‍ തന്നെയാണ്, അടുപ്പവും അകലവും ഏറിയും കുറയുന്നതിനും അനുസരിച്ച് ആ വിളിയൊരിക്കലും ജയചന്ദ്രന്‍ സാറായിട്ടില്ല!

മുമ്പേ നടന്നുപോയവര്‍ നന്നായി എന്നുപറഞ്ഞതിനെ പിന്‍പറ്റാതെ, അതല്ല, അതിനെക്കാള്‍ നല്ലത് ഇതാണെന്ന് പറയാന്‍ കഴിവുള്ള ആസ്വാദക സമൂഹത്തിന്റെ എന്നത്തെയും പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ തന്നെയാണ്. അരനൂറ്റാണ്ടിലേറെയായി ജയചന്ദ്രന്‍ പാടുന്നുണ്ട്. ഇടവേളകളുമുണ്ടാകാറുണ്ട്. കുറെക്കാലം നിശബ്ദനായിരുന്ന ശേഷം അപ്രതീക്ഷിതമെന്നപോലെ ആ ശബ്ദം നമ്മളിലേക്ക് ഒഴുകിയെത്തും. എപ്പോഴും വേണമെന്നില്ല, ഇടയ്ക്കിങ്ങനെയൊരു പാട്ടുകേട്ടാലും മതി എന്നൊരു അനുഭൂതി നിലനിര്‍ത്താന്‍ ജയചന്ദ്രന് കാലമൊരു തടസമായിട്ടില്ല.

ജയചന്ദ്രന്‍ പാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ! നിങ്ങള്‍ക്ക് വേണ്ടി ഞാനെന്റെ ശബ്ദം സംരക്ഷിച്ചു വയ്ക്കുന്നു, നിങ്ങള്‍ക്ക് ആസ്വദിക്കാനായി ഞാന്‍ പാടുന്നു എന്നല്ല, ഇതെന്റെ ജീവിതം, ഞാനത് ആസ്വദിക്കുന്നു, ആ ആസ്വാദനത്തിന്റെ ഭാഗമായി ഞാന്‍ പാടുന്നു, നിങ്ങളും കൂടി അതില്‍ പങ്കുചേര്‍ന്നുകൊള്ളൂ എന്ന ക്ഷണമാണ് ഓരോ പാട്ടിലുമുള്ളത്. ഒരു പ്രൊഫഷണല്‍ ഗായകന്റെ കെട്ടുംമട്ടുമൊന്നും ജയചന്ദ്രന്റെ മേലില്ലാത്തതു തന്നെയാണ് അദ്ദേഹത്തിന്റെ ഭംഗി.

ഗായകനുമായി ബന്ധപ്പെട്ടുള്ള വര്‍ണനകള്‍ ജയചന്ദ്രന്റെ കാര്യത്തില്‍ അധികം കേട്ടു കാണില്ല, അദ്ദേഹത്തിന്റെ പാട്ടുകളുടെ കാര്യത്തിലതല്ല സ്ഥിതി. ഹൃദയം കൊണ്ട് ആസ്വദിക്കുന്ന പാട്ടുകളാണവ. പ്രണയത്തിനും വിരഹത്തിനും എന്തു ഭംഗിയാണ് ജയചന്ദ്രന്‍ പാടുമ്പോള്‍. ഒരു സൂചിമുന ഹൃദയത്തില്‍ കുത്തിയിറക്കുമ്പോലെയാണപ്പോള്‍. ‘കരിമുകില്‍ കാട്ടിലെ…രജനി തന്‍ വീട്ടിലേ…’ എന്ന ഗാനം ഉത്തമോദ്ദാഹരണം. ഹൃദയത്തില്‍ തൊടുന്ന ഭാവമാണ് ഓരോ പാട്ടിനും. അതുകൊണ്ടാണ് ജയചന്ദ്രന്‍ ഭാവഗായകനായതും. എത്രയെത്ര പ്രണയ വിരഹ ഗാനങ്ങള്‍ ഉണ്ടായിട്ടും, നമ്മളിന്നും സൂക്ഷിച്ചുവയ്ക്കുന്ന പാട്ടുകള്‍ ജയചന്ദ്രന്റെതാണ്. ‘മറന്നിട്ടുമെന്തിനോ…മനസില്‍ തുളുമ്പുന്നു’ എന്നു പാടുമ്പോള്‍, ‘തേരിറങ്ങും മുകിലേ’ എന്നു പാടുമ്പോള്‍ കേള്‍ക്കുന്നവരുടെ മനസിലൊരു വിങ്ങലാണ്. സമര്‍പ്പിത പ്രണയത്തിന് ജയചന്ദ്രനോളം ചേരുന്നൊരു ശബ്ദമുണ്ടോ? സാധാരണ മലയാളിയുടെ മനസിലെ കാമുകന് ജയചന്ദ്രന്റെ ശബ്ദമാണ്. ‘ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ’ എന്ന പാട്ടു കേള്‍ക്കുമ്പോള്‍, ഇതാണ് മലയാളത്തിന്റെ കാമുക ശബ്ദം എന്നു പറയാന്‍ തോന്നില്ലേ!

പ്രണയഭാവത്തോളം തന്നെയാണ് ജയചന്ദ്രനെന്ന ഗായകനില്‍ കാണുന്ന ഭക്തിഭാവവും. മലയാളത്തിലെ ഭക്തിഗാന ശാഖയുടെ വളര്‍ച്ചയില്‍ ജയചന്ദ്രന്റെ ശബ്ദം നല്‍കിയ പിന്തുണ അനുപമാണ്. ‘വിഘ്നേശ്വര ജന്മനാളികേരം നിന്റെ…’ തുടങ്ങിയ കാലാതിവര്‍ത്തിയായി മാറിയ പുഷ്പാഞ്ജലിയിലെ ഗാനങ്ങളില്‍ ജയചന്ദ്രന്‍ പകര്‍ന്നു നല്‍കിയിരിക്കുന്ന ഭാവം എത്ര വൈശിഷ്ട്യമേറിയതാണ്. പി കുഞ്ഞിരാമന്‍ നായര്‍ കാവ്യബിംബങ്ങള്‍ ചമച്ച ‘ മണ്ഡലമാസ പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ’ എന്ന പാട്ട് പ്രത്യേകസ്ഥാനമോടെ ഇന്നും നിലനില്‍ക്കുന്നതിനു കാരണവും ജയചന്ദ്രന്‍ അതില്‍ നിറച്ചിരിക്കുന്ന ഭക്തിയുടെ ഭാവമാണ്.

യേശുദാസിനെ പലവുരു പലരും അനുകരിച്ചിട്ടുണ്ട്, ഇന്നും അനുകരിക്കുന്നുണ്ട്. പക്ഷേ മറ്റൊരു ജയചന്ദ്രനില്ല. അത് ജയചന്ദ്രന്‍ ഭാവഗായകനായതുകൊണ്ടാകാം. അദ്ദേഹത്തോളം പാട്ടില്‍ ഭാവം വരുത്തി പാടാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നില്ല. ജയചന്ദ്രന്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരചലനങ്ങള്‍ ശ്രദ്ധിക്കണം, അതില്‍ തന്നെയൊരു ഭംഗിയുണ്ട്. ദൂരദര്‍ശനില്‍ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ… എന്ന പാട്ട് ജയചന്ദ്രന്‍ പാടുമ്പോള്‍, ‘ഒന്നിനി’ എന്ന വാക്ക് കഴിഞ്ഞ് കഴുത്തൊന്നു ചെറുതായിട്ട് വെട്ടിക്കും. യേശുദാസിന്റെ താടിയും ജുബ്ബയുമൊക്കെ അനുകരിക്കാന്‍ ശ്രമിച്ചതുപോലെ ജയചന്ദ്രന്റെ ചലനങ്ങള്‍ അനുകരിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്, പക്ഷേ, പരാജയപ്പെടുകയാണുണ്ടായത്. പാട്ടിലും പാടുന്ന മട്ടിലും അനുകരിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതാകണം വേറൊരു ജയചന്ദ്രനിവിടെ ഉണ്ടാകാത്തതിനു കാരണം. ജൂനിയര്‍ യേശുദാസുമാര്‍ പലരുണ്ട്. പക്ഷേ ഇതുവരെ ഇയാള്‍ പാടുന്നത് കേട്ടിട്ട് ജയചന്ദ്രനെ പോലെ എന്നു പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ല. അതാണ് പി ജയചന്ദ്രന്റെ പ്രത്യേകയും അദ്ദേഹത്തിനുള്ള സ്ഥാനവും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍