UPDATES

സയന്‍സ്/ടെക്നോളജി

മനുഷ്യ വംശത്തെ ഇല്ലാതാക്കാന്‍ ശേഷിയുള്ള കൊലയാളി റോബോട്ടുകളെ നിരോധിക്കണം: മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ 

കൊല്ലുന്നത് റോബോട്ടുകളാണെങ്കിലും അവയെക്കൊണ്ട് കൊല്ലിക്കുന്നത് മനുഷ്യനാണ്. അതിനാല്‍ത്തന്നെ അവയെ ആരംഭത്തിലേ തടുക്കാന്‍ സാധിക്കണം – ലോറ നോലന്‍

                       

മനുഷ്യ വംശത്തെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് മുന്‍ ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ മുന്നറിയിപ്പ്. ആകസ്മികമായി ഒരു യുദ്ധം ആരംഭിക്കുവാനോ ക്രൂരകൃത്യങ്ങള്‍ നടത്തുവാനോ അത്തരം റോബോട്ടുകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു. യുഎസ് മിലിട്ടറി ഡ്രോണ്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രോജക്റ്റിലേക്ക് നിയമിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ നിന്ന് രാജിവച്ച ലോറ നോലന്‍ എന്ന എഞ്ചിനീയറാണ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

മനുഷ്യനുപകരം കൃത്രിമബുദ്ധി (എ.ഐ) ഉപയോഗിച്ച് നിയന്ത്രിക്കുന്ന എല്ലാ കൊലകളും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. രാസായുധങ്ങള്‍ നിരോധിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര ഉടമ്പടിയിലൂടെ കൊലയാളി റോബോട്ടുകളെയും നിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് നോലന്‍ പറയുന്നത്.

ഡ്രോണുകളില്‍ നിന്നും വ്യത്യസ്ഥമായി കൊലയാളി റോബോട്ടുകള്‍ക്ക് ‘യഥാര്‍ത്ഥത്തില്‍ പ്രോഗ്രാം ചെയ്യാത്ത തരം അപകടങ്ങളും വരുത്തിവയ്ക്കാന്‍ സാധിക്കും. എത്ര വിദൂര സ്ഥലങ്ങളില്‍ ആണെങ്കിലും ഡ്രോണുകള്‍ നിയന്ത്രിക്കുന്നത് മനുഷ്യരാണ്. എന്നാല്‍ കില്ലര്‍ റോബോട്ടുകള്‍ അങ്ങനെയല്ല. യുദ്ധത്തിന്റെ പുതിയ തലങ്ങളിലേക്കായിരിക്കും ഇത്തരം റോബോട്ടുകള്‍ നമ്മളെ കൊണ്ടെത്തിക്കുക. പൂര്‍ണമായും സ്വയം ‘നിയന്ത്രിക്കുന്ന’ ആയുധങ്ങളെ വിലക്കണമെന്ന് സാമൂഹികപ്രവര്‍ത്തകരും സാങ്കേതിക മേഖലയിലെ വമ്പന്മാരും നേരത്തെതന്നെ ആവശ്യപ്പെടുന്നുണ്ട്. ടെസ്ല കമ്പനി തലവന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ് ഇതിന്റെ മുന്‍പന്തിയില്‍.

അതേസമയം, ഇത്തരത്തിലുള്ള റോബോട്ടുകളുടെ വികസനത്തില്‍ ഗൂഗിളിന് എന്തെങ്കിലും പങ്കുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. കഴിഞ്ഞ മാസം യുഎന്നിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വിദഗ്ധരുടെ ഒരു പാനല്‍ സ്വയം നിയന്ത്രിത ആയുധങ്ങളെകുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഗൂഗിള്‍ എ.ഐ നിയന്ത്രിത ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നില്ല എന്ന് അവര്‍ വിലയിരുത്തിയിരുന്നു.

കില്ലര്‍ റോബോട്ടുകളെ നിയന്ത്രിക്കണമെന്ന കാമ്പെയ്നില്‍ ചേര്‍ന്ന നോലന്‍, അത്തരം ആയുധങ്ങള്‍ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് ന്യൂയോര്‍ക്കിലെയും ജനീവയിലെയും യുഎന്‍ നയതന്ത്രജ്ഞരേ വിശദമായി ബോധ്യപ്പെടുത്തി. കൊല്ലുന്നത് റോബോട്ടുകളാണെങ്കിലും അവയെക്കൊണ്ട് കൊല്ലിക്കുന്നത് മനുഷ്യനാണ്. അതിനാല്‍ത്തന്നെ അവയെ ആരംഭത്തിലേ തടുക്കാന്‍ സാധിക്കണം. വിവിധ അല്‍ഗോരിതം പ്രകാരമാണ് ഇത്തരം ആയുധങ്ങളുടെ പ്രവര്‍ത്തനം. ഇവ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ആരായിരിക്കും ഉത്തരവാദി. യന്ത്രങ്ങള്‍ക്കും അല്‍ഗോരിതങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ഒരു നിയമവും കോടതിയും ഇല്ലല്ലോ. നോലന്‍ പറഞ്ഞു.

Read: ഹിന്ദുത്വയുടെ വംശശുദ്ധി പാഠങ്ങളും നമ്മുടെ പൊതുവിദ്യാഭ്യാസവും; ഭയപ്പെടുത്തുന്ന നിശബ്ദതയുടെ കാലം

 

Related news


Share on

മറ്റുവാര്‍ത്തകള്‍