UPDATES

യാത്ര

കുടജാദ്രി താഴ്‌വരയില്‍ ഇനി തങ്കപ്പേട്ടനുണ്ടാവില്ല

ഈ താഴ്‌വാരത്ത് സ്വന്തമെന്ന പോലെ ഓരോ മലയാളി യാത്രികനും കയറിച്ചെല്ലാവുന്ന ഒരിടം, അതാണ്‌ ഹോട്ടല്‍ സന്തോഷ്

                       

സൗപര്‍ണികയില്‍ ഒരു നീന്തിക്കുളിയും കഴിഞ്ഞ് മൂകാമ്പികയില്‍ തൊഴുത് കുടജാദ്രിയിലേക്കുള്ള നടപ്പാത വരെ എത്തിപ്പെടാനുള്ള മാര്‍ഗവും കാത്ത് നിക്കുമ്പോഴെന്നും സഹയാത്രികര്‍ തമ്മിലുള്ള സംസാരങ്ങള്‍ക്കൊരേ താളമാണു.

വെശക്കണുണ്ടാ?

ഉം‌, കഴിക്കാന്‍ നിന്ന ബസ് കിട്ടില്ല്യ

അപ്പൊ തങ്കപ്പേട്ടന്‍, ല്ലേ?

അതന്നെ.

ഹോട്ടല്‍ സന്തോഷിലേക്ക്

തങ്കപ്പേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള ഒരു മണ്‍സൂണ്‍ കാലത്താണു. ഇടമുറിയാതെ മഴയും മഞ്ഞും പെയ്തൊരു മഴക്കാലത്ത് കൊടജമല നടന്നു കാണാനിറങ്ങിപ്പുറപ്പെട്ട സംഘത്തിലെല്ലാവരും ഇവിടെ പുതുമുഖങ്ങളായിരുന്നു. കനത്ത മഴയില്‍ നനഞ്ഞ് കുളിച്ച് കയറിച്ചെന്ന ഞങ്ങള്‍ക്ക് മുന്നില്‍ ചൂട് പറക്കുന്ന പുട്ടും കട്ടന്‍‌ചായയും തയ്യാറാക്കി അന്ന് പലപത്രങ്ങളിലും ‘ഹോട്ടല്‍ സന്തോഷി’നെക്കുറിച്ച് വന്ന കട്ടിങ്ങുകളൊക്കെ കാണിച്ച് വിശേഷങ്ങളൊക്കെ പങ്ക് വച്ച ആ മനുഷ്യന്‍‌ അന്നൊരു അത്ഭുതമായിരുന്നു. ഫേസ്ബുക്ക് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയുമൊക്കെ പരിചിതമല്ലാതിരുന്ന നാളുകളില്‍, ആണ്ടിലും ശങ്ക്രാന്തിക്കുമൊക്കെ ആരെങ്കിലും യാത്ര പോവുന്ന ആ കൊടും കാട്ടില്‍ ഒരു ചായക്കടയും തുറന്നിരിക്കുന്ന മലയാളി. അത്ഭുതം തോന്നാതിരിക്കുന്നതെങ്ങനെ. കോതമംഗലംത്ത് നിന്ന് കുടജാദ്രിക്കാരനായ തങ്കപ്പേട്ടനെ അറിയാത്ത യാത്രികര്‍ ഉണ്ടാവാതെ തരമില്ല. ഈ താഴ്‌വാരത്ത് സ്വന്തമെന്ന പോലെ ഓരോ മലയാളി യാത്രികനും കയറിച്ചെല്ലാവുന്ന ഒരിടം, അതാണു ഹോട്ടല്‍ സന്തോഷ്.

"</p

ആദ്യയാത്ര ഒരു കാട്ടുപോത്തിനാല്‍ തടസ്സപ്പെട്ട് ചിത്രമൂലയിലെത്താതെ തിരിച്ച് പോരേണ്ടി വന്നു. ഭട്ടിനെക്കൂടാതെ ഞങ്ങള്‍ അഞ്ച് പേര്‍ മാത്രമുള്ളമൊരു കൊടജാദ്രി. കനത്ത മഴയും മഞ്ഞും തിരിച്ചിറക്കം ദുസ്സഹമാക്കിയപ്പോള്‍ തങ്കപ്പേട്ടന്റടുത്തെത്തിയപ്പോഴേക്കും കൂരിരുട്ടായി. ആകെ പകച്ചവിടെക്കൂടിയ ഞങ്ങള്‍ക്കൊരു ജീപ്പ് അറേഞ്ച് ചെയ്ത് തിരിച്ചെത്തിച്ചതും അദ്ദേഹമായിരുന്നു.

പിന്നീടുള്ള ഓരോ യാത്രയിലും അതൊരു തുരുത്തായിരുന്നു, ഓരോയാത്രയിലും ചെറിയ മാറ്റങ്ങളൊക്കെ ആ വീടിനോട് ചേര്‍ന്നുള്ള കടക്ക് സംഭവിച്ചിരുന്നു, തങ്കപ്പേട്ടനൊഴിച്ച്. വിശേഷങ്ങള്‍ക്കൊക്കെ ഒരേ മട്ടും ഭാവവുമായിരുന്നു. കൊടജമലയിലെ മഞ്ഞിനെക്കുറിച്ച്, മഴയെക്കുറിച്ച്, മഴപെയ്ത് കരിയിലകള്‍ കുതിര്‍ന്ന് കിടന്നിരുന്ന കാട്ടുവഴിയിലെ അട്ടകളുടെ എണ്ണക്കൂടുതലിനെക്കുറിച്ച്, പുല്‍മേട് നിറഞ്ഞ മലയോരത്തിലെ ഒറ്റയടിപ്പാതയിലെ വഴുക്കലിനെക്കുറിച്ച്, അങ്ങനെയങ്ങനെ….

ഹോട്ടല്‍ സന്തോഷില്‍ സഹയാത്രികന്‍

പ്രധാന റോഡില്‍ നിന്ന് അഞ്ചുകിലോമീറ്ററോളം നടന്ന് കഴിഞ്ഞ്, കുടജാദ്രിയിലേക്കുള്ള കയറ്റം ആരംഭിക്കുന്നിടത്താണു ഹോട്ടല്‍ സന്തോഷ് സ്ഥിതിചെയ്യുന്നത്. തോളിലുള്ള ഭാരമിറക്കി, കയറ്റം ആരംഭിക്കുന്നതിനു മുന്നുള്ള തയ്യാറെടുപ്പ് അവിടത്തെ ഒരു ചായയില്‍ നിന്നായിരിക്കും ഭൂരിഭാഗം യാത്രികര്‍ക്കും. അതാവട്ടെ, ഋതുഭേദങ്ങള്‍ക്കോ, സമയകാലങ്ങള്‍ക്കോ ഒന്നും കീഴടങ്ങാതെ എന്നും അവിടെയുണ്ടാവും എന്നുറപ്പിലാണു ഓരോ യാത്രയും നാന്ദി കുറിക്കുന്നത്.

സന്തോഷം മാഞ്ഞത്രെ. ഒരു നിമിഷം കൊണ്ട് കോടയിറങ്ങുകയും, കനത്തകാറ്റിലേറി ആ കോടമഞ്ഞ് യാത്രപറയുന്നതോടെ നൂല്‍മഴകള്‍ പെയ്തിറങ്ങുകയും, കണ്ണടച്ച് തുറക്കും വേഗത്തില്‍ നേര്‍ത്ത സൂര്യകിരണങ്ങള്‍ മിന്നി മറയുകയും ചെയ്യുന്ന സ്വഭാവമാണു കുടജാദ്രിക്ക്. ആ സ്വഭാവമായിരിക്കണം അവിടെയുള്ളവര്‍ക്കും‌. അതുകൊണ്ട് തന്നെ, എന്നിലെ യാത്രികനു ഒരു പ്രതീക്ഷ ബാക്കിയുണ്ട്, നടന്ന് ക്ഷീണിച്ച്, കയറ്റം തുടങ്ങുന്നതിനുമുന്നെയുള്ള വിശ്രമവേളയില്‍ നാട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചൊരു ചായയും കുടിക്കാന്‍ ഹോട്ടല്‍ സന്തോഷിന്റെ വാതില്‍ തുറന്ന് തന്നെ കിടക്കുമെന്നൊരു ‘ഭ്രാന്തന്‍‌ പ്രതീക്ഷ’ ….

 

പ്രവീണ്‍ വട്ടപ്പറമ്പത്ത്

പ്രവീണ്‍ വട്ടപ്പറമ്പത്ത്

യാത്രികന്‍‌, ബ്ലോഗര്‍‌. ഐടി പ്രൊഫഷണല്‍.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍