ഏതൊരു എഴുത്തുകാരനും ആദ്യം എഴുതി തുടങ്ങുന്നത് സ്വന്തം നാടിനെ കുറിച്ചായിരിക്കും. ആ എഴുത്തിലൂടെയാണ് സാഹിത്യകാരന്മാര്‍ വളര്‍ന്നു വരുന്നതെന്നു എം മുകുന്ദന്‍. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രൊഫ കെ. സച്ചിദാനനന്ദനുമായി ചേര്‍ന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനും എഴുത്തുകാരനുമായ സുധീര്‍നാഥ് രചിച്ച ‘തൃക്കാക്കര സ്‌കെച്ചസ്’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഉപാധ്യക്ഷന്‍ അശോകന്‍ ചെരുവില്‍ സന്നിഹിതനായിരുന്നു. അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നാലാമത്തെ പുസ്തകമാണ് തൃക്കാക്കരയുടെ ചരിത്ര-പൗരാണിക സമകാലിക കഥകള്‍ വരച്ചിടുന്ന തൃക്കാക്കര സ്‌കെച്ചസ്. ഡോ. എം ലീലാവതിയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. രാജേഷ് ചാലോട്ടാണ് കവര്‍ ഡിസൈന്‍.
തൃക്കാക്കരയുടെ പരിണാമവും വികാസവും തികഞ്ഞ നര്‍മബോധത്തോടെയും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതബോധത്തോടെയും പ്രതിഫലിപ്പിക്കുന്ന വിവരണങ്ങളാണ് സുധീര്‍ നാഥിന്റെ തൃക്കാക്കര സ്‌കെച്ചസ് എന്നാണ് ഡോ. എം ലീലാവതി അവതാരികയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘തൃക്കാക്കരയ്ക്ക് പോം പാതയേതോ?’ എന്ന് പി. കുഞ്ഞിരാമന്‍ നായര്‍ ചോദിച്ചതുപോലെ പണ്ടത്തെ മഹാബലിയുടെ ആസ്ഥാനത്തേക്ക് പോകുന്ന പാതയേതോ എന്ന് അന്യദേശക്കാര്‍ അന്വേഷിക്കുന്ന രീതിയിലുള്ള ഈ ചരിത്ര വിവരണം രചിച്ചതിന് സുധീര്‍ നാഥിനെ അഭിനന്ദിക്കുകയാണെന്നും ലീലാവതി എഴുതുന്നു.
‘കേരളത്തിന്റെ ഉത്സവമെന്നു കേള്‍ക്കുമ്പോള്‍ ഓണവും, ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തൃക്കാക്കരപ്പനും പൂക്കളവും തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും സദ്യയും ഏതൊരു കേരളീയന്റെയും മനസ്സില്‍ ഓടിയെത്തുക സ്വാഭാവികം. ഞാന്‍ കളിച്ചുവളര്‍ന്ന എന്റെ ഗ്രാമമായ തൃക്കാക്കരയും അവിടുത്തെ പ്രശസ്തമായ മഹാക്ഷേത്രവും പരിചയപ്പെടുത്തട്ടെ. മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന തൃക്കാക്കര സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഉജ്ജ്വല പ്രതീകമായിരുന്നു. നമ്മളെ ഒരു ഏകീകൃത സമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഓണവും ഓണാഘോഷവും സുപ്രധാന പങ്കാണ് വഹിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ, രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലം തൃക്കാക്കരയുടെ പ്രശസ്തി വലുതായിരുന്നു. തൃക്കാക്കര ചരിത്രത്തിന്റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് തൃക്കാക്കര. ഇത്തരത്തില്‍ ഈ പുസ്തകം വായിക്കുന്ന ഓരോരുത്തരേയും തൃക്കാക്കരയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടാണ് സുധീര്‍നാഥ് തൃക്കാക്കര സ്‌കെച്ചസ് തുടങ്ങുന്നത്. തീര്‍ച്ചയായും തൃക്കാക്കര സ്‌കെച്ചസ് പുരാണത്തിന്റെയും ചരിത്രത്തിന്റെയും ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകും.