തലയുയർത്തി നിൽക്കുന്ന മലനിരകളുടെ അടിവാരത്തിൽ വന്നവസാനിക്കുന്നൊരു നാട്ടുപാത… ഇരുവശവും നെൽവയലുകളും വരമ്പുകളിൽ അങ്ങിങ് ഓടി നടക്കുന്ന മയിലുകളും… ചുരമിറങ്ങി വരുന്ന കാറ്റിനു മകരമഞ്ഞിന്റെ തണുപ്പ്…വഴി അവസാനിക്കുന്നിടത്ത് നിന്ന് ആരംഭിക്കുന്ന ഒരു മാന്തോപ്പ്… അപരിചിതരെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന കുറച്ച് നാട്ടുകാർ… ഇതിനൊക്കെ പുറമെ കാത്തിരിക്കുന്നത് യുഗങ്ങൾ കൈമാറി വന്ന, തലമുറകൾ പകർന്നു കൊടുത്ത ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ… ഒരു യാത്രികനെ ആവേശഭരിതനാക്കാൻ മറ്റെന്ത് വേണം!
കശ്യപ മഹർഷിയുടെ അസ്തിത്വത്തിനു വേദകാലത്തിന്റെ പഴക്കമുണ്ട്. സുരാസുരന്മാരുടെ പിതാവായ കശ്യപമഹര്ഷിയിൽ നിന്നാണ് കാച്ചാംകുറിശ്ശി എന്ന പേരിന്റെ ഉത്ഭവം . കശ്യപ കുറിശ്ശി ലോപിച്ചാണ് കാച്ചാംകുറിശ്ശിയായത് . പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള കാച്ചാംകുറിശ്ശി പെരുമാൾ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം കശ്യപമഹര്ഷിയാൽ പ്രതിഷ്ഠിച്ചതാണ് എന്നാണു വിശ്വാസം . ക്ഷേത്രത്തിൽ നിന്ന് അതിരെന്ന വണ്ണം തലയുയർത്തി നിൽക്കുന്ന ഗോവിന്ദമലയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം .
മഹാവിഷ്ണു ഭക്തനായിരുന്ന കശ്യപ മഹർഷി തപസ്സിരുന്നത് ഗോവിന്ദ മലയിലായിരുന്നത്രെ. അവിടെ വച്ച് മഹാവിഷ്ണു ദര്ശനം കൊടുത്തെന്നും പിന്നീട് ത്രേതായുഗത്തിൽ വനവാസക്കാലത്ത് രാമാ ലക്ഷ്മണന്മാർ സീതാസമേതം അവിടെയെത്തിയെന്നും ഒക്കെയാണ് വിശ്വാസം . ഗോവിന്ദമലയുടെ തുഞ്ചത്ത് രണ്ട് പാദങ്ങളുടെ അടയാളവും ഒരു ശംഖിന്റെ അടയാളവുമുണ്ട് . കൂടാതെ വിശ്വാസവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന (വഴിയെ വിശദീകരിക്കാം) ഒരു ചെറിയ നീരുറവും ഉണ്ട് .
നെല്ലിയാമ്പതി മലനിരകളിൽ തന്നെയാണ് ഗോവിന്ദമലയുടെ സ്ഥാനവും. എന്നാൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് അവിടെ പ്രവേശിക്കുവാനുള്ള അനുവാദം ഫോറസ്ററ് അധികൃതർ നൽകുന്നത് . തൈപ്പൂയത്തിന്റെ തലേ ദിവസം മുതൽ അന്ന് രാവിലെ വരെ ആണ് പ്രവേശാനുമതി നല്കുക. ഗോവിന്ദാമല തീർത്ഥാടനത്തിന് പ്രധാനമായും എത്തുന്നത് തമിഴ്‌നാട്ടിലെ വിശ്വാസികളാണ് എന്നതാണ് രസകരം. തൈപ്പൂയത്തിന്റെ തലേദിവസം നൂറുകണക്കിന് വാഹനങ്ങളിലായി കുടുംബസമേതം അവരെത്തും . അടിവാരത്തിൽ പാറകൾ നിറഞ്ഞ ഭാഗത്തു ഒരു തമിഴ് ഗ്രാമത്തിന്റെ അന്തരീക്ഷം ആയിത്തീരും. തമിഴ് കലകളും നൃത്തരൂപങ്ങളുമൊക്കെയായി അവർ അന്ന് അവിടെ ചിലവഴിക്കും. വ്രതമെടുത്ത വന്ന ഭക്തർ വൈകുന്നേരത്തോടെ മലകയറും. കൂടെ വന്നവർ, സ്ത്രീകൾ ഒക്കെ താഴെ കാത്തിരിക്കും…രാത്രി മുകളിലെത്തി ചടങ്ങുകൾ കഴിച്ച തിരിച്ചെത്തി , പുലർച്ചെ അവർ തിരിച്ച പോവും… കേരളത്തിന്റെ ഉള്ളിൽ ഒരു ദിവസത്തേക്കു ഒരു തമിഴ് ഗ്രാമം രൂപപ്പെടും, അവർ ആഘോഷങ്ങളുമായി ഒരു രാവ് ചിലവഴിക്കും, നിർവൃതിയോടെ അടുത്ത വര്ഷത്തേക്ക് ഉപചാരം ചൊല്ലിപ്പിരിയും .
രാവിലെ തന്നെ മന്ദാടിയാർ ഹോട്ടലിൽ നിന്ന് രുചികരമായ പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങൾ ഗോവിന്ദാമലയിലേക്ക് പുറപ്പെട്ടു . മാന്തോപ്പും തെങ്ങിൻ തോപ്പും കടന്നു മലയടിവാരവും പിന്നിട്ട് മലകയറാൻ തുടങ്ങി . കുറ്റിക്കാടും വനവും ഇടകലർന്ന ഒരു ഭൂപ്രകൃതിയാണ് ആരംഭത്തിൽ . എങ്ങും ആനപ്പിണ്ടങ്ങൾ കിടക്കുന്നുണ്ടായിരുന്നു . താഴെയുള്ള മാന്തോപ്പുകളിലും തെങ്ങിൻതോപ്പുകളിലും വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കുവാൻ വൈദ്യുതവേലി കെട്ടിയത് ശ്രദ്ധയിൽ പെട്ടിരുന്നു . നിരപ്പായ പ്രദേശങ്ങൾ വളരെ കുറഞ്ഞ, എന്നാൽ കുത്തനെയുള്ള കയറ്റങ്ങൾ നിറഞ്ഞ ഒരു ട്രെക്കിങ്ങ് ആണ് ഗോവിന്ദമലയിലേത് .
കുത്തനെയുള്ള പാറകൾ നിറഞ്ഞ പ്രദേശങ്ങൾ ഇടക്കിടെ കാണാം. അങ്ങനെയുള്ള പാറകളിൽ അല്പസമയം വിശ്രമിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് പോയി . ധാരാളം നെല്ലിമരങ്ങൾ കായ്ച്ച നിൽപ്പുണ്ടായിരുന്നു. കയ്യെത്തുന്നിടത്ത് നിന്ന് പൊട്ടിച്ച് കഴിച്ചു നോക്കി. നാടൻ , അല്ല കാടൻ നെല്ലിക്കയുടെ കയ്പ്പ് ! വർഷത്തിലെ ഒരിക്കൽ മാത്രമുള്ള ഈ തീർതഥാടന പ്രവാഹത്തെ വരവേൽക്കാനായി പ്രത്യേകിച്ച് യാതൊരു ഒരുക്കവും അധികൃതരുടെ ഭാഗത്തു നിന്ന് ഇല്ല. വെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളിലോ വിതരണം ചെയ്യാനുള്ള സംവിധാനവും ഇല്ല. ഒരു കണക്കിന് നല്ലതാണെന്ന് പറയാം, അത്രയും മാലിന്യങ്ങൾ കാട്ടിലേക്കെത്തുന്നത് കുറയും. അൽപ്പം നിരപ്പായ പാറകൾ നിറഞ്ഞ, താഴ്വാരത്തിന്റെ മനോഹരമായ ദൃശ്യം സമ്മാനിക്കുന്ന ഒരു സ്ഥലത്തെത്തി. പലഹാരമേട് എന്ന വിളിപ്പേരുണ്ടത്രെ ആ പാറക്ക് . അവിടെ വൈകുന്നേരമെത്തുന്ന ആളുകൾക്ക് വിൽക്കാനായി ചുക്കുകാപ്പി തയ്യാറാക്കുന്ന ഒരു ചേട്ടനെ പരിചയപ്പെട്ടു. അവിടെ നിന്ന് അകലെയായി ഒരു ഉറവയുണ്ടെന്നും, അവിടെ നിന്നാണു ചുക്ക് കാപ്പിക്കുള്ള വെള്ളം ശേഖരിക്കുന്നതെന്നും അറിഞ്ഞു . തിരിച്ചിറങ്ങുമ്പോഴേക്കും ചുക്കുകാപ്പി ഉണ്ടാക്കിത്തരാം എന്ന വാഗ്ദാനവും കിട്ടി.
പലഹാരമേട്ടിൽ നിന്നാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം ആരംഭിക്കുന്നത് .അധികം ആളുകൾ വന്നു തുടങ്ങിയിട്ടില്ലാത്തതിനാൽ വഴിയും പലയിടത്തും അടഞ്ഞു കിടക്കുകയായിരുന്നു. ചിലയിടതൊക്കെ വഴി തെറ്റുകയും ചെയ്തു. മഴക്കാലത്ത് ചിന്തിക്കുക കൂടി ചെയ്യാൻ സാധിക്കാത്തവിധം ദുഷ്കരമായ പാതയാണ് മുകളിലേക്കുള്ളത് . പലയിടത്തും ഉരുള്പൊട്ടൽ നാശം വിതച്ചതും കാണാൻ സാധിച്ചു. വീശിയടിക്കുന്ന കാറ്റും തലക്കുമുകളിൽ കുടപിടിച്ചു നിൽക്കുന്ന മരങ്ങളും പാലക്കാടിന്റെ കനത്ത ചൂടിൽ നിന്നും സംരക്ഷണം തീർത്തു.
ഗോവിന്ദാമലയുടെ മുകളിൽ ആണ് കശ്യപമഹര്ഷി തപസ്സിരുന്നു, ‘ഗോവിന്ദൻ ‘ പ്രത്യക്ഷപെട്ടു എന്ന് കരുതുന്ന സ്ഥലം. മുകളിലെ ഒരു പാറക്കെട്ടിൽ ആണ് വിഷ്ണുപാദവും ശംഖും സ്ഥിതി ചെയ്യുന്നത്. അന്നേദിവസം അധികൃതർ ഒരു കയർ കെട്ടിയിടും , അതിൽ പിടിച്ച് മുകളിലേക്ക് കയറാം, അതുതന്നെ നല്ല അപകടം പിടിച്ച യാത്രയാണ് . വിചാരിച്ചതിലും കൂടുതൽ സമയം എടുത്തതിനാലും കുട്ടികളും സ്ത്രീകളും കൂടെയുള്ളതിനാലും നാല്-അഞ്ച് സുഹൃത്തുക്കളൊഴികെ മുകളിലേക്ക് കയറേണ്ട എന്ന തീരുമാനത്തിലെത്തി. കുറച്ച് നേരം വിശ്രമിച്ചതിനു ശേഷം താഴേക്കിറങ്ങി .
മുകളിലെ നീരുറവയെക്കുറിച്ച് ഒരു വിശ്വാസമുണ്ട്. അവിടെ കയറിക്കൊണ്ടിരുന്ന തമിഴ് വിശ്വാസികളെല്ലാം ഞങ്ങളോട് ഉറപ്പ് പറഞ്ഞിരുന്ന ഒന്ന് .. മുകളിലെത്തി എല്ലാവരും ഒരുമിച്ച് നിന്ന് രാത്രി ഗോവിന്ദ നാമം മുഴക്കുമെന്നും ഇറ്റിറ്റായി വീണുകൊണ്ടിരിക്കുന്നു നീരുറവ പതിയെ ശക്തി പ്രാപിക്കുമെന്നും എല്ലാവരും അതിൽ നിന്ന് ജലം ശേഖരിക്കും എന്നും ആണ് അവരുടെ വിശ്വാസം . വിശ്വാസങ്ങളും യുക്തിയും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലെങ്കിലും അതൊന്നു പരീക്ഷിക്കുവാനുള്ള ജിജ്ഞാസ ഇല്ലാതിരുന്നില്ല . ഈ നീരുറവയിൽ നിന്ന് ജലം ശേഖരിക്കുക എന്നത് ഈ തീർഥാടനത്തിന്റെ അവിഭാജ്യ ഘടകമാണ് . എന്തായാലും അടുത്ത തൈപ്പൂയം ഗോവിന്ദമലയിൽ എന്നുറപ്പിക്കാൻ ഒരു കാരണം കൂടെയായി.
അന്ന് ഗോവിന്ദമലയുടെ അടിവാരത്തിൽ ഒരു രാത്രിക്കായ് വന്നു ചേരുന്ന തമിഴ്‌നാട്ടുകാരുടെ , അവരിൽ ഒരുവനായി ആ പാറക്കെട്ടിനു മുകളിൽ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു രാത്രി ചെലവഴിക്കണം എന്നൊരു തീരുമാനമെടുത്തു . സന്ധ്യയോടെ താഴെയെത്തി ആ താഴ്വാരത്തിൽ അൽപ്പനേരം വിശ്രമിച്ചു… അങ്ങകലെ മലയുടെ മുകളിൽ അമ്പലത്തിൽ നിന്നുള്ള വെളിച്ചം ഒരു പൊട്ടുപോലെ കാണാമായിരുന്നു… ആ താഴ്വാരത്തിൽ , അടുത്ത കാലത്ത് അനുഭവിച്ച ഏറ്റവും സുന്ദരമായ സന്ധ്യയിൽ ട്രെക്കിങ്ങ് ടീം ലീഡർ മധുച്ചേട്ടന്റെ പിറന്നാൾ കേക്ക് മുറിച്ച് ഗോവിന്ദമലയിലെ തൈപ്പൂയകാഴ്ചകളിൽ നിന്നും ഞങ്ങൾ യാത്ര പറഞ്ഞു
(ചിത്രങ്ങൾക്കും വീഡിയോക്കും സഹയാത്രികർക്ക് നന്ദി.)