June 17, 2025 |
Share on

ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നത് ഡിജിറ്റല്‍ ഗുണ്ടകളെ പോലെ: യുകെ പാര്‍ലമെന്റ് കമ്മിറ്റി റിപ്പോര്‍ട്ട്

ഫേസ്ബുക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്‌സ് സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.

ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നത് ഡിജിറ്റല്‍ ഗുണ്ടകളെ പോലെയെന്ന് യുകെ പാര്‍ലമെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ബോധപൂര്‍വം ഡാറ്റ പ്രൈവസിയും ആന്റി കോപിറ്റീഷന്‍ നിയമങ്ങളും ലംഘിച്ചതായി കമ്മിറ്റി ആരോപിക്കുന്നു. വ്യാജ വാര്‍ത്തകളും തെറ്റായ വീവരങ്ങളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ 18 മാസത്തെ അന്വേഷണത്തിന് ശേഷമാണ് പാര്‍ലമെന്റ് കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്‌സ് സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.

2011 മുതല്‍ 2015 വരെ ഫേസ്ബുക്ക് നടത്തിയ ആഭ്യന്തര ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം കമ്പനി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കടന്നുകയറി വ്യക്തിഗത വിവരങ്ങള്‍ പങ്കുവച്ചതായി കണ്ടെത്തി. പ്രൈവസി സെറ്റിംഗ്‌സ് മാറ്റാനുള്ള സന്നദ്ധത ഫേസ്ബുക്ക് അറിയിച്ചിരുന്നതായി പാര്‍ലമെന്റ് കമ്മിറ്റി പറയുന്നു. ഡാറ്റ കൈമാറ്റത്തിന് പകരമായി പല ആപ്പ് ഡെവലപ്പര്‍മാരുടേയും പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് വലിയ വിലയിട്ടു. സിക്‌സ് ഫോര്‍ ത്രീ പോലെയുള്ള ഡെവലപ്പര്‍മാര്‍ക്ക് ഇത് വലിയ നഷ്ടമുണ്ടാക്കി.

ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് മൂന്ന് തവണ വിളിപ്പിച്ചപ്പോളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇത് യുകെ പാര്‍ലമെന്റിനോടും ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് കമ്മിറ്റിയോടുമുള്ള അനാദരവാണ് – റിപ്പോര്‍ട്ട് പറയുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ഡാറ്റ ലീക്ക് വിവാദങ്ങളാണ് 2012ല്‍ യുകെ പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തിലേയ്ക്ക് തിരിഞ്ഞത്. 108 പേജ് വരുന്ന റിപ്പോര്‍ട്ടാണ് പാര്‍ലമെന്ററി കമ്മിറ്റി പുറത്തിറക്കിയിരിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ടിനെ മാനിക്കുന്നതായും ഉചിതമായ നിയന്ത്രണങ്ങള്‍ അംഗീകരിക്കുമെന്നും ഫേസ് ബുക്ക് യുകെ പോളിസി മാനേജര്‍ കരീം പലന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×