മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് പതിനേഴുകാരനായ മഹാരാഷ്ട്ര സ്വദേശി. ദുലീപ് ട്രോഫി ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് പ്രിഥ്വി ഷാ എന്ന യുവ ബാറ്റ്സ്മാന്‍ സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന പ്രിഥ്വിയുടെ പ്രായം 17 വയസ്സും 320 ദിവസവുമാണ്.
രഞ്ജി അരങ്ങേറ്റത്തിലും പ്രിഥ്വി സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ സെഞ്ചുറി നേടുമ്പോള്‍ പ്രിഥ്വിക്ക് 17 വയസ്സും 57 ദിവസവുമായിരുന്നു പ്രായം. സച്ചിനെപ്പോലെ മുംബൈയിലെ സ്‌കൂള്‍ ക്രിക്കറ്റില്‍ പ്രകടനം കൊണ്ടായിരുന്നു പ്രിഥ്വി ശ്രദ്ധ നേടിയത്. സ്‌കൂള്‍ മാച്ചില്‍ 330 പന്തില്‍ 546 റണ്‍സെടുത്താണ് പ്രിഥ്വി ആദ്യം ശ്രദ്ധനേടിയത്.
പ്രിഥ്വിയുടെ 154 റണ്‍സിന്റെ പിന്‍ബലത്തില്‍, ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ റെഡ് അഞ്ചുവിക്കറ്റിന് 317 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കും സെഞ്ചുറി (111) നേടി. ദുലീപ് ട്രോഫി ഫൈനലില്‍ ഇന്ത്യ ബ്ലൂവിനെതിരേ ടോസ് നേടിയ ഇന്ത്യ റെഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരിരുന്നു.