UPDATES

വായന/സംസ്കാരം

ഞങ്ങളുടെ എസ്എഫ്‌ഐ ഇങ്ങനെയല്ലെന്ന് വിലപിക്കുന്നവരോട് പഴയ വിദ്യാര്‍ത്ഥി നേതാവ്: ‘അന്നും യൂണിവേഴ്‌സിറ്റി കോളേജ് ഇങ്ങനെതന്നെയായിരുന്നു’

ഇത് എസ്.എഫ്.ഐയെ മാത്രം ബാധിയ്ക്കുന്ന കാര്യമല്ലെന്നും മറിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം മൊത്തം നേരിടുന്ന പ്രതിസന്ധിയുടെ ബാഹ്യലക്ഷണങ്ങള്‍ മാത്രമാണിത ബെന്‍സി മോഹന്‍ പോസ്റ്റില്‍ പറയുന്നു.

                       

‘ഞങ്ങളുടെ എസ്.എഫ്.ഐ ഇങ്ങനെ അല്ല’ എന്ന് വിലപിയ്ക്കുന്ന ന്യായീകരണസംഘത്തിന്, ‘യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പണ്ടും ഇങ്ങനെ തന്നെയായിരുന്നുവെന്ന് എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ബെന്‍സി മോഹന്‍. യൂണിവേഴ്‌സിറ്റി കോളേജ്, എം.ജി കോളേജ്, ആര്‍ട്‌സ് കോളേജ്, സംസ്‌കൃത കോളേജ്, ധനുവച്ചപുരം കോളേജ് എന്നിവിടങ്ങളില്‍ ‘പാര്‍ട്ടി കോട്ടകള്‍’ ഉയരാന്‍ തുടങ്ങിയതോടെയാണ് അക്രമം തുടങ്ങിയതെന്നും ബെന്‍സി മോഹന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ ആക്രമണത്തെ ചര്‍ച്ചയാക്കുന്നവര്‍ ‘എസ്.എഫ്.ഐയെ അടിയ്ക്കാന്‍ ഒരു വടി കിട്ടി’ എന്നതിനപ്പുറം, ശരിയ്ക്കും ഈ വിഷയത്തെ അതിന്റെ മെറിറ്റില്‍ മനസ്സിലാക്കി ചര്‍ച്ച ചെയ്‌തോ എന്ന് സംശയമുണ്ടെന്നും, ഇത് എസ്.എഫ്.ഐയെ മാത്രം ബാധിയ്ക്കുന്ന കാര്യമല്ലെന്നും മറിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം മൊത്തം നേരിടുന്ന പ്രതിസന്ധിയുടെ ബാഹ്യലക്ഷണങ്ങള്‍ മാത്രമാണിത ബെന്‍സി മോഹന്‍ പോസ്റ്റില്‍ പറയുന്നു.

കുട്ടികളെ അരാഷ്ട്രീയത്തിലേയ്ക്കും, അരാജകത്വത്തിലേയ്ക്കും തള്ളി വിടാതെ, ഉത്തരവാദിത്വബോധത്തോടെ സംഘടിപ്പിച്ച് സാമൂഹ്യബോധത്തിന്റെയും, ആദര്‍ശദൃഢതയുടെയും ലോകത്തേയ്ക്ക് നയിക്കുകയും, അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്താന്‍ സഹായകമായി പ്രവര്‍ത്തിക്കുകയും, പൊതുസമൂഹത്തിന് പ്രയോജനകരമായ പൗരന്മാരായി അവരെ മാറ്റുകയും ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പ്രാഥമിക ചുമതലയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

യൂണിവേഴ്‌സിറ്റി കോളേജ് അനുഭവത്തെക്കുറിച്ചുള്ള ഇന്നലത്തെ എന്റെ കുറിപ്പ് വായിച്ച്, ഞാനൊരു എസ്.എഫ്.ഐ വിരോധി ആണോ എന്നൊരു സംശയം പലരും പ്രകടിപ്പിച്ചതായി മനസിലാക്കുന്നു. ഒരിയ്ക്കലും അല്ല. എസ്.എഫ്.ഐ എന്നല്ല, ഒരു സംഘടനയോടും ഞാന്‍ വിരോധം വെച്ച് പുലര്‍ത്തുന്നില്ല.

എന്റെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തന കാലയളവില്‍ ഒട്ടേറെ എസ്.എഫ്.ഐക്കാരായ നല്ല സുഹൃത്തുക്കള്‍ എനിയ്ക്ക് ഉണ്ടായിട്ടുണ്ട്.

ഏറെ സംഘര്‍ഷഭരിതമായ യൂണിവേഴ്‌സിറ്റി കോളേജ് പ്രവര്‍ത്തനകാലഘട്ടത്തിലും, നല്ലവരായ ഒരു പിടി നല്ലവരായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്റെ സുഹൃത്തുക്കളായി.

എടുത്തു പറയേണ്ട ഒരു പേര് എസ്.എഫ്.ഐയുടെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചു ജയിച്ച പ്രശാന്തിന്റേതാണ്. (ഏഷ്യനെറ്റിലെ പ്രശാന്ത് രഘുവംശം) വളരെ നല്ല സൗഹൃദമാണ് പ്രശാന്തുമായി ഉണ്ടായിരുന്നത്. ഞങ്ങള്‍ ഒരുമിച്ചു ഒരു ടീമായി കോളേജിനെ പ്രതിനിധീകരിച്ച് ചില ഡിബേറ്റ് മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്.

പിന്നീട് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നപ്പോള്‍, ഞാന്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ച് സംഘടനാപ്രവര്‍ത്തനം തുടര്‍ന്നു. അവിടെയും യൂണിയന്‍ ഭരിച്ചിരുന്നത് എസ്.എഫ്.ഐ ആയിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷം ആയിരുന്നു എഞ്ചിനീയറിംഗ് കോളേജില്‍. മറ്റു സംഘടനകളും അവിടെ പ്രവര്‍ത്തിച്ചിരുന്നു. എ.ബി.വി.പി ആയിരുന്നു മുഖ്യപ്രതിപക്ഷം. കെ.എസ്.യു ഇല്ലായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ സമ്മര്‍ദ്ദം നിറഞ്ഞ പഠനകാലം കഴിഞ്ഞു വന്നതിനാല്‍, എഞ്ചിനീയറിംഗ് കോളേജ് ജീവിതം എനിയ്ക്ക് മനോഹരമായി അനുഭവപ്പെട്ടു. സംഘടനാപ്രവര്‍ത്തനവും പഠനവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിഞ്ഞു.
ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ റാഗിംഗിനെ ഭയന്ന് നടക്കുന്ന കാലത്ത്, സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്ളാസില്‍ കയറി ചെന്ന് എ.ഐ.എസ്.എഫിനായി ക്യാമ്പയിന്‍ നടത്തുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ആയതോടെ, കോളേജിലെ ഒരു ശ്രദ്ധാകേന്ദ്രമായി മാറി.

അവിടത്തെ എസ്.എഫ്.ഐ നേതൃത്വവുമായി സൗഹൃദപരമായ ബന്ധമായിരുന്നു എനിയ്ക്ക് ഉണ്ടായിരുന്നത്. ഇലക്ഷന്‍ അടക്കമുള്ള ചില സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം ഉണ്ടാകുമെങ്കിലും, അതൊന്നും അക്രമത്തിലേക്ക് നീങ്ങിയില്ല.

പിന്നീട് യു.ഡി.എഫ് ഭരണകാലത്ത് സ്വാശ്രയ കോളേജുകള്‍ക്കെതിരെയുള്ളതടക്കം ഒട്ടേറെ സമരങ്ങളില്‍, ഇടതുപക്ഷമുന്നണിയുടെ ഭാഗമായി എസ്.എഫ്.ഐയുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോഴും, അവിടെയും ഇടതുമുന്നണിയായി എസ്.എഫ്.ഐയ്ക്ക് ഒപ്പം തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇടതുമുന്നണി സംവിധാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഇന്നും പ്രവര്‍ത്തിയ്ക്കുന്നതും.

പിന്നെ എന്തിന് അതൊക്കെ എഴുതി എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ.

ഇപ്പോഴത്തെ ആക്രമണത്തെക്കുറിച്ച് ‘ഞങ്ങളുടെ എസ്.എഫ്.ഐ ഇങ്ങനെ അല്ല’ എന്ന് വിലപിയ്ക്കുന്ന ന്യായീകരണസംഘത്തിന്, ‘യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പണ്ടും ഇങ്ങനെ തന്നെയായിരുന്നു’ എന്ന് പറഞ്ഞു കൊടുക്കാന്‍!

ഈ ആക്രമണത്തെ ചര്‍ച്ചയാക്കുന്നവര്‍ ‘എസ്.എഫ്.ഐയെ അടിയ്ക്കാന്‍ ഒരു വടി കിട്ടി’ എന്നതിനപ്പുറം, ശരിയ്ക്കും ഈ വിഷയത്തെ അതിന്റെ മെറിറ്റില്‍ മനസ്സിലാക്കി ചര്‍ച്ച ചെയ്‌തോ എന്ന് സംശയമുണ്ട്.

ശരിയ്ക്കും ഇത് എസ്.എഫ്.ഐയെ മാത്രം ബാധിയ്ക്കുന്ന ഒരു കാര്യവുമല്ല.
മറിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം മൊത്തം നേരിടുന്ന പ്രതിസന്ധിയുടെ ബാഹ്യലക്ഷണങ്ങള്‍ മാത്രമാണിത്.

കൗമാരവും നവയൗവനവും നിറയുന്ന ഭൂമികയാണ് കോളേജ് ക്യാമ്പസുകള്‍. ജീവിതത്തെ ആവേശത്തോടെ നോക്കുകയും, സമൂഹത്തില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുകയും, എതിര്‍ലിംഗത്തില്‍ പെട്ടവരുടെ ശ്രദ്ധ ആകര്‍ഷിയ്ക്കാന്‍ വെമ്പുകയും ചെയ്യുന്ന, ചോരത്തിളപ്പിന്റെ പ്രായത്തിലുള്ള കുട്ടികളാണ് വിദ്യാര്ഥികളായി അവിടെ എത്തുന്നത്. വിവേകത്തേക്കാള്‍ വികാരത്തിന് പ്രാധാന്യം നല്‍കുന്ന ആ പ്രായം,
ഒന്നും ചിന്തിയ്ക്കാതെ എന്ത് തെറ്റുകളിലേക്കും എടുത്തു ചാടാന്‍ ചിലപ്പോള്‍ പ്രേരിപ്പിയ്ക്കും.

അത്തരം കുട്ടികളെ അരാഷ്ട്രീയത്തിലേയ്ക്കും, അരാജകത്വത്തിലേയ്ക്കും തള്ളി വിടാതെ, ഉത്തരവാദിത്വബോധത്തോടെ സംഘടിപ്പിച്ച് സാമൂഹ്യബോധത്തിന്റെയും, ആദര്‍ശദൃഢതയുടെയും ലോകത്തേയ്ക്ക് നയിക്കുകയും, അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്താന്‍ സഹായകമായി പ്രവര്‍ത്തിയ്ക്കുകയും, പൊതുസമൂഹത്തിന് പ്രയോജനകരമായ പൗരന്മാരായി അവരെ മാറ്റുകയും ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പ്രാഥമിക ചുമതല എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാന്‍.

സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ ഉള്ള വലിയൊരു ചരിത്രം ഇന്ത്യയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട്. എ.ഐ.എസ്.എഫ് ഉണ്ടായത് തന്നെ 1936 ല്‍ ആണ്. സ്വാതന്ത്ര്യ സമരത്തിലും, പിന്നീട് സ്വതന്ത്ര ഭാരതത്തില്‍ വിദ്യാഭ്യാസനയ രൂപീകരണത്തിലും, വിദ്യാര്‍ത്ഥി അവകാശങ്ങളിലും ഒക്കെ വലിയൊരു പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനമാണ്.

ഒരു കാലത്ത് വിദ്യാര്‍ത്ഥി സംഘടനകളുടെ ക്രിയാത്മകമായ ഇടപെടലിലൂടെ സര്‍ഗ്ഗാത്മകതയുടെ വിളനിലമായിരുന്നു കേരളത്തിലെ കോളേജ് ക്യാമ്പസുകള്‍. സമൂഹത്തിലെ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചത് ക്യാമ്പസുകള്‍ ആയിരുന്നു. സാഹിത്യവും, സിനിമയും, രാഷ്ട്രീയ തത്വസംഹിതകളും, ആനുകാലിക വാര്‍ത്തകളും ഒക്കെ ഇഴപിരിച്ചു ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സര്‍ഗ്ഗവേദികളായിരുന്നു അവ. അവയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും.

എന്നാല്‍, കാലം മാറിയതോടെ മുഖ്യധാരാ രാഷ്ട്രീയത്തിന് ബാധിച്ച ജീര്‍ണ്ണത, ക്യാമ്പസുകളെയും, വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളെയും ബാധിച്ചു.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഇലക്ഷനില്‍ ജയിച്ച്, കോളേജ് യൂണിയനും, യൂണിവേഴ്‌സിറ്റി യൂണിയനും, സെനറ്റ് – സിന്‍ഡിക്കേറ്റ് സീറ്റുകളും നേടാനുമുള്ള അധികാര പോരാട്ടമെന്ന ലക്ഷ്യത്തിലേക്ക് ഒതുങ്ങി.
വിദ്യാര്‍ത്ഥി സംഘടനകളാകട്ടെ, മാതൃരാഷ്ട്രീയ കക്ഷികള്‍ക്ക് പ്രവര്‍ത്തകരെ കിട്ടാനുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മാത്രമായി മാറി .

അക്രമ രാഷ്ട്രീയം ആ മാറ്റത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നായിരുന്നു.

പിന്നീട് ഓരോ ക്യാമ്പസും ‘പിടിച്ചടക്കുക’ എന്നതായി പല സംഘടനകളുടെയും ലക്ഷ്യം. മസില്‍ പവറിന്റെയും, ആയുധബലത്തിന്റെയും, സഹായത്തോടെ, മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കാതെ, ക്യാമ്പസുകള്‍ പിടിച്ചെടുത്ത് അധികാരം സ്ഥാപിയ്ക്കുക എന്നതായി അവരുടെ ശൈലി.

അങ്ങനെ യൂണിവേഴ്‌സിറ്റി കോളേജ്, എം.ജി കോളേജ്, ആര്‍ട്‌സ് കോളേജ്, സംസ്‌കൃത കോളേജ്, ധനുവച്ചപുരം കോളേജ് തുടങ്ങിയവ പോലുള്ള ‘പാര്‍ട്ടി കോട്ടകള്‍’ ഉയരാന്‍ തുടങ്ങി. ആ കോട്ടകള്‍ നിലനിര്‍ത്താന്‍ അക്രമവും പതിവായി.

ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യത്തെ അറിയാനും, കോളേജ് ഭരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രാതിനിധ്യം ലഭിയ്ക്കാനുമാണ് കോളേജുകളില്‍ ഇലക്ഷന്‍ എന്ന സമ്പ്രദായം തുടങ്ങിയത്.

എന്നാല്‍ ഇത്തരം പാര്‍ട്ടി കോട്ടകള്‍ വന്നതോടെ ക്യാമ്പസുകളില്‍ ഇലക്ഷന്‍ രക്തസാക്ഷിയായി.
കോട്ട ഭരിയ്ക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ‘എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന’ സുവര്‍ണ്ണദിനങ്ങളും തുടങ്ങി.

യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രശ്‌നത്തിലേയ്ക്ക് തിരികെ വരാം.

അവിടെ നടന്ന അക്രമത്തിന്റെ പേരില്‍ എസ്.എഫ്.ഐ ശക്തമായ നടപടികള്‍ എടുക്കുന്നു എന്ന് അവകാശപ്പെടുന്നു.
എന്നാല്‍ ഒരു യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടത് കൊണ്ടോ, യൂണിറ്റ് ഭാരവാഹികളെ പുറത്താക്കിയത് കൊണ്ടോ തീരുന്നതല്ല അവിടത്തെ പ്രശ്‌നങ്ങള്‍
(എന്റെ ഓര്‍മ്മയില്‍ ഇത് മൂന്നാമത്തെ തവണയാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടുന്നത്)

പ്രശ്‌നം സമീപനത്തിന്റെയാണ്.

വാക്കില്‍ മാര്‍ക്‌സിസവും, പ്രവര്‍ത്തിയില്‍ സ്റ്റാലിനിസവും പിന്തുടരുന്ന പ്രവര്‍ത്തനശൈലി മാറ്റാതെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ പ്രശ്‌നങ്ങള്‍ അവസാനിയ്ക്കാന്‍ പോകുന്നില്ല.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയെപ്പോലെയല്ല, എഞ്ചിനീറിങ് കോളേജിലെ എസ്.എഫ്.ഐ പെരുമാറിയത് എന്ന് എനിയ്ക്ക് തോന്നിയതിന് കാരണം തന്നെ രണ്ടു യൂണിറ്റുകളും തമ്മിലുള്ള പ്രവര്‍ത്തനശൈലിയിലെ വ്യത്യാസം കൊണ്ടാണ്.

പ്രവര്‍ത്തകരിലും ആ വ്യത്യാസം ഉണ്ട്. നല്ല വിദ്യാഭ്യാസം നേടിയ അപ്പര്‍ ക്ളാസ്സ്, അപ്പര്‍ മിഡില്‍ ക്ളാസ്സ് വിദ്യാര്‍ഥികള്‍ ആണ് എഞ്ചിനീയറിംഗ് കോളേജില്‍ കൂടുതല്‍. സമൂഹത്തിലെ താഴെതട്ടില്‍ ഉള്ള കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉള്ളത്. ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ആ കുട്ടികള്‍ക്ക്, കോളേജില്‍ പാര്‍ട്ടിയുടെ ബലത്തില്‍ അമിതാധികാരം നല്‍കുന്നത്, ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് വലിയൊരു കാരണമാണ്.

എന്നാല്‍ ഈ സംഭവങ്ങള്‍ക്കൊക്കെ ഏറ്റവും ഉത്തരവാദി ആരെന്നു ചോദിച്ചാല്‍ ഞാന്‍ വിരല്‍ ചൂണ്ടുക കോളേജ് മാനേജ്മെന്റിനും വിദ്യാഭ്യാസ വകുപ്പിനും നേരെയാകും.

എം.ജി കോളേജിലും ധനുവച്ചപുരം കോളേജിലും എ.ബി.വി.പി അക്രമരാഷ്ട്രീയം നടക്കുന്നതിന് ഏറ്റവും കാരണം ആ കോളേജുകള്‍ നിയന്ത്രിയ്ക്കുന്ന എന്‍.എസ്.എസ് മാനേജ്മെന്റില്‍ ബി.ജെ.പിയ്ക്കും/ആര്‍.എസ്.എസ്സിനും ഉള്ള സ്വാധീനമാണ്. കോളേജില്‍ എത്ര അക്രമം നടത്തിയാലും ആ അക്രമം നടത്തുന്ന വിദ്യാര്‍ത്ഥിയ്ക്ക് എതിരെ മാനേജ്മെന്റ് നടപടി എടുക്കാറില്ല. നിശബ്ദമായ പ്രോത്സാഹനമാണ് മാനേജ്മെന്റ് അവര്‍ക്ക് നല്‍കുന്നത്. ഒപ്പം, ലോക്കലായുള്ള ആര്‍.എസ്.എസ് ഗുണ്ടകളുടെ പിന്തുണയും.

യൂണിവേഴ്‌സിറ്റി കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആയതിനാല്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടത് കോളേജ് പ്രിന്‌സിപ്പലിനെയും, വിദ്യാഭ്യാസ വകുപ്പിനെയും ആണ്. മുന്‍പ് നടന്ന പല അക്രമസംഭവങ്ങളിലും പ്രതികളായ എസ്.എഫ്.ഐക്കാര്‍ തന്നെയാണ് ഇപ്പോഴത്തെ അക്രമത്തിലും ഉള്‍പ്പെട്ടിരിയ്ക്കുന്നത്.
എന്ത് കൊണ്ട് അന്നൊക്കെ അവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി അധികാരികള്‍ എടുത്തില്ല എന്നത് ഉത്തരമില്ലാത്ത പ്രഹേളിക ഒന്നുമല്ല.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചു സംസാരിയ്ക്കുന്നവര്‍ അവിടത്തെ അധ്യാപക രാഷ്ട്രീയത്തെ മറക്കരുത്. എസ്.എഫ്.ഐക്കാര്‍ നടത്തുന്ന എല്ലാ പേക്കൂത്തുകള്‍ക്കും കുട പിടിച്ചു കൊടുക്കുന്ന അധ്യാപക സംഘടനാ നേതാക്കളെ ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് വരുന്നത് മിക്കവാറും ആ സംഘടനയില്‍പെട്ട ആളോ, അല്ലെങ്കില്‍ മര്യാദയ്ക്ക് പെന്‍ഷന്‍ പറ്റി പിരിയണമെന്ന ആഗ്രഹമുള്ള ഒരു റബ്ബര്‍ സ്റ്റാമ്പൊ ആകും. പ്രിന്‍സിപ്പലിന് കണ്ണടയ്ക്കാതെ വേറെ വഴി ഉണ്ടാകാറില്ല.
അവിടെ നടക്കുന്ന അക്രമങ്ങള്‍ക്ക് ഈ അധ്യാപക പിന്തുണയും ഒരു കാരണമാണ്.

 

വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു.

വിശ്വസിയ്ക്കുന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങളുമായി യാതൊരു അടുപ്പവുമില്ലാതെ, ക്യാമ്പസിനുള്ളിലെ അധികാരത്തിനായി മാത്രം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. സ്വന്തം സംഘടന ക്ഷയിച്ചാല്‍ ഇത്തരക്കാര്‍ മറ്റു തട്ടകങ്ങള്‍ തേടും. അബ്ദുള്ളകുട്ടിയും, സിന്ധു ജോയിയുമൊക്കെ ഇതിന് ഉദാഹരങ്ങളാണ്.
സ്വന്തം അണികളെ ആശയങ്ങളോടെ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോകുന്നത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പരാജയമാണ്.

അക്രമങ്ങള്‍ കാരണം കോളേജ് കുട്ടികളില്‍ അരാഷ്ട്രീയതാവാദത്തിന് പ്രചാരം ലഭിയ്ക്കുന്നു. കഴിവും, പ്രതിഭയുമുള്ള കുട്ടികള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിയ്ക്കുന്നു.
അപ്പോള്‍ നസീമും ശിവരഞ്ജിത്തും ‘മോഡല്‍’ അക്രമകാരികള്‍ യൂണിറ്റ് ഭാരവാഹികള്‍ ആയി മാറുന്നു. അവരിലൂടെ സംഘടന സമൂഹത്തിനു മുന്നില്‍ കൂടുതല്‍ നാറുന്നു. ഇതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്.

മുന്‍പ് ഹൈകോടതി കേരളത്തിലെ സ്‌ക്കൂളുകളില്‍ നിന്നും രാഷ്ട്രീയം നിരോധിച്ചപ്പോള്‍, കേരളസമൂഹത്തിലെ ഭൂരിപക്ഷവും ആ തീരുമാനത്തെ അനുകൂലിച്ചു. രാഷ്ട്രീയത്തിന്റെ പേരില്‍ സ്‌ക്കൂളുകളില്‍ നടന്നിരുന്ന അക്രമങ്ങളാണ് അതിന് കാരണമായത്. ആ അവസ്ഥയിലേക്കാണ് ഇപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും പോക്ക്..

ഇനി ഏറ്റവും പ്രധാനപ്പെട്ട ചോദ്യം വരുന്നു.

‘വര്‍ഷാവര്‍ഷം കുറെയേറെ ഡിഗ്രി, പി.ജി സര്‍ട്ടിഫിക്കറ്റുകാരെ അടവിരിച്ചു പുറത്തിറക്കുന്നു എന്നതിന് അപ്പുറം, കേരളത്തിലെ വിദ്യാഭാസരംഗത്തിനും പൊതുസമൂഹത്തിനും, കഴിഞ്ഞ രണ്ടു ദശകമായി യൂണിവേഴ്‌സിറ്റി കോളേജ് അടക്കമുള്ള കോളേജുകള്‍ നല്‍കിയ സംഭാവനകള്‍ എന്താണ്?’

സമൂഹത്തിന് ഉതകുന്ന പഠനങ്ങള്‍, റിസര്‍ച് രേഖകള്‍, അക്കാദമിക്ക് എക്‌സലന്‍സുകള്‍, മാറുന്ന കാലത്തിനനുസരിച്ചുള്ള കോഴ്സുകള്‍, പുതിയ സാങ്കേതിക വിദ്യകള്‍, പഠനരീതികള്‍ തുടങ്ങി എന്തെങ്കിലും നമുക്ക് കണ്ടെത്താന്‍ കഴിയുമോ?

നമ്മുടെ കോളേജ് വിദ്യാഭ്യാസരംഗത്തെ അപ്‌ഗ്രെഡ് ചെയ്യാന്‍ എന്ത് കൊണ്ട് വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല?
സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം കോളേജ് വിദ്യാഭ്യാസത്തിന് നാമെന്തു കൊണ്ട് കൊടുക്കുന്നില്ല?
ഒരു ന്യൂട്ടനോ, ഐന്‍സ്റ്റിനോ, സി.വി.രാമനോ എന്ത് കൊണ്ട് കൊണ്ട് നമ്മുടെ ക്യാമ്പസുകളില്‍ നിന്നും ഉയര്‍ന്നു വരുന്നില്ല?
രാജ്യത്തിന് അഭിമാനമായ ഒരു സ്ഥാപനമായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറുന്നില്ല?

ആറു വര്‍ഷത്തെ വിദ്യാര്‍ത്ഥി സംഘടനപ്രവര്‍ത്തനത്തിലൂടെ കോട്ടമൊന്നും ഉണ്ടായതായി ഞാന്‍ കരുതുന്നില്ല. ഏറെ അന്തര്‍മുഖനായിരുന്ന എന്നെ സമൂഹത്തെ അഭിമുഖീകരിയ്ക്കാനും, പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടാനും പഠിപ്പിച്ചത് ആ സംഘടനാ പ്രവര്‍ത്തനമായിരുന്നു. പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തുള്ള ലോകത്തെ അറിയാന്‍ വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തനം അനിവാര്യമാണെന്ന് വിശ്വസിയ്ക്കുന്നു.

ആ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില നിര്‍ദ്ദേശങ്ങളാണ് എനിയ്ക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.

1) വിദ്യാര്‍ത്ഥികളുടെ ആദ്യത്തെ ഉത്തരവാദിത്വം പഠിയ്ക്കുക എന്നത് തന്നെയാണ്. സംഘടനാപ്രവര്‍ത്തനം രണ്ടാമത്തെ വരുന്നുള്ളൂ. പക്ഷെ, ഇപ്പോള്‍ പഠിയ്ക്കാത്ത വിദ്യാര്‍ത്ഥി നേതാക്കളെയും, ക്ളാസ്സില്‍ കയറുന്ന ശീലം ഇല്ലാത്ത യൂണിറ്റ് നേതാക്കളെയുമാണ് കൂടുതല്‍ കാണുന്നത്. ഇത് മാറണം. എത്ര വലിയ നേതാവായാലും വിദ്യാര്‍ത്ഥി അല്ലാതായാല്‍ സംഘടനകളില്‍ നിന്നും ഒഴിവാക്കണം. വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്.

2) നിലവില്‍ യൂണിയന്‍ ഭാരവാഹികളെ വിദ്യാര്‍ഥികള്‍ മൊത്തം ചേര്‍ന്ന് വോട്ടു ചെയ്യുന്ന അമേരിക്കന്‍ മോഡല്‍ തെരഞ്ഞെടുപ്പാണ് കോളേജുകളില്‍ നടക്കുന്നത്. ഈ രീതി മാറണം. ഇന്ത്യയില്‍ നടക്കുന്ന പോലെ, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വോട്ടു ചെയ്തു വിജയിപ്പിയ്ക്കുന്ന എം.പിമാര്‍, പാര്‍ലമെന്റില്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിയ്ക്കുന്ന പാര്‍ലമെന്ററി രീതിയാണ് വേണ്ടത്.
ഓരോ ക്ളാസ്സുകാരും അവരുടെ പ്രതിനിധികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണം. ആ പ്രതിനിധികള്‍ ഒത്തുകൂടിയ പാര്‍ലമെന്റ് ആകണം ചെയര്‍മാന്‍ അടക്കമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. ഇത് തെരഞ്ഞെടുപ്പിന് കൂടുതല്‍ ജനാധിപത്യസ്വഭാവം നല്‍കും.

3) ‘എതിരില്ലാതെയുള്ള തെരെഞ്ഞെടുപ്പ്’ നിയമവിരുദ്ധമാക്കണം. ഇത്തരത്തില്‍ ഇലക്ഷന്‍ നടക്കാത്ത കോളേജിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് യൂണിവേഴ്‌സിറ്റി യൂണിയനിനിലോ, സെനറ്റ് തെരെഞ്ഞെടുപ്പിലോ വോട്ടവകാശം നല്‍കരുത്.

4) കേരളത്തിലെ ക്യാമ്പസുകളില്‍ അക്രമം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. കോളേജുകളിലെ വിദ്യാര്‍ത്ഥി അക്രമങ്ങളില്‍ നല്‍കേണ്ട അച്ചടക്ക നടപടിയെക്കുറിച്ച് വ്യക്തവും, ലിഖിതവുമായ നിയമാവലി ഉണ്ടാകണം. അത് പാലിയ്ക്കപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം. കോളേജില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി ആക്രമിയ്ക്കപ്പെടുകയും, കോളേജ് അധികൃതര്‍ അതിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ നടപടി എടുക്കാതിരിയ്ക്കുകയും ചെയ്താല്‍, ആ വിദ്യാര്‍ത്ഥിയ്ക്ക് ഈ സമിതിയില്‍ പരാതിപ്പെട്ട് നീതി നേടിയെടുക്കാന്‍ കഴിയണം.

5) സര്‍ക്കാരും,കോളേജ് മാനേജ്മെന്റുകളും, എല്ലാ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും കൂടിയുള്ള ഒരു യോഗം വിളിച്ച്, എല്ലാ ക്യാമ്പസുകളിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കും എന്നൊരു തീരുമാനം എടുക്കണം. ക്യാമ്പസ് അക്രമം നടത്തില്ല എന്നൊരു ഉറപ്പ് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ലിഖിതമായി ആ യോഗത്തില്‍ നല്‍കണം. ആ തീരുമാനം സംഘാടനതലത്തില്‍ നടപ്പാക്കണം.

6) വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ശരിയായ സംഘടനാ വിദ്യാഭ്യാസം നല്‍കാന്‍, അതാത് സംഘടനകള്‍ ശ്രമിയ്ക്കുക. ആശയങ്ങള്‍ ഉറച്ച പ്രവര്‍ത്തകര്‍ക്ക് അക്രമവാസന കുറയും. ക്യാമ്പസുകളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ കുറയ്ക്കുകയും വേണം.

7) ക്യാമ്പസുകളെ വീണ്ടും പഴയ സര്‍ഗ്ഗാത്മകാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുവാന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാകണം. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടെയും കൂട്ടായ പരിശ്രമം ഇതില്‍ ഉണ്ടാകേണ്ടിയിരിയ്ക്കുന്നു.

സമൂഹം ആഗ്രഹിയ്ക്കുന്ന മാറ്റത്തിന്റെ ചാലകശക്തിയായി വിദ്യാര്‍ത്ഥി സംഘടനകള്‍ മാറണം. അല്ലാത്തപക്ഷം, വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ഭൂതകാലത്തിന്റെ കുളിരുമായി കഴിയേണ്ടി വരും.

====================================

NB:

‘പിന്നെ ഞങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യുവിനും, എ.ബി.വി.പി യ്ക്കും ക്യാമ്പസ് ഫ്രണ്ടിനും പ്രവേശനം കൊടുക്കണോ’ എന്ന് ചോദിയ്ക്കുന്ന ചില ”ഫാസിസ്റ്റ് വിരുദ്ധ” പോരാളികളായ എസ്.എഫ്.ഐക്കാരെ കണ്ടു.

‘കൊടുക്കണം’ എന്ന് തന്നെയാണ് സഖാവെ എന്റെ ഉത്തരം.

യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല എം.ജി കോളേജ് അടക്കമുള്ള എല്ലാ കോളേജുകളിലും, എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും പ്രവര്‍ത്തിയ്ക്കട്ടെ. എല്ലാവരും അവരുടെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വയ്ക്കട്ടെ. തങ്ങള്‍ക്ക് ഇഷ്ടമുള്ള ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ തെരെഞ്ഞെടുക്കട്ടെ.

അതാണല്ലോ ജനാധിപത്യം.

ആശയങ്ങളുടെ കരുത്തുള്ള പ്രസ്ഥാനങ്ങള്‍ എതിര്‍ പ്രസ്ഥാനങ്ങളെ ഭയക്കാറില്ല. തങ്ങളുടെ ആശയങ്ങളുടെ ദൃഢത കൊണ്ട് തന്നെ തങ്ങള്‍ക്ക് ജയിക്കാം എന്ന ഉറപ്പ് അവര്‍ക്കുണ്ട്. അതിന് കഴിവില്ലാത്തവരാണ് ആയുധത്തില്‍ അഭയം തേടുന്നത്.

‘പിണറായിയോട് ചോദിക്കാം’: മുഖ്യമന്ത്രിയുമായി തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഎം ഫേസ്ബുക്ക് പേജ്‌

Share on

മറ്റുവാര്‍ത്തകള്‍