വെള്ളകുപ്പായക്കാര്‍ക്ക് ഇല്ലാതെ പോയതും കറ്റലന്‍ പടയ്ക്ക് ഉണ്ടായിരുന്നതും മെസിയായിരുന്നു. കാല്‍പ്പന്ത് കളിയിലെ മിശിഹയുടെ മാന്ത്രിക കാലുകള്‍ റയലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണബ്യൂവ് മൈതാനത്ത് ബാഴ്‌സയെ വിജയപഥത്തില്‍ എത്തിച്ചപ്പോള്‍ കറ്റലന്‍ ജനത മാത്രമല്ല ആവേശം കൊണ്ടത്, ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകരും കൂടിയായിരുന്നു. ലയണല്‍ മെസി എന്ന അര്‍ജന്റീനന്‍ താരം 39-ാം മിനിറ്റിലും 90-ാം മിനിറ്റിലും നേടിയ ഗോളുകളും ഇവാന്‍ റാക്കിട്ടിച്ച് 73-ാം മിനിറ്റില്‍ നേടിയ ഗോളും, റയലിന്റെ കാസെമിറോ 28-ാം മിനിറ്റിലും ഹാമിഷ് റോഡ്രിഗസ് 85-ാം മിനിറ്റിലും നേടിയ ഗോളുകള്‍ അപ്രസക്തമാക്കി നീലകുപ്പായക്കാര്‍ എല്‍ ക്ലാസിക്കോയില്‍ വിജയം രുചിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ ബാഴ്‌സിലോണ പരാജയപ്പെടുത്തി.
എംഎസ്എന്‍ (മെസി, സുവാരിസ്,നെയ്മര്‍) ത്രയത്തോടെയല്ലായിരുന്നു ഇന്നലെ ബാഴ്‌സ കളത്തിലിറങ്ങിയത്. സസ്‌പെന്‍ഷന്‍ മൂലം ബ്രസീല്‍ താരം നെയ്മര്‍ കളത്തിന് പുറത്തായിരുന്നു. റയലിന്റെ പരിക്കുമൂലം പുറത്തായിരുന്ന ഗാരത് ബെയ്ല്‍ കളത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ കളികളിലെ പ്രകടനത്തില്‍ റയലിനു തന്നെയായിരുന്നു മുന്‍തൂക്കം. പക്ഷെ ബാഴ്‌സ തങ്ങള്‍ ചാമ്പ്യന്മാരുടെ ടീമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഈ മത്സരത്തില്‍. റയലിന്റെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് കളിക്കേണ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി.
അദ്യ പാദം മുതല്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ എല്‍ ക്ലാസിക്കോ പോരാട്ടം തന്നെയായിരുന്നു നടന്നത്. ആദ്യ മിനിറ്റില്‍ റയലിന്റെ പ്രതിരോധ താരം മാര്‍സലോയുടെ കൈമുട്ടിടിച്ച് മെസി ചോരയൊലിപ്പിച്ചു. രക്തം കണ്ട സ്പാനീഷ് കാളകളെ പോലെയായിരുന്നു പിന്നീട് അങ്ങോട്ട് റയലിന്റെ മുറ്റത്ത് ബാഴ്‌സ കളിച്ചത്.
ആദ്യ ഗോള്‍ നേടിയത് ആതിഥേയര്‍ തന്നെയായിരുന്നു. 28-ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നും പ്രതിരോധ താരം മാര്‍സലോ ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍പോസ്റ്റിന് വലതുഭാഗത്തുകൂടി എത്തിയ സെര്‍ജിയോ റാമോസ് പന്ത് കാസെമിറോയുടെ കാലില്‍ എത്തിച്ചു. സെക്കന്‍ഡുകള്‍ പോലും വേണ്ടി വന്നില്ല കാസെമിറോയ്ക്ക് പന്ത് ബാഴ്‌സ വലയില്‍ എത്തിക്കാന്‍. അപ്പോള്‍ സ്‌കോര്‍ 1-0.
അടുത്ത അവസരം ബാഴ്‌സയുടേതായിരുന്നു. റയലിന്റെ സന്തോഷം അഞ്ചു മിനിറ്റ് നീണ്ടില്ല, 33-ാം മിനിറ്റില്‍ ബോക്‌സിന്റെ വലതുമൂലയില്‍നിന്നും റാക്കിട്ടിച്ച് നീട്ടി അടിച്ച പന്ത് കാലില്‍ എടുത്ത് മെസി റയലിന്റെ പ്രതിരോധനിരയെ കബളിപ്പിച്ച് ലോകത്തിലെ മികച്ച ഗോളികളിലൊരാളായ കെയ്‌ലര്‍ നവാസിനെയും വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-1
അടുത്ത ഗോളും കറ്റലന്‍ പടയുടെ തന്നെയായിരുന്നു. 73-ാം മിനിറ്റില്‍ ബോക്‌സിന് വെളിയില്‍ ലഭിച്ച പന്ത് ഇവാന്‍ റാക്കിട്ടിച്ച് റയല്‍ താരങ്ങളെ വെട്ടിച്ച് അടിച്ച ഷോട്ട് ഗോളി നവാസിന്റെ നീട്ടിയ കൈകളെ ഉമ്മവെച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ചരിഞ്ഞ് ഇറങ്ങിയപ്പോള്‍ ഗോള്‍ നില 2-1.
തങ്ങളും ചാമ്പ്യന്മാരാണ് വിട്ടുകൊടുക്കില്ല എന്ന വാശിയിലായിരുന്നു റയല്‍. എണ്‍പത്താം മിനിറ്റില്‍ മെസിയെ വീഴ്ത്തിയതിന് ക്യാപ്റ്റന്‍ റാമോസിന് ചുവപ്പുകാര്‍ഡ് കിട്ടിയിട്ടും റയല്‍ പതറിയില്ല. തന്ത്രങ്ങളുടെ ആശാനായ കോച്ച് സിദാന്‍, കരിം ബെന്‍സേമയെ പിന്‍വലിച്ച് ഹാമിഷ് റോഡ്രിഗസ് എന്ന തുറുപ്പ് ചീട്ട് ഇറക്കി. ഈ നീക്കത്തിന് മൂന്നു മിനിറ്റിനുള്ളില്‍ റോഡ്രിഗസ് ബാഴ്‌സയുടെ വല കുലുക്കി റയല്‍ ആരാധകരെ ആവേശം കൊള്ളിച്ചു. മാര്‍സലോ ബോക്‌സിന് പുറത്ത് ഇടതുമൂലയില്‍നിന്നും സമാന്തരമായി ഉയര്‍ത്തിവിട്ട പന്ത് മിന്നല്‍ പോലെ എത്തിയ റോഡ്രിഗസ്, ബാഴ്‌സ ഗോളി ടെര്‍സ്റ്റേഗനെ ഞെട്ടിച്ച് വലയിലെത്തിക്കുകയായിരുന്നു. സ്‌കോര്‍ 2-2.
There’s only one #Messi #ElClasico pic.twitter.com/ijYrUvlPtE
— The Season Ticket (@_SeasonTicket) April 23, 2017
കളി 90-ാം മിനിറ്റ് പിന്നിട്ടപ്പോഴും കഴിഞ്ഞ എല്‍ ക്ലാസിക്കോ മത്സരം പോലെ സമനിലയില്‍ കലാശിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. രണ്ട് മിനിറ്റു കൂടി റഫറി ഇന്‍ജുറി ടൈം അനുവദിച്ചപ്പോഴും മത്സരത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നു തോന്നുന്നില്ല. പക്ഷെ ബാഴ്‌സയിലെ ചാമ്പ്യന്മാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. സ്വന്തം ബോക്‌സില്‍ നിന്നും പന്തുമായി കുതിച്ചുകയറിയ സെര്‍ജി റോബര്‍ട്ടോ റയല്‍ താരങ്ങളെയും പ്രതിരോധക്കാരെയും ഭേദിച്ച് പന്ത് ജോര്‍ഡി ആല്‍ബയ്ക്ക് നല്‍കുന്നു. ജോര്‍ഡി ബോക്‌സിനുള്ളില്‍ നില്‍ക്കുന്ന മെസിയിലേക്ക് പന്ത് തൊടുത്തതും താരം അതേ വേഗത്തില്‍ റയല്‍ വലയില്‍ എത്തിച്ചതും മിന്നല്‍ വേഗത്തിലായിരുന്നു. നിമിഷങ്ങള്‍ക്കകം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തലയെടുപ്പോടെ ബാഴ്‌സയും തലതാഴ്ത്തി റയലും മൈതാനത്ത് നിന്നും മടങ്ങി.
റയല്‍ വല കാത്ത ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിന്റെ ഉജ്വല സേവുകളാണ് അവരെ അധികം ഗോളുകളുടെ മാര്‍ജിനില്‍ തോല്‍ക്കാതെ രക്ഷപ്പെടുത്തിയത്. ബാഴ്‌സയുടെ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റേഗനും ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. റയല്‍ താരങ്ങളുടെ അരഡസനോളം ഗോളെന്നുറപ്പിച്ച ഷോട്ടുകളാണ് ടെര്‍സ്റ്റേഗന്‍ തടഞ്ഞിട്ടത്. സൂപ്പര്‍ താരം മെസി മറ്റൊരു നേട്ടം കൂടി ഈ കളിയില്‍ നേടി. ബാഴ്‌സക്ക് വേണ്ടി അഞ്ഞൂറാം ഗോളാണ് മെസി നേടിയത്.
ഇതോടെ 33 മല്‍സരങ്ങളില്‍നിന്ന് 75 പോയിന്റുമായി ലാലിഗയില്‍ ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. 74 മത്സരം കളിച്ച റയലിനും 75 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതാണ് വെള്ളകുപ്പായക്കാര്‍ രണ്ടാം സ്ഥാനത്തായത്. 33 മല്‍സരങ്ങളില്‍നിന്നും 68 പോയിന്റുള്ള അത്‌ലറ്റിക്കോ മഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.