UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ രഹസ്യാന്വേഷണം പക്ഷം പിടിക്കുമ്പോള്‍

ടീം അഴിമുഖം

2006 ഏപ്രില്‍ 14 – ഓള്‍ഡ് ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ ജമാ മസ്ജിദ്. വൈകുന്നേരത്തെ അസര്‍ നമസ്‌കാരത്തിനായി ആളുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയം. വസൂ ഖാനയ്ക്കടുത്ത് ആദ്യത്തെ ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ പ്രാര്‍ഥനയ്ക്കു വന്നവര്‍ കൈ കാലുകള്‍ ശുദ്ധമാക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ സ്‌ഫോടനം അധികം ദൂരയല്ലാതെ നടന്നു. കുറഞ്ഞത് 13 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേല്ക്കുകയുണ്ടായി.

സമീപത്തെ മൊബൈല്‍ ടവറുകളെ കേന്ദ്രീകരിച്ചും സ്‌ഫോടനം നടക്കുന്നതിന് തൊട്ടടുത്ത സമയങ്ങളില്‍ ജമാ മസ്ജിദ് പ്രദേശത്തു നിന്നു പുറത്തേക്കു പോയ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് വിളിച്ച ഒരു കോള്‍ സംശയാസ്പദമായി അന്വേഷണ സംഘത്തിലെ ചിലര്‍ കണ്ടെത്തി. എന്നിരുന്നാലും ഈ സംശയത്തെ ഔദ്യോഗിക അന്വേഷണ സംഘം തള്ളിക്കളഞ്ഞു. ഔദ്യോഗിക സ്ഥിരീകരണമില്ലാതെതന്നെ മുസ്ലീം സംഘടനകളുടെ മേല്‍ കുറ്റമാരോപിച്ചുകൊണ്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇസ്ലാം മതവിഭാഗങ്ങള്‍ക്കിടയിലെ ഉള്‍പ്പോരാണു സ്‌ഫോടനത്തിനു പിന്നിലെന്നായിരുന്നു അവരുടെ നിഗമനം. നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ക്കും മരണങ്ങള്‍ക്കും ശേഷം, കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യയൊട്ടാകെ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്ത ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെ സിരാ കേന്ദ്രമായി ഇന്‍ഡോര്‍ മാറി.

ജുമാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ്, 2006 ജൂലൈ 6-ന് മുംബൈ സബര്‍ബന്‍ ട്രെയിനില്‍ സ്‌ഫോടനം നടന്നത്. ഒരു ദിവസത്തെ തിരക്കുപിടിച്ച ഒഫീസ് ജോലികള്‍ക്ക് ശേഷം വീട്ടിലേക്കു തിരിച്ചുപോകുന്ന യാത്രക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞ ട്രെയിനില്‍ 11 മിനുട്ടിനുള്ളില്‍ 7 സ്‌ഫോടനങ്ങളാണ് നടന്നത്. ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ഈ സ്‌ഫോടനത്തില്‍ 209 ആളുകള്‍ കൊല്ലപ്പെടുകയും 700- ഓളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്റെ വിശ്വസ്തരായ രഹസ്യാന്വേഷണ മേധാവികളിലൊരാളെ തന്നെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ മുംബൈയിലേക്കയച്ചു. അന്വേഷണം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സംശയാസ്പദമായ ഒരു ഫോണ്‍ കോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബീഹാര്‍ – നേപ്പാള്‍ അതിര്‍ത്തിയിലെ ദര്‍ബംഗയിലേക്ക് മുംബൈയില്‍ താമസിക്കുന്ന ഒരാളായിരുന്നു ആ കോള്‍ വിളിച്ചത്. ‘ജന്മദിനാഘോഷം നന്നായി നടന്നു. നീ അതിനെക്കുറിച്ചു നേരത്തെതന്നെ അറിഞ്ഞിട്ടുണ്ടാകുമല്ലോ’. ഇതായിരുന്നു സംഭാഷണം. സംഭാഷണത്തിലെ രണ്ടാമത്തെ വരി യഥാര്‍ത്ഥത്തില്‍ ഒരു രഹസ്യ സന്ദേശമാണെന്ന സൂചനയായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്. ഒരിക്കലും അതൊരു ‘ജന്മദിനാഘോഷ’ത്തെക്കുറിച്ചല്ല. എന്നിട്ടും രഹസ്യാന്വേഷണ മേധാവി ഡല്‍ഹിയിലേക്കു മടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ലോക്കല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അവര്‍ ദര്‍ബംഗയിലേക്കുള്ള ഫോണ്‍ കോള്‍ അവഗണിക്കുകയും നേരത്തെതന്നെ അവരുടെ കസ്റ്റഡിയിലുണ്ടായിരുന്ന പാക്കിസ്ഥാന്‍കാരനെ വെടിവെച്ചു കൊന്നതിനു ശേഷം ഇന്ത്യക്കാരും പാകിസ്ഥാനികളും ഉള്‍പ്പെട്ട സംഘമാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണം പൂര്‍ണ്ണമായും കുത്തഴിഞ്ഞ രീതിയിലായിരുന്നു. നിരവധി വര്‍ഷങ്ങള്‍ക്കും നിരപരാധികളായ അനവധി പേരുടെ മരണത്തിനും ശേഷം ദര്‍ബംഗ ഇപ്പോള്‍ ഇന്ത്യന്‍ മുജാഹിദീന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി മാറിയിരിക്കുന്നു.

അഴിമുഖം വായനക്കാരുടെ മുന്‍പില്‍ വെളിപ്പെടുത്തുന്ന ഈ രണ്ട് ഉദാഹരണങ്ങളും ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ ദുര്‍ബലമായ അവസ്ഥ, അതിന്റെ പക്ഷപാതങ്ങള്‍, നിരപരാധികളെ സംരക്ഷിക്കാനുള്ള അതിന്റെ കഴിവില്ലായ്മ എന്നിവയുടെ അടയാളങ്ങളാണ്. ഡല്‍ഹിയിലെ ഭരണകേന്ദ്രം സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പ്രത്യേകിച്ചും ഇന്റെലിജെന്‍സ് ബ്യൂറോ, മറ്റ് രഹസ്യാന്വേഷണ എജന്‍സികള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ട അവസരം അതിക്രമിച്ചിരിക്കുന്നു. യാസിന്‍ ഭട്കലിന്റെ അറസ്റ്റും ഗുജറാത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ കുറ്റസമ്മതവും ഗൌരവ പൂര്‍ണ്ണമായ പുനര്‍വിചിന്തനതിന്റെ അവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

രഹസ്യാന്വേഷണ സംവിധാനത്തിലെ പക്ഷപാതങ്ങള്‍
2006-ല്‍ ജമാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടു ഇന്‍ഡോര്‍ സൂചന അവഗണിക്കുവാനുള്ള പ്രധാന കാരണം ഭീകരപ്രവര്‍ത്തനം മുസ്ലിം സംഘടനകളുടെ മാത്രം ഏര്‍പ്പാടാണെന്ന കടുത്ത പക്ഷപാതപരമായ കാഴ്ചപ്പാടാണ്. കൂടാതെ ഹിന്ദു ഭീകരവാദ സംഘങ്ങളെ സംരക്ഷിക്കാനുള്ള രഹസ്യാന്വേഷണ സംവിധാനത്തിനകത്തെ സ്ഥാപിത താല്‍പ്പര്യക്കാരുടെ ശ്രമവുമുണ്ടാകാം. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ഇന്ത്യന്‍ രഹസ്യാന്വേഷണ സംവിധാനത്തെ ശുദ്ധികരിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതിനുള്ള ആര്‍ജ്ജവം ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ കാണിച്ചിട്ടില്ല. അഭിനവ് ഭാരതിനും കേണല്‍ പുരോഹിതിനെയും പോലുള്ളവര്‍ക്കും ഈ സംവിധാനത്തിനകത്തുനിന്നു വേണ്ടത്ര പിന്തുണ കിട്ടിയിട്ടുണ്ടെന്നതിനു നിരവധി സൂചനകളുണ്ട്. അല്ലെങ്കില്‍ എങ്ങനെയാണ് കേണല്‍ പുരോഹിതിനു ആര്‍ ഡി എക്‌സ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ ലഭിക്കുന്നത്. ഓരോ സ്‌ഫോടനം നടക്കുമ്പോഴും മുസ്ലിം സംഘടനകളെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ എജന്‍സികളുടെ വ്യഗ്രത കാണിക്കുന്നത് അവരുടെ പക്ഷപാതത്തെ തന്നെയാണ്. അഭിനവ് ഭാരതിന്റെ അനുഭവങ്ങളില്‍ നിന്നും അവര്‍ വേണ്ടത്ര പഠിച്ചില്ലെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ബോധ്ഗയയില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ അവരെന്തിനാണ് ഇന്ത്യന്‍ മുജാഹിദിന്റെയും മ്യാന്മാര്‍ രോഹിന്ഗ്യാന്‍ മുസ്ലിമിറെയും തലയില്‍ കുറ്റം ചാര്‍ത്തിയത്. ആരെയും കൊല്ലുകയല്ല മറിച്ച് മന്ദിരത്തിന്റെ സുരക്ഷ ശക്തമാക്കുക, തല്‍സംവിധാനം തുടരുക തുടങ്ങി മറ്റു ചില ലക്ഷ്യങ്ങളായിരുന്നു സ്‌ഫോടനത്തിന് പിന്നിലെന്ന സൂചന കിട്ടിയതിനുശേഷമായിരുന്നു ഇതൊക്കെ.

ഭീകരവാദതിന്റെ സങ്കീര്‍ണ്ണതകള്‍
നമ്മുടെ രഹസ്യാന്വേഷണ എജന്‍സികളുടെ തലപ്പത്തുള്ള ഐ പി എസ് ഓഫീസര്‍മാര്‍ എളുപ്പത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വശപ്പെടുന്നവരാണെന്നു തിരിച്ചറിയുമ്പോഴാണു നമ്മുടെ സുരക്ഷ സംവിധാനങ്ങള്‍ എന്തുകൊണ്ടാണ് കുത്തഴിഞ്ഞു കിടക്കുന്നതെന്ന് മനസിലാകുക. അങ്ങനെയല്ലായിരുന്നെങ്കില്‍, ദര്‍ബംഗ
ഫോണ്‍ കോളിന്റെ പിന്നാലെ പോയിരുന്നെങ്കില്‍ 2006-ല്‍ തന്നെ ഇന്ത്യന്‍ മുജഹിദിന്റെ പ്രവര്‍ത്തന കേന്ദ്രം തകര്‍ക്കാന്‍ സാധിക്കുമായിരുന്നു. ഈ ജോലി യാതന നിറഞ്ഞതും അദൃശ്യവും പൊതുജനങ്ങളുടെ അംഗീകാരം കിട്ടാത്തതുമാകാം. എന്നാല്‍ നമ്മുടെ ഏജന്‍സികളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരിക്കലും അജ്ഞാതരായിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരുന്നില്ല. സിനിമ താരങ്ങളെ പോലെ പരിഗണിക്കപ്പെടാന്‍ കൊതിയുള്ളവരാണ് അവര്‍. അതിനു വേണ്ടി ചിലരെങ്കിലും തെളിവുകള്‍ പടച്ചുണ്ടാക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നുണ്ട്.

ഈയൊരു സന്ദര്‍ഭത്തില്‍ നിന്നുകൊണ്ടാകണം അഴിമുഖം ഈയിടെ പ്രസിദ്ധികരിച്ച ഗുജറാത്ത് പോലീസ് മേധാവി ഡി ജി വന്‍സാരയുടെ രാജിക്കത്ത് വായിക്കപ്പെടെണ്ടത്. തങ്ങളുടെ രാഷ്ട്രീയ മേലാളന്‍മാര്‍ക്കു അസ്വസ്ഥതയുണ്ടാക്കുന്നവര്‍ ആരായാലും, അവര്‍ നിരപരാധികളായിക്കൊള്ളട്ടെ, അവരെ ഇല്ലാതാക്കാനുള്ള ഒരു കൊലപാതക സംഘമാണ് തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് വന്‍സാര പറഞ്ഞത്തിന്റെ ചുരുക്കം. ഇതിന് രാജ്യത്തിന്റെ ഭരണഘടനപോലും പ്രതിബന്ധമായിരുന്നില്ല. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിനറെ സ്ഥിതി ഇനി ഇത്രത്തോളം പരിതാപകരമാവില്ലെന്നു നമുക്ക് കരുതാതിരിക്കാം. യസീന്‍ ഭട്കല്‍ നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധതയോടെയും കര്‍ക്കശമായും അന്വേഷിക്കുമെന്നും അയാളുടെ പേരില്‍ പ്രസ്താവനകള്‍ കെട്ടിച്ചമക്കുകയില്ലെന്നും നമുക്ക് ആത്മാര്‍ത്ഥമായി വിശ്വസിക്കാം.

 

Share on

മറ്റുവാര്‍ത്തകള്‍