UPDATES

സിഎഎ അവഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമോ?

നിയമം നടപ്പിലാക്കില്ലെന്ന് കേരളമുള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍

                       

” ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിന് കേരളത്തിൽ സ്ഥാനമില്ല. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കും”. 2019 ലെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്താൻ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് കേരളം. ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയ വികാരങ്ങൾ ത്വരിതപ്പെടുത്താനുമുള്ള ഈ നീക്കം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചിരുന്നു. കേരളത്തിന് പുറമെ പശ്ചിമ ബംഗാളും നിയമം നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാടിലാണ്. കേന്ദ്രസർക്കാർ പാർലമെന്റിൽ ബഹുഭൂരിപക്ഷം പിന്തുണയോടെ പാസ്സാക്കിയ ഒരു നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടോ?

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിനും അടുത്ത വർഷം നടപ്പാക്കാനിരിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററിനും കീഴിലാണ് ഈ നിയമത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം നിരസിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറയുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാൾ, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നും അതത് സംസ്ഥാനങ്ങളിൽ നിയമം നടപ്പിലാകില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ പ്രസ്താവന. കേന്ദ്ര ലിസ്റ്റിലുള്ള ഒരു കേന്ദ്ര നിയമം നടപ്പാക്കുന്നത് നിഷേധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറയുന്നു. ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിന് കീഴിൽ 97 ഇനങ്ങളുണ്ട്, അവയിൽ പ്രതിരോധം, വിദേശകാര്യം, റെയിൽവേ, പൗരത്വം, പ്രകൃതിവൽക്കരണം എന്നിവയാണുള്ളത്.

അതെ സമയം പാർലമെൻ്റ് പാസാക്കിയിരിക്കുന്ന നിയമം നിഷേധിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപിൽ സിബൽ നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ (കെഎൽഎഫ്) മൂന്നാം ദിനത്തിലായിരുന്നു മുൻ നിയമ മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനങ്ങളുടെ നീക്കം “ഭരണഘടനാ വിരുദ്ധമാണ്” എന്നും അദ്ദേഹം ആരോപിച്ചിരുന്നു. “സിഎഎ പാസാക്കിയാൽ ‘ഞാൻ അത് നടപ്പാക്കില്ല’ എന്ന് ഒരു സംസ്ഥാനത്തിനും പറയാൻ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം, നിങ്ങൾക്ക് നിയമസഭയിൽ പ്രമേയം പാസാക്കുകയും അത് പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യാം. എന്നാൽ ഭരണഘടനാപരമായി ഞാൻ ഇത് നടപ്പാക്കില്ലെന്ന് പറയുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും. ” അദ്ദേഹം പറയുന്നു. എൻആർസി എൻപിആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എൻപിആർ നടപ്പിലാക്കേണ്ടത് പ്രാദേശിക രജിസ്ട്രാറാണ്. ഇനി ആ കണക്കെടുപ്പ് നടക്കേണ്ട കമ്മ്യൂണിറ്റിയുടെ തലത്തിലാണ് ലോക്കൽ രജിസ്ട്രാറെ നിയമിക്കേണ്ടത്, അവർ സംസ്ഥാനതല ഓഫീസർമാരായിരിക്കണം. “അപ്പോൾ പറഞ്ഞുവരുന്നത്, ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യൻ യൂണിയനുമായി സഹകരിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്നാണ്. അതാണ് പറയുന്നത്, പ്രായോഗികമായി ഇത് സാധ്യമാണോ അല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. പാർലമെൻ്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നത് ഭരണഘടനാപരമായി വളരെ ബുദ്ധിമുട്ടാണ്,” അദ്ദേഹം വിശദീകരിച്ചു.

” ഈ നിയമത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രവുമായി വളരെ ഗുരുതരമായ അഭിപ്രായവ്യത്യാസമുള്ള വിഷയമാണിത്. അതിനാൽ, സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനത്തിനായി ഞങ്ങൾ കാത്തിരിക്കും. ആത്യന്തികമായി, എസ്‌സി തീരുമാനിക്കും വരെ, നിയമത്തെക്കുറിച്ച് പറയുന്നതോ ചെയ്യുന്നതോ ആയ എല്ലാം താൽക്കാലികം മാത്രമാണ്” കപിൽ സിബലിന്റെ പ്രസ്‍താവനയോട് പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വാക്കുകളാണിത്.

പൗരത്വനിയമം അംഗീകരിക്കില്ലെന്ന നിലപിടിലാണ് പശ്ചിമ ബംഗാളും.” ബിജെപിയുടെ പ്രകടനപത്രികയിൽ വികസന വിഷയങ്ങൾക്ക് പകരം, രാജ്യത്തെ വിഭജിക്കുമെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. എന്തുകൊണ്ടാണ് പൗരത്വം മതത്തിൻ്റെ അടിസ്ഥാനത്തിലാകുന്നത്? കൂടുതൽ അംഗസംഖ്യയുള്ളത് കൊണ്ട് ലോക്‌സഭയിലും രാജ്യസഭയിലും എളുപ്പത്തിൽ നിയമങ്ങൾ പാസ്സാക്കാം. എന്നാൽ രാജ്യത്തെ വിഭജിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല.” ബംഗാളിൽ എൻപിആർ നടപ്പാക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മമത ബാനർജി പറയുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന സെൻസസും ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) പൗരത്വ നിയമം അനുശാസിക്കുന്ന വിവര ശേഖരമാണ്. അതിനാൽ നിയമം നടപ്പാകില്ലെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയില്ല. എൻപിആർ, അല്ലെങ്കിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ, അടിസ്ഥാനപരമായി രാജ്യത്ത് സാധാരണയായി താമസിക്കുന്ന ആളുകളുടെ ഒരു പട്ടികയാണ്. ഗ്രാമങ്ങൾ, പട്ടണങ്ങൾ, ജില്ലകൾ, സംസ്ഥാനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലും ദേശീയ തലത്തിലും ഇത് ഒരുമിച്ച് ചേർക്കുന്നു. 1955-ലെ പൗരത്വ നിയമത്തിലും 2003-ലെ പൗരത്വ നിയമങ്ങളിലും പറഞ്ഞിരിക്കുന്ന നിയമങ്ങൾ കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ലളിതമായി പറഞ്ഞാൽ, രാജ്യത്ത് ആരൊക്കെ താമസിക്കുന്നുവെന്ന് സർക്കാരിന് നിരീക്ഷിക്കാനുള്ള ഒരു മാർഗമാണിത്. ഇന്ത്യയിലെ ഓരോ സാധാരണ താമസക്കാരനും എൻപിആറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. എൻപിആർ പ്രകാരം “സാധാരണ താമസക്കാരൻ” എന്നത് ഒരു പ്രദേശത്ത് കുറഞ്ഞത് കഴിഞ്ഞ 6 മാസമായി താമസിക്കുന്നവരോ അല്ലെങ്കിൽ അടുത്ത 6 മാസമോ അതിൽ കൂടുതലോ അവിടെ താമസിക്കാൻ പദ്ധതിയിടുന്നവരോ ആയിരിക്കും.

Related news


Share on

മറ്റുവാര്‍ത്തകള്‍