UPDATES

ഓഫ് ബീറ്റ്

പ്ലെന്റി ഓഫ് ട്രോളിംഗ് വര്‍ക്ക്‌സ് വരാറുള്ള സ്ഥാപനമാണ് എംഎ ട്രോള്‍ ഇംഗ്ലീഷ്

ഫ്രീക്കന്‍മാരുടെ ഭാഷയില്‍ കവിതയെഴുതുന്ന നെരൂദയും, ഉച്ചാരണം പാളുന്ന എമിലി ബ്രോണ്ടേയുടെ നായകനുമൊക്കെ ചിരിയുടെ തിരയിളക്കങ്ങള്‍ക്ക് വഴിവെക്കും

                       

‘ഭൗതികലോകത്ത് ഒരു വ്യക്തിക്കും അയാളുടെ ശരീരത്തിനും സഹജമായ അദ്വൈതഭാവമുണ്ട്. ഔചിത്യപൂര്‍ണമായ സ്വത്വത്തെ സ്വീകരിക്കാന്‍ നാം നിര്‍ബന്ധിതരുമാണ്. ഒരു ശരീരം, ഒരു വ്യക്തിത്വം എന്ന വിധത്തില്‍ അത് പരിമിതപ്പെടുന്നു. പക്ഷേ virtual world അങ്ങനെയല്ല. വസ്തുക്കളേക്കാള്‍, സമ്പാദകരേക്കാള്‍, സ്രഷ്ടാക്കളേക്കാള്‍ അവിടെ വിവരത്തിനാണു പ്രാധാന്യം’

ജൂഡിത് ഡൊനാഥ്

ഇങ്ങനെയൊരു അനോണിമിറ്റി (Anonymtiy) കാഴ്ചപ്പാടില്‍ നിന്നാണ് ട്രോളുകള്‍ ഉത്ഭവിക്കുന്നത് തന്നെ. 1980 കളില്‍ ഇന്റര്‍നെറ്റ് സജീവമായതോടെ, അനോണിമിറ്റിക്കുള്ള പുതിയൊരു മാധ്യമസാദ്ധ്യത രൂപപ്പെട്ടു. എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കെതിരെയുള്ള പ്രകടമായ രോഷമായിരുന്നു ആദ്യകാലങ്ങളില്‍ ട്രോളുകളായി വന്നത്. ട്രോള്‍ എന്നാല്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ എന്ന് തന്നെയാണ് ഇന്റര്‍നാഷണലി അതിനുണ്ടായിരുന്ന അര്‍ത്ഥവും. പക്ഷേ പില്‍ക്കാലത്താണ് ട്രോളുകള്‍ ഹാസ്യത്തിന്റെ പുതുഭാവവുമായി വരാന്‍ തുടങ്ങിയത്. മലയാളം ട്രോള്‍ ഗ്രൂപ്പുകളെല്ലാം രൂപപ്പെടുന്നത് ട്രോളുകള്‍ക്ക് ആക്ഷേപഹാസ്യത്തിന്റെ പരിവേഷം ലഭിച്ച ഈ അടുത്ത കാലത്താണ്. ആളുകളെ ചിരിപ്പിക്കാനാണ് കരയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് എന്ന് കാഥ് ക്രൗളി എഴുതിയിട്ടുണ്ട്. കോപ്രായങ്ങള്‍ കാട്ടി ഒരു പക്ഷേ വീഡിയോകളില്‍ നമുക്ക് ആളുകളെ ചിരിപ്പിക്കാം. എന്നാല്‍ ഒരൊറ്റ ചിത്രത്തിലൂടെ ചിരിപ്പിക്കുക എന്നത് ചില്ലറയല്ലാത്ത ബൗദ്ധികവ്യായാമമുള്ള ഏര്‍പ്പാടാണ്.

ആക്ഷേപഹാസ്യപരമായ ട്രോളുകളില്‍ പൊതുവിലുപയോഗിക്കുന്നത് വിവിധ ചലച്ചിത്രങ്ങളിലെ സ്‌നാപ്‌ഷോട്ടുകളാണ്. വായനക്കാരന്റെ മനസ്സില്‍ മുന്‍പേ പതിഞ്ഞ സാഹചര്യത്തിന്റെ പുനര്‍നിര്‍മ്മാണമാണ് ട്രോള്‍ രചയിതാക്കള്‍ ഇവിടെ നടത്തുന്നത്. യഥാര്‍ത്ഥ ചലച്ചിത്രത്തില്‍ ആ ഒരു രംഗം സൃഷ്ടിച്ച സാഹചര്യത്തിന്റെ ആനുകൂല്യം തെല്ലുമെടുക്കാതെ, ക്യാരക്ടറിന്റെ സ്വഭാവത്തെ മാത്രം കേന്ദ്രീകരിച്ച് നിര്‍മ്മിക്കുന്ന ട്രോളുകളുണ്ട്. മറിച്ച് അത്തരം രംഗങ്ങളുടെ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്തിയും ട്രോളുകള്‍ രചിക്കപ്പെടുന്നു. നവമാധ്യമങ്ങളില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ക്രിയേറ്റീവ് സാധ്യതയാണിന്നു ട്രോളിംഗ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആശയസംവേദനം നടക്കുന്നതും ട്രോളുകളിലൂടെയാണ്. വിഷയങ്ങളെ കറുത്തഹാസ്യത്തിന്റെ പരിഹാസമിഴിവോടെ അവതരിപ്പിക്കുന്ന ഹ്രസ്വസ്റ്റാറ്റസുകള്‍/ഇമേജ് ക്രിയെഷന്‍സ് വളരെ വേഗം തന്നെ സൈബര്‍ ലോകം ഏറ്റെടുത്തു. അതിന്റെ അലയൊലികള്‍ ഏറ്റവുമധികം ശക്തമായതും, തരംഗമായതും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയാണ്.

സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകള്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും ട്രോള്‍ ഇന്നൊരു വിനിമയഉപാധിയാണ്. അധികം ഭാഷജ്ഞാനമോ, അക്കാദമിക്ക് ബോധമോ വേണ്ടെന്നുള്ളതാണ് ട്രോളുകളുടെ മറ്റൊരു സവിശേഷത. ഇത്രയധികം ആളുകള്‍ ട്രോളുകളിലേക്ക് ആകര്‍ഷിക്കപ്പെടാനും, നിരന്തരം ഇടപെടാനുമുള്ള കാരണവും അതുതന്നെ. ട്രോള്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ പ്രസക്തമായ അഭിപ്രായങ്ങളായി പരിഗണിച്ചു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയമോ, അരാഷ്ട്രീയമോ, സിനിമയോ, ജീവിതമോ എന്തുമാവട്ടെ വലുപ്പചെറുപ്പമില്ലാതെ ഉപ്പ് തൊട്ട് മുളകുവരെ എല്ലാ വിഷയത്തിലും ട്രോളുകള്‍ സുലഭം. നോട്ട് പ്രതിസന്ധിയില്‍ ഒരു ചാഞ്ചാട്ടവുമില്ലാതെ കുതിച്ചു കേറിയ ഏകമേഖലയും ട്രോള് തന്നെയായിരിക്കണം. പ്രസക്തമായ വിഷയങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ ധ്വനിയോടെ നര്‍മ്മം ചോരാത്ത ട്രോളുകള്‍ക്കാണ് വിപണിമൂല്യം (ലൈക് മൂല്യം) അതുകൊണ്ട് തന്നെ ട്രോളുകളുടെ ട്രെന്‍ഡ്‌സെറ്റെഴ്‌സ് അന്നന്നത്തെ ചൂടന്‍ വിഷയങ്ങളായിരിക്കും. ഏതോരു കാര്യത്തിലും ന്യൂനതകള്‍ ഉണ്ടാവുമെന്ന പോലെ ട്രോളിടങ്ങളിലും അധിക്ഷേപ മനോഭാവത്തോടെ വ്യക്തിഹത്യയ്ക്കിറങ്ങുന്നവരുണ്ട്. തങ്ങളുടെ സ്വകാര്യതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് മറ്റുള്ളവയെ അപമാനിക്കുന്ന തരത്തില്‍ മതവിശ്വാസവും, ജാതീയതയും, പ്രത്യയശാസ്ത്രങ്ങളും, അശ്ലീലവുമൊക്കെ ഉപയോഗിക്കുന്നവരുമേറെയാണ്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി നിര്‍ദോഷഹാസ്യമുപയോഗിച്ച് ആളുകളെ തൊടുന്നവരുമുണ്ട്. അത്തരമൊരു ഫേസ്ബുക്ക് പേജാണ് ‘ട്രോള്‍ എം.എ ഇംഗ്ലീഷ്’ –

‘പ്ലെന്റി ഓഫ് ട്രോളിംഗ് വര്‍ക്ക്‌സ് വരാറുള്ള സ്ഥാപനമാണ് എം.എ ട്രോള്‍ ഇംഗ്ലീഷ്.

എഴുത്തുകാരെ ട്രോളല്‍, ക്ലാസ്സിക്കുകളെ പൊളിച്ചടുക്കല്‍, തിയറി തിരിമറികള്‍, എക്‌സ്‌പെക്‌റ്റെഷന്‍ v/s റിയാലിറ്റി ക്ലോസിനഫ്‌സ്, ഷേക്‌സ്പിയര്‍ ട്രോളുകള്‍ തുടങ്ങിയവ തീര്‍ത്തും ഉത്തരവാദിത്വത്തോടു കൂടി ഡിസൈന്‍ ചെയ്ത് പേജില്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് ട്രോള്‍ ഇംഗ്ലീഷ്.

ഹ്യൂമര്‍ സെന്‍സുള്ള ട്രോളന്മാരെയാണ് ഈ സ്ഥാപനത്തിനാവശ്യം !’

എന്ന ആമുഖത്തോടെ നമ്മുടെ ന്യൂസ്ഫീഡ്കളിലേക്ക് കയറിവരുന്ന ട്രോള്‍പേജ് ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ എം.എ വിദ്യര്‍ത്ഥികളായിരുന്ന ജിക്കു വര്‍ഗീസ് ജേക്കബും , ലിജോ കുര്യാക്കോസും 2015-ല്‍ തുടങ്ങിയതാണ്. അവരോടൊപ്പം മാന്നാനം കെ.ഇ കോളേജിലെ രണ്ടാംവര്‍ഷ ബി.എ വിദ്യാര്‍ഥി അയ്യപ്പന്‍ മൂലശ്ശേരില്‍ കൂടിയെത്തിയോടെ സംഗതി കൂടുതല്‍ കളറായി. സാഹിത്യആരാധകരും, എഴുത്തുകാരും, ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളും കോളേജ് അദ്ധ്യാപകരുമൊക്കെ ചേര്‍ന്ന് ട്രോള്‍സംഘത്തിലിപ്പോള്‍ അംഗങ്ങളനവധിയാണ്. ‘ചിരിക്കുക-ചിന്തിക്കുക-പഠിക്കുക’ അങ്ങനൊരു ടിപ്പിക്കല്‍ ടാഗ് ലൈനാണ് ഈ പേജിനു ഏറ്റവും അനുയോജ്യമെന്നു തോന്നുന്നു. ഇംഗ്ലീഷ് സാഹിത്യവും,യൂണിവേഴ്‌സിറ്റി സിലബസ്സുമൊക്കെ ചിരപരിചിതമായ സിനിമാ രംഗങ്ങളുമായി കൂട്ടിയിണക്കി സാഹിത്യത്തേയും ,അതിന്റെ പലമാനങ്ങളെയും വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ കാണാന്‍ പ്രേരിപ്പിക്കുകയാണ് മലയാളത്തില്‍ സംസാരിക്കുന്ന ഷേക്‌സ്പിയറും പ്ലേറ്റോയുമൊക്കെ.

ഭാഷാപരവും, സാഹിത്യപരവുമായ ആശയങ്ങളെ അതിന്റെ സ്വാഭാവിക പരിസരങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് മറ്റൊരു പശ്ചാത്തലത്തില്‍ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുമ്പോള്‍ സാഹിത്യം കൂടുതല്‍ ആസ്വദിക്കാനും, അടുത്തു നില്‍ക്കുന്നതായി അനുഭവിക്കാനും സാധിക്കും. ആറാംതമ്പുരാനിലെ മോഹന്‍ലാലായി പ്ലേറ്റോയെത്തുമ്പോഴും, കോബ്ര സിനിമയിലെ സലിംകുമാര്‍ നേച്ചര്‍ ഓഫ് റിയാലിറ്റിയെ പറ്റി പറയുമ്പോഴുമൊക്കെ ഒരു പൊളിച്ചെഴുത്തെന്നതിനപ്പുറത്ത് സാഹിത്യത്തിന്റെ അനിയന്ത്രിതമായ സാധ്യതയായി കൂടിയതിനെ കണ്ടെടുക്കാം. ഇംഗ്ലീഷ് ട്രോളുകള്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നത് സൗഹൃദകൂട്ടങ്ങളിലാണ്. ക്ലാസ്മുറികളില്‍ ഉറക്കം തൂങ്ങിയിരുന്നു കേട്ടതും, പരീക്ഷയ്ക്ക് തലേദിവസം കാണാതെ പഠിച്ചതുമൊക്കെയായ പുസ്തകങ്ങളും, തീയറികളുമൊക്കെ മറ്റൊരു വിധത്തില്‍ മുന്നിലേക്കെത്തുമ്പോള്‍ പലര്‍ക്കുമത് കഴിഞ്ഞു പോയ കോളേജ് കാലത്തേക്കും, ക്യാമ്പസ് ഓര്‍മ്മകളിലേക്കുമുള്ള നടവഴിയാണ്.

ഫ്രീക്കന്‍മാരുടെ ഭാഷയില്‍ കവിതയെഴുതുന്ന നെരൂദയും, ഉച്ചാരണം പാളുന്ന എമിലി ബ്രോണ്ടേയുടെ നായകനുമൊക്കെ ചിരിയുടെ തിരയിളക്കങ്ങള്‍ക്ക് വഴിവെക്കും. ഷേക്‌സ്പിയറാണ് എം.എ ട്രോളന്‍മാരുടെ സ്ഥിരം ഇര. ഷേക്‌സ്പിയര്‍ ട്രാജെഡികളെക്കുറിച്ചുള്ള ട്രോളുകളാണ് ഏറ്റവുമധികം നിറഞ്ഞോടുന്നതും. ചിരിക്കൊപ്പം ആസ്വദിച്ചു പഠിക്കാനുമുള്ള വഴികളും ട്രോളന്‍മാര്‍ ഉണ്ടാക്കിവെക്കാറുണ്ട്. ഷേക്‌സ്പിയര്‍ ഓതര്‍ഷിപ്പ് ക്വസ്റ്റ്യന്‍ ഈ വിധത്തില്‍ കണ്ടാല്‍ ആര്‍ക്കാണ് മറക്കാനാവുക.



എം.എ ട്രോള്‍ ഇംഗ്ലീഷിന്റെ ലിങ്ക്- https://goo.gl/DZ066W

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Share on

മറ്റുവാര്‍ത്തകള്‍