ഇന്ത്യാസ് ഡോട്ടര്‍
സംവിധാനം: ലെസ്ലി ഉഡ്വിന്‍
ബിബിസി ഇപ്പോള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന സ്റ്റോറിവില്ല പരമ്പരയ്ക്ക് വേണ്ടി ലെസ്ലി ഉഡ്വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമാണ് ഇന്ത്യാസ് ഡോട്ടര്‍. രാജ്യത്തെമ്പാടും കടുത്ത പ്രതിഷേധങ്ങള്‍ക്കും ലിംഗവിവേചനത്തെ കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്കും വഴി വെച്ച ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനും മരണത്തിനും ഇരയായ ജ്യോതി സിംഗ് എന്ന 23കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കുറിച്ചായിരുന്നു ഡോക്യുമെന്ററി. അത്യധികം സ്‌തോഭജനകവും രോഷം ജനിപ്പിക്കുന്നതും ദുഃഖകരവുമായ ഒരു കാഴ്ചാനുഭവമാണ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഈ ഡോക്യുമെന്ററി സമ്മാനിക്കുന്നത്. നിരാശാജനകമെങ്കിലും ലിംഗ സമത്വം എന്ന പ്രതിഷേധക്കാരുടെ ആവശ്യം നിറവേറ്റപ്പെടുമെന്ന വിദൂര പ്രതീക്ഷയും ഒത്തു ചേര്‍ന്ന ഡോക്യുമെന്ററി വീണ്ടും ചിലരിലെങ്കിലും അഗ്നി ജ്വലിപ്പിച്ചേക്കാം.
ഇസ്രായേലിലെ സാവിയോണില്‍ ഒരു ജൂതകുടുംബത്തിലാണ് ചലച്ചിത്രകാരിയും നടിയും നിര്‍മ്മാതാവും ഒക്കെയായ ലെസ്ലി ഉഡ്വിന്‍ ജനിച്ചത്. ഒരു നടിയായി തന്റെ ജീവിതം ആരംഭിച്ച ഉഡ്വിന്‍, ബ്രിട്ടീഷ് സോപ്പ് സീരിയലായ എല്‍ഡൊറാഡോയിലാണ് ആദ്യം അഭിനയിച്ചത്. 1989ല്‍ അസാസിന്‍ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി അവര്‍ സ്ഥാപിച്ചു. ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), മിസിസ് റാറ്റ്ക്ലിഫ്‌സ് റെവലൂഷന്‍ (2007), വെസ്റ്റ് ഈ വെസ്റ്റ് (2010) ഇന്ത്യാസ് ഡോട്ടര്‍ (2015) എന്ന ഡോക്യുമെന്ററി തുടങ്ങിയവയാണ് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 2000ല്‍ മികച്ച നിര്‍മ്മാതാവിനുള്ള ലണ്ടന്‍ ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു. 2015ലെ ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ടാമത്തെ വനിതയായി അവരെ ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്തു (ഒന്നാം സ്ഥാനം ഹിലരി ക്ലിന്റണായിരുന്നു. സമീപകാലത്ത് അവര്‍ക്ക് അന്ന ലിന്റ മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ചു. 2013ല്‍ മഡെലെയ്‌ന ആല്‍ബ്രൈറ്റ് നേടിയത്). ബോധവല്‍ക്കരണം നടത്താനും മനസുകളെയും ഹൃദയങ്ങളെയും തുറക്കാനും സിനിമകള്‍ക്കുള്ള കഴിവിനെ കുറിച്ച് അവര്‍ സ്ഥിരമായി പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
ഒരു സിനിമ കാണുന്നതിനായി തന്റെ ഒരു പുരുഷ സുഹൃത്തിനൊപ്പം ജ്യോതി പുറത്തുപോയ 2012 ഡിസംബറിലെ ഒരു സായാഹ്നത്തിലാണ് ഇന്ത്യസ് ഡോട്ടര്‍ ആരംഭിക്കുന്നത്. സിനിമയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനായി അവര്‍ ഒരു ബസ് പിടിച്ചു. ബസില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ജ്യോതിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ചു. അതിനു ശേഷം ഏകദേശം ഒരു മണിക്കൂറോളം ഡല്‍ഹി തെരുവുകളിലൂടെ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് അവര്‍ ജ്യോതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് വഴിയോരത്ത് ഉപേക്ഷിക്കുകയും ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ രണ്ടാഴ്ചയോളം പൊരുതിയ ജ്യോതി ഒടുവില്‍ ഏഴ് ശസ്ത്രക്രിയകള്‍ക്ക് ശേഷവും മാരകമായ മുറിവുകള്‍ക്ക് മുന്നില്‍ കീഴടങ്ങി. ഇത്തരത്തിലുള്ള സംഭവം ആദ്യത്തേതല്ലെങ്കിലും (ഇന്ത്യയില്‍ ഓരോ 20 മിനിട്ടിലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്, പക്ഷെ ഇവയില്‍ ഭൂരിപക്ഷവും പുറംലോകം അറിയാതെ പോവുകയാണ്), രാജ്യ തലസ്ഥാനത്ത് നടന്ന ഈ കുറ്റകൃത്യം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ജ്യോതിയെ പോലെയുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പുരുഷന്മാരും സ്ത്രീകളും വന്‍പ്രതിഷേധവുമായി തെരുവിലിറങ്ങി. സംസാരിക്കാന്‍ പോലുമാവാത്ത ചില ഭീകരസംഭവങ്ങള്‍ ഏറ്റവും അര്‍ത്ഥവത്തായ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കാം എന്ന പ്രതീക്ഷ ജനിപ്പിച്ച പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ വളരെ വിശദമായി ഉഡ്വിനും അവരുടെ എഡിറ്റര്‍ അനുരാധ സിംഗും കാണിച്ചുതരുന്നു.
ജ്യോതിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഇരകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെയും കുറ്റവാളികളുടെയും അവരുടെ അഭിഭാഷകരുടെയും കുടുംബങ്ങളുടെയും അഭിമുഖങ്ങളിലൂടെ, ആധുനികതയെ പുണരാന്‍ വെമ്പുമ്പോഴും കടുത്ത ദാരിദ്ര്യവും സ്ത്രീകള്‍ക്ക് നേരെ പുരുഷാധിപത്യ നിലവാടുകളും തുടരുന്ന ഒരു രാജ്യത്തിന്റെ സങ്കീര്‍ണാവസ്ഥയാണ് ഇന്ത്യാസ് ഡോട്ടര്‍ വരച്ചുകാട്ടുന്നത്. ബലാല്‍സംഗത്തിന് ശിക്ഷിക്കപ്പെട്ട് തൂക്കുമരം കാത്തിരിക്കുമ്പോഴും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന മുകേഷ് സിംഗിലേക്ക് കാമറ തിരിക്കാന്‍ തീരുമാനിച്ചതാണ് സംവിധായികയുടെ ഏറ്റവും വിവാദപരവും എന്നാല്‍ ശക്തവുമായ മുദ്രണം. ‘ആണ്‍കുട്ടിയെക്കാള്‍ ബലാല്‍സംഗത്തിന് കൂടുതല്‍ ഉത്തരവാദി പെണ്‍കുട്ടിയാണ്,’ എന്ന് വികാരവിക്ഷോഭങ്ങള്‍ ഇല്ലാത്ത മുഖഭാവത്തോടെ അയാള്‍ കാമറയുടെ നേരെ നോക്കി പറയുന്നു. കൂടാതെ, കുടുംബാംഗം അല്ലാത്ത ഒരു പുരുഷനോടൊപ്പം രാത്രിയില്‍ പുറത്തിറങ്ങിയതിലൂടെ ഉപദ്രവിക്കപ്പെടാതിരിക്കാനുള്ള അവകാശം ജ്യോതിക്ക് നഷ്ടമായി എന്നും കൂട്ടിച്ചേര്‍ക്കുന്നു. സംഭവങ്ങള്‍ ഉഡ്വിന്‍ നാടകീയമായി പുനര്‍നിര്‍മ്മിക്കുമ്പോള്‍ ചില ഘട്ടങ്ങളില്‍ വൈകാരികതയില്‍ നിന്നും വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ വഴി മാറിപ്പോകുന്നുണ്ടെങ്കിലും, തന്റെ വിഷയത്തിലുള്ള അചഞ്ചലമായ പ്രാപ്യതയിലൂടെ, നിര്‍ണായക സാഹചര്യങ്ങളില്‍ അപകടകരമായ ആക്രമണവാസനയിലേക്ക് വഴുതി വീഴാവുന്ന തരത്തിലുള്ള ഒരു തരം വെറുപ്പ് വളരെ ചെറിയ പ്രായം മുതല്‍ പുരുഷന്മാരുടെ മനസില്‍ പാകുന്നതിന്റെ ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് 2015 മാര്‍ച്ച് എട്ടിന് ലോകത്തെമ്പാടുമുളള ടിവി ചാനലുകളിലൂടെ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യാനാണ് പരിപാടിയിട്ടിരുന്നത്. എന്നാല്‍ മുകേഷുമായുള്ള അഭിമുഖം ഉള്‍പ്പെടെയുളള ചിത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവന്നതോടെ, പ്രക്ഷേപണം നിരോധിച്ചുകൊണ്ടുള്ള കോടതിയുടെ സ്‌റ്റേ ഉത്തരവ് സമ്പാദിക്കാന്‍ ഇന്ത്യന്‍ പോലീസിന് സാധിച്ചു. ഇന്ത്യയില്‍ പ്രക്ഷേപണം ചെയ്യരുത് എന്ന അഭ്യര്‍ത്ഥന ബിബിസി അംഗീകരിച്ചു. എന്നാല്‍, മാര്‍ച്ച് നാലിന് ഇന്ത്യയ്ക്ക് പുറത്ത് പ്രക്ഷേപണം ചെയ്യപ്പെടുകയും തുടര്‍ന്ന് യുട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്തതോടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആവാന്‍ തുടങ്ങി. ഇന്ത്യയില്‍ വിഡിയോ ബ്ലോക് ചെയ്യാന്‍ മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ സര്‍ക്കാര്‍ യുട്യൂബിന് നിര്‍ദ്ദേശം നല്‍കി.