ടാറ്റ സണ്‍സില്‍ കലാപം നടക്കുന്നതിനിടയിലാണ് ഈ വിവരം പുറത്തുവന്നത്
ടാറ്റ സണ്‍സില്‍ കലാപം നടക്കുന്നതിനിടയില്‍ ഒരു അപൂര്‍വ നിഗൂഢത പുറത്തുവന്നു. ടാറ്റയുടെ ഓഹരി ഉടമകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയപ്പോള്‍ 266,610 ഓഹരികള്‍ ടാറ്റ ട്രസ്റ്റിന്റെ പേരിലും 74,352 ഓഹരികള്‍ ഷാപൂര്‍ജി പല്ലോന്‍ജി കുടുംബത്തിന്റെ പേരിലും ആയിരുന്നു. വിവിധ ടാറ്റ കമ്പനികളുടെ പേരില്‍ 49,365 ഓഹരികളും ടാറ്റ കുടുംബത്തിന് മൊത്തത്തില്‍ 8,235 ഓഹരികളുമാണ് ഉണ്ടായിരുന്നത്. പക്ഷെ ഒരു ഓഹരി, അതെ ഒരൊറ്റ ഓഹരി ചോട്ട ഉദയ്പൂരിലെ ഒരു വീരേന്ദ്ര സിംഗ് ചൗഹാന്റെ പേരിലായിരുന്നു. ആര്‍ക്കും അറിയാത്ത ഒരു വീരേന്ദ്ര സിംഗ് ചൗഹാന്റെ പേരില്‍. ഇതിന്റെ നിഗൂഢത തേടി മാധ്യമപ്രവര്‍ത്തകന്‍ അന്‍വര്‍ അലിഖാന്‍ നടത്തിയ യാത്ര ചരിത്രപരമായ ചില സംഭവങ്ങളുടെ ചുരുളഴിച്ചു.
ചോട്ടാ ഉദയ്പൂരിലെ വീരേന്ദ്ര സിംഗ് ചൗഹാന്റെ യഥാര്‍ത്ഥ പേര് മഹര്‍വാള്‍ വിരേന്ദ്രസിംഗ്ജി നട്വവര്‍സിംഗ്ജി ചൗഹാന്‍ എന്നാണ്. പ്രഥ്വിരാജ് ചൗഹാന്റെ പാരമ്പര്യം പിന്തുടരുന്ന ചോട്ടാ ഉദയ്പൂര്‍ എന്ന ഗുജറാത്തിലെ നാട്ടുരാജ്യത്തിലെ രാജാവായിരുന്നു അദ്ദേഹം. പിതാവ് മഹര്‍വാള്‍ നട്വര്‍ിസിംഗ്ജി മരിക്കുമ്പോള്‍ അദ്ദേഹത്തിന് വെറും 11 വയസായിരുന്നു പ്രായം. അതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദമില്ലാതെ ചോട്ടാ ഉദയ്പൂര്‍ ഇന്ത്യയുടെ ഭാഗമായി മാറി. ഇന്‍ഡോറിലെ ദാലി കോളേജിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. വലിയ വാണിജ്യ കാഴ്ചപ്പാടുകള്‍ ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. 1962 ല്‍ പുറത്തിറങ്ങിയ ഇക്കണോമിക് വീക്കിലി അദ്ദേഹത്തെ ഒരു ‘വ്യവസായി’ ആയും റേഡിയോകള്‍ നിര്‍മ്മിക്കാനായി ടാറ്റ കമ്പനി രൂപീകരിച്ച നാഷണല്‍ എക്കോയുടെ ഡയറക്ടര്‍മാരില്‍ ഒരാളായും പരിചയപ്പെടുത്തുന്നു.
തുടര്‍ന്ന് നിരവധി കമ്പനികളുടെ ഡയറക്ടറായി മാറിയ അദ്ദേഹം ഇന്ത്യയിലെ വ്യവസായ പ്രമുഖരായ എസ്എസ് കിര്‍ലോസ്‌കര്‍, ബിഎം ഗിയ, എംഎസ് താലൗലികാര്‍, നവ്‌റോസ് ബി വാകില്‍, ഹഷം പ്രേംജി എന്നിവരുടെയൊക്കെ സഹപ്രവര്‍ത്തകനായിരുന്നു. രത്തന്‍ ടാറ്റയുടെ പിതാവ് നവാല്‍ ടാറ്റയോടൊപ്പം അദ്ദേഹം തന്റെ മുപ്പതാം വയസില്‍ ടാറ്റ മില്‍സിന്റെ ഡയറക്ടര്‍ സ്ഥാനം അലങ്കരിച്ചു. അങ്ങനെ അദ്ദേഹം ടാറ്റ കുടുംബത്തിന്റെ വിശ്വസ്ത സുഹൃത്തായി മാറി. അങ്ങനെയാണ് പട്ടികയില്‍ പെടാത്ത കമ്പനികളില്‍ പെട്ട ടാറ്റയുടെ ഓഹരി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ക്ക് ലഭിക്കുന്നത്.
ഒരു കമ്പനി മാനേജര്‍ക്ക് പ്രതിവര്‍ഷം 42,000 രൂപ പ്രതിഫലം ലഭിച്ചിരുന്ന കാലഘട്ടത്തില്‍ 212,000 രൂപ പ്രിവി പേഴ്‌സായി അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാല്‍ 1971ല്‍ പ്രിവി പേഴ്‌സ് നിറുത്തലാക്കിയതോടെ ഈ വരുമാനം നിലച്ചു. 1980കളില്‍ അദ്ദേഹത്തിന് ടാറ്റ സണ്‍സിന്റെ പന്ത്രണ്ടോ പതിമൂന്നോ ഓഹരികള്‍ ലഭിച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേഹത്തിന്റെ പുത്രന്‍ ജയ് പ്രതാപ് സിംഗ്ജി പറയുന്നത്. പട്ടികയില്‍ പെടാത്ത കമ്പനിയില്‍ കുറച്ച് ഓഹരികള്‍ ബാക്കി വരുമ്പോള്‍ അത് വിശ്വസ്ഥരായ ചിലരെ ഏല്‍പ്പിക്കുക സാധാരണമാണ്. ഇവിടെയും അത് തന്നെയാവാം സംഭവിച്ചതെന്ന് അനുമാനിക്കേണ്ടി വരും. പിന്നെ അതെങ്ങിനെ ഒരു ഓഹരിയായി മാറി എന്നതാണ് അടുത്ത ചോദ്യം. 1998ല്‍ വിരേന്ദ്രസിംഗ്ജി ബംഗളൂരുവില്‍ ഒരു നിര്‍മ്മാണ വ്യവസായം ആരംഭിക്കാന്‍ പദ്ധതിയിട്ടു. അതിന് പണം കണ്ടെത്തുന്നതിന് ബാക്കി ഓഹരികള്‍ വിറ്റിരിക്കാം എന്നാണ് ജയ് പ്രതാപ് പറയുന്നത്. ‘ഓര്‍മ്മകള്‍ നിലനില്‍ക്കും’ എന്ന ചോട്ടാ ഉദയ്പൂര്‍ ആപ്തവാക്യപ്രകാരം ഒരു ഓഹരി അദ്ദേഹം ബാക്കി വെച്ചിരിക്കാനാണ് സാധ്യത.
2005ല്‍ വിരേന്ദ്രസിംഗ്ജി അന്തരിച്ച ശേഷവും ടാറ്റയുടെ രേഖകളില്‍ അദ്ദേഹത്തിന്റെ പേര് ഓഹരി ഉടമയായി നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് അടുത്ത ചോദ്യം. വിരേന്ദ്രസിംഗ്ജിയുടെ മരണത്തിന് ശേഷം പിന്‍തുടര്‍ച്ചയെ സംബന്ധിച്ച് ചോട്ട ഉദയ്പൂര്‍ കുടുംബത്തില്‍ ഒരു അസാധാരണ തര്‍ക്കം ഉടലെടുത്തു. സാധാരണഗതിയില്‍ മൂത്ത പുത്രനായ ജയ് പ്രതാപ് സിംഗായിരുന്നു അനന്തരാവകാശി ആകേണ്ടിയിരുന്നത്. എന്നാല്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ അദ്ദേഹത്തിന്റെ അനുജന്‍ ഐശ്വര്യ പ്രതാപ് സിംഗ്ജിയുടെ പേര് നിര്‍ദ്ദേശിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ തര്‍ക്കത്തിന്റെ കാരണങ്ങള്‍ കുടുംബ രഹസ്യമായി സൂക്ഷിക്കുകയാണ്. ഈ പ്രശ്‌നം നിലനില്‍ക്കുന്നതിനാലാവാം സൈറസ് മിസ്ട്രി പ്രശ്‌നം വന്നപ്പോള്‍ ചോട്ട ഉദയ്പൂര്‍ ഓഹരി ഉടമ വിട്ടുനിന്നു എന്ന് രേഖപ്പെടുത്തപ്പെട്ടത്.
ഇനി ഒരു ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം എന്തായിരിക്കും? അത് നമ്മള്‍ എങ്ങനെ കണക്ക് കൂട്ടുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. ഉദാഹരണത്തിന് ഷാപൂര്‍ജി പല്ലോന്‍ജി കുടുംബത്തിന്റെ ടാറ്റ സണ്‍സിലെ ഓഹരികളുടെ മൂല്യം 66,500 കോടിക്കും 90,000 കോടിക്കും ഇടയില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ കണക്കാക്കിയാല്‍ ആയിരം രൂപ മുഖവിലയുള്ള ചോട്ട ഉദയ്പൂര്‍ ഓഹരിക്ക് 89 ലക്ഷത്തിനും 1.21 കോടിക്കും ഇടയില്‍ വിലവരും. എന്നാല്‍ വാറന്‍ ബുഫെയുടെ ബെര്‍ക്കഷെയര്‍ ഹാത്ത്എവേയുടെ ഒരു ഓഹരി 1.59 കോടി രുപയ്ക്കാണ് വിറ്റുപോകുന്നത്. നിങ്ങളുടെ കൈയില്‍ പണമുണ്ടെങ്കില്‍ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്എവേയുടെ ഓഹരി വാങ്ങാം. പക്ഷെ ടാറ്റയുടെ ഓഹരി നിങ്ങള്‍ക്ക് വാങ്ങാന്‍ പറ്റില്ല എന്നതാണ് ഈ വ്യത്യാസത്തിന് കാരണം.