ജാതീയത, താരാധിപത്യം, തൊഴില്‍ നിഷേധം എന്നിങ്ങനെ തിലകന്‍ ‘അമ്മ’ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടത് ആരോപണങ്ങള്‍ അല്ലെങ്കില്‍ ‘ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞു’ എന്ന രീതിയിലാണ്.
തിലകനെ കുറിച്ച് വന്ന പഠനങ്ങളിൽ ഏറെയും അദ്ദേഹത്തെ മലയാളിയുടെ പിതൃരൂപത്തിന്റെ പ്രതിനിധിയായി സ്ഥാപിക്കുന്നവയാണ്. തന്റെ ഇടം തന്റേടത്തോടെ സ്ഥാപിക്കുന്ന പുരുഷനായും ഫ്യൂഡലാനന്തര ആധുനിക സ്ഥാപനങ്ങളുണ്ടാക്കിയ അധികാരിയായ അച്ഛന്മാരായും തിലകൻ സമീകരിക്കപ്പെട്ടു. എന്നാൽ അച്ഛന്‍ എന്ന പാരമ്പര്യത്തെയല്ല, മറിച്ച് അച്ഛന്‍ എന്ന അഭാവത്തെയാണ്, ‘പരാജയത്തെ’യാണ് തിലകന്‍ എന്ന പിതൃരൂപത്തിലൂടെ മലയാള സിനിമ ആഘോഷിച്ചത്. മരുമക്കത്തായം ഉള്‍പ്പെടെയുള്ള ആധുനികപൂര്‍വ ഭൂതകാലത്തിന്‍െറ അവശേഷിപ്പുകളായ അച്ഛന്മാരുടെ തലമുറയെയാണ് തിലകന്‍ എന്ന പിതൃരൂപം മലയാള സിനിമയില്‍ പ്രതിനിധാനം ചെയ്തത്. മകനുമായി ഒത്തുപോകാന്‍ പറ്റാത്ത, ഭാര്യയെ പേടിപ്പെടുത്തുന്ന, ഒന്നിലധികം പെണ്ണുങ്ങളുമായി ലൈംഗികബന്ധവും അവരില്‍ കുട്ടികളുമുള്ള, മുന്‍ശുണ്ഠിക്കാരനും വാശിക്കാരനുമായ അച്ഛന്‍ കഥാപാത്രങ്ങള്‍ ഈ പിതൃസങ്കല്‍പത്തിന്‍െറ നിര്‍മിതിയാണ്.
ആധുനികതക്ക് ഒരുപടി പുറത്തുനില്‍ക്കുന്നവര്‍ക്ക് മാത്രമേ ആധുനികത എന്ന ബൃഹദാഖ്യാനത്തെ വിമര്‍ശിക്കാന്‍ പറ്റുകയുള്ളൂ എന്ന് എം.എസ്.എസ്. പാണ്ഡ്യന്‍ ‘വണ്‍ സ്റ്റെപ് ഒൗട്ട്സൈഡ് മോഡേണിറ്റി’യില്‍ പറയുന്നുണ്ട്. തിലകന്‍െറ ഇടതുപക്ഷ അടിത്തറയും ഈഴവ ജാതി സമുദായത്തിലെ ഒരാളെന്ന രീതിയിലുള്ള സാംസ്കാരിക മൂലധനവും അദ്ദേഹത്തിന് ‘അമ്മ’യ്ക്കെതിരെ കാര്യങ്ങള്‍ തുറന്നുപറയാനും വിമര്‍ശിക്കാനും കൊടുത്തിരിക്കാവുന്ന ഊര്‍ജം ചെറുതല്ല. എന്നിരുന്നാലും സിനിമയിലെയും സിനിമ എന്ന പൊതു ഇടത്തില്‍നിന്നും പുറത്തുനിര്‍ത്തപ്പെട്ട ആണത്തമെന്നനിലയില്‍, തിലകന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍/ചോദ്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. സിനിമയിലെ പൊതു ഇടത്തിലെ മകനും സിനിമ എന്ന പൊതു ഇടത്തിലെ ആണ്‍താരവും താരവ്യവസ്ഥിതിയും സാധ്യമായത് തിലകന്‍ എന്ന അച്ഛന്‍െറ അപരവത്കരണത്തിലൂടെയാണ്. അവര്‍ പ്രതിനിധാനം ചെയ്യുന്ന സിനിമ എന്ന ‘മതേതര’ പൊതു ഇടത്തില്‍, ജാതിയെക്കുറിച്ച് സംസാരിക്കുക മുതലായ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന, ഒരു ‘ആണി’നു ചേരാത്തവിധത്തില്‍ കാര്യങ്ങളെ വസ്തുതാപരമായല്ലാതെ, വൈകാരികമായി സമീപിക്കുന്ന, ആരോപണങ്ങള്‍ ഉന്നയിക്കുന്ന പിന്തിരിപ്പനായിത്തീരുന്നു തിലകന്‍. അയാള്‍ പൊതു ഇടത്തുനിന്ന് പുറത്ത് നിര്‍ത്തപ്പെടേണ്ടവനായിത്തീരുന്നു.
പൊതു ഇടവും അച്ഛന്‍ എന്ന അസാന്നിധ്യവും
സിനിമയിലെ പൊതുഇടങ്ങളില്‍നിന്ന് പുറത്തുനിര്‍ത്തപ്പെട്ടവരാണ് തിലകന്‍െറ അച്ഛന്‍ കഥാപാത്രങ്ങള്‍. ‘സ്ഫടികം’, ‘നരസിംഹം’, ‘കിലുക്കം’, ‘സന്ദേശം’ തുടങ്ങിയ സിനിമകളിലെ അച്ഛന്മാര്‍ സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ചവരാണ്. അവരെ വീടിനു പുറത്തും പൊതു ഇടങ്ങളിലും കാണുന്നത് വിരളമാണ്. ‘കുടുംബപുരാണം’, ‘കുടുംബവിശേഷം’, ‘കിരീടം’ തുടങ്ങിയ സിനിമകളിലെ ജോലിക്കാരായ അച്ഛന്മാര്‍ മക്കളും മറ്റും പരാജയപ്പെടുത്തിയവരാണ്. അവര്‍ പൊതു ഇടത്തിലേക്ക് വരുന്നു. അത്തരം സിനിമകളിലാകട്ടെ, അത് ‘ആണത്ത’ത്തിനു ചേരാത്ത പ്രവൃത്തികളുമായി ബന്ധപ്പെട്ടാണുതാനും. ജന്മിത്തത്തെ വെല്ലുവിളിച്ച് അവരെ ജയിച്ച ‘കാട്ടുകുതിര’യിലെ കൊച്ചുബാവ നാട്ടുകാര്‍ക്ക് ദ്രോഹം മാത്രം ചെയ്യുന്നവനാണ്.
വയസ്സാംകാലത്ത് ഭാര്യയെ ഗര്‍ഭിണിയാക്കിയ ഭര്‍ത്താവായിട്ടും (‘പവിത്രം’), ഭ്രാന്തനായും (‘മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്’), മകളെ കൂട്ടിക്കൊടുക്കുന്നവനും (‘ചെങ്കോല്‍’) ആയിട്ടാണ് അച്ഛന്‍െറ പൊതു ഇടത്തിലെ പ്രവേശനം സാധ്യമാകുന്നത്. മകനെ അനുസരിപ്പിക്കാന്‍ കഴിവുള്ള (കത്തിതാഴെ ഇടാന്‍ പറയാന്‍ പറ്റുന്ന) കുടുംബത്തിനകത്തും പുറത്തും പ്രിയപ്പെട്ടവനായ ‘കിരീട’ത്തിലെ സേതുമാധവന്‍െറ അച്ഛനായ അച്യുതന്‍ നായരുടെ ജീവിതം കാണിക്കാന്‍ ഇങ്ങനെയൊന്നുമല്ലാത്ത ഒരു രണ്ടാംഭാഗം (‘ചെങ്കോല്‍’) വേണ്ടിവരുന്നുണ്ടെന്നത് ഓര്‍മിക്കേണ്ടതാണ്. എല്ലാം തകര്‍ന്ന ഒരു അച്ഛനായിട്ടാണ് ‘ചെങ്കോലി’ല്‍ അയാള്‍ ജീവിതം അവസാനിപ്പിക്കുന്നത്.
ഇങ്ങനെ മരണം, ചതി, പരാജയം എന്നിവയിലൂടെ പൊതു ഇടത്തില്‍നിന്നുള്ള മാറ്റിനിര്‍ത്തലുകള്‍, പുറത്തുനിര്‍ത്തലുകള്‍, തിലകന്‍െറ അച്ഛന്‍ കഥാപാത്രങ്ങളുടെ സവിശേഷതയാണ്. പൊതു ഇടത്തില്‍ ഇല്ലാത്ത അധികാരമാണ് പലപ്പോഴും വീട് എന്ന സ്വകാര്യ ഇടത്തിനുള്ളില്‍ അയാള്‍ പ്രകടിപ്പിക്കുന്നത്. വീട് എന്ന സ്വകാര്യ ഇടമാണ് തിലകന്‍ പ്രതിനിധാനം ചെയ്ത അച്ഛന്മാരുടെ അധികാരമേഖല. അതിനുള്ളിലുള്ളവരെ ശാസിച്ചും ഭരിച്ചും ചെലപ്പോള്‍ സ്നേഹിച്ചുമാണ് തിലകന്‍െറ പിതൃരൂപം നിര്‍മിക്കപ്പെട്ടത്. ഭാര്യയും (നിയമപരമല്ലാത്തവരും) മക്കളും കൊച്ചു മക്കളുമടങ്ങുന്ന വളരെ ചെറുതും സ്വകാര്യവുമായ ഒരു ലോകമാണ് അച്ഛന്‍േറത്.
അതേസമയം, മകനാകട്ടെ, പൊതുഇടത്തിലാണ് തന്‍െറ ആണത്താധികാരങ്ങള്‍ സ്ഥാപിക്കുന്നത്. Heterosexual പ്രണയങ്ങളിലൂടെ പെണ്ണുങ്ങളെ വികാരപരമായും ശാരീരികമായും കീഴ്പ്പെടുത്തിയും കള്ളുകുടിച്ചും ശീട്ടുകളിച്ചും സൗഹൃദക്കൂട്ടായ്മകളില്‍ ആളായും തന്‍െറ സാമൂഹികപ്രതിജ്ഞാബദ്ധത കാരണം ശത്രുക്കളെ ഉണ്ടാക്കുകയും അവരെ ഇടിച്ച് കീഴ്പ്പെടുത്തിയും സമൂഹത്തിന്‍െറ (കീഴാള/മുസ്ലിം) ക്രിമിനല്‍ പ്രവണതകള്‍ക്കെതിരെ പ്രവര്‍ത്തിച്ചും സാമൂഹിക നവീകരണത്തിലൂടെ തനിക്ക് ചുറ്റുമുള്ളവരെ പുരോഗതിയിലേക്ക് നയിച്ചും എഴുതുകയും പാടുകയും ആടുകയും ചെയ്യുന്ന കലാകാരന്മാരാകുന്നു അവര്‍. പെണ്ണുങ്ങളെ കാമുകിമാരായും ഭാര്യമാരായും അമ്മമാരായും രക്ഷിച്ചും സംരക്ഷിച്ചും മറ്റും അവര്‍ അവരുടെ ആധുനിക ആണത്തം പൊതു ഇടത്തില്‍ സ്ഥാപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും മകനും അച്ഛനും തമ്മിലുള്ള സംഘര്‍ഷത്തിലാണ് അവസാനിക്കുന്നത്. ‘സ്ഫടികം’, ‘നരസിംഹം’, ‘പെരുന്തച്ചന്‍’ മുതല്‍ ‘ഉസ്താദ് ഹോട്ടല്‍’, ‘മഞ്ചാടിക്കുരു’ തുടങ്ങിയ സിനിമകളില്‍വരെയും അച്ഛന്‍ -മകന്‍ ബന്ധം അസ്വാരസ്യങ്ങള്‍ നിറഞ്ഞതാണ്. അച്ഛന്‍/ മകന്‍ സംഘര്‍ഷം എന്നതിലുപരി, പൊതു ദേശീയ -ആധുനിക ആണത്തവും സ്വകാര്യ പരമ്പരാഗത അപര ആണത്തവും തമ്മിലുള്ള സംഘര്‍ഷം കൂടിയാണ് ഇത് കാണിക്കുന്നത്.
ആധുനിക ലിംഗനിര്‍മിതികളെ ദേശീയ വ്യവഹാരങ്ങള്‍ വിഭാവനംചെയ്തത് സ്വകാര്യ പൊതു ഇടങ്ങളിലേക്ക് പെണ്‍/ആണ്‍ അധികാരങ്ങളെ കൃത്യമായി വേര്‍തിരിച്ചുകൊണ്ടാണെന്ന് പാര്‍ഥ ചാറ്റര്‍ജി ‘Nationalist Resolution of the Women’s Question’ല്‍ പറയുന്നുണ്ട്. ഭാരതീയ സംസ്കാരത്തിന്‍െറ ആത്മീയ/തനിമയെ സംരക്ഷിക്കേണ്ട ഇടം വീടും അതിന്‍െറ ചുമതല പെണ്ണിനുമായി വകതിരിച്ചപ്പോള്‍, പൊതു ഇടത്തിലെ, പാശ്ചാത്യവത്കരണത്തെ നേരിട്ടുകൊണ്ട് ദേശീയമായ ഒരു ആധുനികത ഉചിതമായ തെരഞ്ഞെടുപ്പുകളിലൂടെ കണ്ടത്തെുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക പുരുഷന്മാരുടെ ഉത്തരവാദിത്തമായി തീര്‍ന്നു. അങ്ങനെ പുരുഷന്‍ പൊതുഇടത്തിന്‍െറയും പെണ്ണ് സ്വകാര്യ ഇടത്തിന്‍െറയും വക്താക്കളായും സംരക്ഷകരായും അംഗീകരിക്കപ്പെട്ടു. സ്വകാര്യത സ്ത്രൈണവും പൊതുഇടം പൗരുഷവുമായ കഴിവുകള്‍ തെളിയിക്കാനുള്ള വേദികളായിത്തീര്‍ന്നു. ഈയൊരു സാഹചര്യത്തിലാണ് തിലകന്‍ അവതരിപ്പിച്ച സ്വകാര്യ ഇടത്തിലെ അച്ഛന്‍ ആണത്തങ്ങളെ കാണേണ്ടത്.
1930-കളിലെ, മരുമക്കത്തായ സമ്പ്രദായത്തില്‍നിന്ന് മക്കത്തായത്തിലേക്കുള്ള മാറ്റത്തിന്‍െറ ഘട്ടത്തില്‍ സ്വകാര്യ ഇടത്തിലുണ്ടായ അധികാരം നഷ്ടപ്പെടുകയും എന്നാല്‍, പൊതു ഇടത്തില്‍ അംഗീകരിക്കപ്പെടാത്തതുമായ ആണത്തങ്ങളെയാണ് ഈ അച്ഛന്‍ പ്രതിനിധാനം ചെയ്തത്. നായര്‍/സവര്‍ണ ആധുനികത ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത ഭൂതത്തിന്‍െറ പ്രതിനിധികളാണവര്‍. മക്കളുടെയും ഭാര്യയുടെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരാത്ത, ഒന്നിലധികം പെണ്ണുങ്ങളുമായി ബന്ധവും അവരില്‍ മക്കളും ഉണ്ടായിരുന്ന, വിരുന്നുകാരന്‍ മാത്രമായിരുന്ന മരുമക്കത്തായ കുടുംബവ്യവസ്ഥയിലെ അവശേഷിപ്പുകളായ ആണത്തങ്ങളാണ് ഈ അച്ഛന്‍കഥാപത്രങ്ങള്‍. തന്‍െറ ‘കേരള ചരിത്ര’ത്തില്‍ നായര്‍ തറവാടുകളെ വിഭജനത്തിനുശേഷം പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവന്ന ആണുങ്ങള്‍ പാപ്പരും അസുരവിത്തുമായി മാറുന്നുണ്ടെന്ന് ഇ.എം.എസ് സൂചിപ്പിക്കുന്നുണ്ട്. ‘How I Became a Communist’-ല്‍ ആകട്ടെ ഒന്നിലധികം ഭാര്യമാരും അവരില്‍ കുട്ടികളുമുള്ള അച്ഛനെയും ഓര്‍ക്കുന്നുണ്ട് ഇ.എം.എസ്. അമ്പലവാസി സമുദായത്തില്‍പ്പെട്ട ചെറുകാട്, മരുമക്കത്തായ കുടുംബത്തിലെ അച്ഛന്‍ എന്ന വിരുന്നുകാരനെക്കുറിച്ച് പറയുന്നുണ്ട് ‘ജീവിതപ്പാത’യില്‍. ചെറുകാട് തന്‍െറ കുട്ടിയോപ്പോളിന്‍െറ മകളായ അമ്മുവിനോട് ആരുടെ കുട്ടിയാണെന്ന് ചോദിക്കുമ്പോള്‍ കാരണവനായ കുട്ടിയമ്മാവന്‍െറ (തന്‍െറ) കുട്ടിയാണെന്ന് പറയാന്‍ പഠിപ്പിക്കുന്നതും പത്തും പതിനഞ്ചും ദിവസം അവളുടെ അച്ഛന്‍ താമസിക്കാന്‍ വന്നതിനുശേഷം ആരുടെ കുട്ടിയാണെന്ന ചോദ്യത്തിന് അച്ഛന്‍െറ കുട്ടി എന്ന് പറയുമ്പോള്‍ അമര്‍ഷം ഉണ്ടാകുന്നതും ഓര്‍ക്കുന്നുണ്ട് ചെറുകാട് കാരണവര്‍.
‘‘മരുമക്കത്തായ തറവാട്ടിലെ അച്ഛന്‍ വിരുന്നുകാരനാണ്. വരുമ്പോള്‍ മാത്രമേ അയാള്‍ക്ക് മക്കളോട് ബന്ധമുള്ളൂ. കുട്ടി തന്‍േറതാണെങ്കില്‍ സ്ഥിരമായി രക്ഷിതാവായി നോക്കേണ്ടത് അമ്മാവന്‍ തന്നെയാണ്’’ എന്ന് പറയുന്നു ‘ജീവിതപ്പാത’യില്‍ ചെറുകാട്.
മക്കളുടെയോ ഭാര്യയുടെയോ മുകളില്‍ അധികാരമൊന്നുമില്ലാതിരുന്ന അച്ഛനില്‍ ഉത്തരവാദിത്തങ്ങള്‍ വരുന്നത് 1933ലെ മരുമക്കത്തായം ആക്ട്, അതുമായി ബന്ധപ്പെട്ടുവന്ന നിയമപരിഷ്കാരങ്ങളെയും തുടര്‍ന്നാണ്. വിരുന്നുകാരനില്‍നിന്നും അച്ഛന് കുടുംബനാഥനിലേക്ക് സ്ഥാനക്കയറ്റം നല്‍കപ്പെട്ടു. എന്തായാലും മുഖ്യധാരാ എഴുത്ത്/ ദൃശ്യമാധ്യമങ്ങള്‍ അച്ഛനെ അടയാളപ്പെടുത്തുന്നത് പുരോഗമന/ ആധുനിക പൂര്‍വകാലത്തെ, പിന്തിരിപ്പന്‍ മൂല്യങ്ങളുടെ പ്രതിനിധി എന്ന രീതിയിലാണ്. കാരണവരും മരുമകനും തമ്മിലുള്ള അധികാരവടംവലികളില്‍ ഇല്ലാതാക്കപ്പെട്ട ആണത്തമാണ് മലയാള സിനിമയിലെ അച്ഛന്‍േറത്. മരുമക്കത്തായം എന്ന ആധുനികപൂര്‍വ കുടുംബവ്യവസ്ഥയുടെ അംഗീകരിക്കേണ്ടാത്ത, പുറത്തുനിര്‍ത്തേണ്ടുന്ന അവശേഷിപ്പാണ് ഈ അച്ഛന്‍. മലയാള സിനിമയുടെ ഭാവുകത്വ പരിണാമം സാധ്യമാക്കിയ എന്ന് പറയപ്പെടുന്ന നാലുകെട്ടുകളും അവയുടെ തകര്‍ച്ചയും നവീകരണവും ഭാരതപ്പുഴയും വള്ളുവനാടന്‍ സംസ്കാരവും അടങ്ങുന്ന ദൃശ്യപാക്കേജുകള്‍ ഈ അച്ഛന്‍െറ ഇല്ലായ്മയിലാണ് നിര്‍മിക്കപ്പെട്ടത്. സ്വകാര്യ ഇടത്തിലെ ആണത്തവും മക്കത്തായികളായ കീഴാള സമുദായങ്ങളിലെ അച്ഛന്മാരും ഈ ദൃശ്യമാധ്യമത്തില്‍ ഉള്‍പ്പെടാത്തവരാണ്. പണിയില്ലാതെ വീട്ടിലിരിക്കേണ്ടിവരുന്ന, പാടത്തു പണിയെടുക്കേണ്ടി വരുന്ന, വിദേശങ്ങളില്‍ കൂലിപ്പണിക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്ന അച്ഛന്മാരും അവരുടെ ചരിത്രങ്ങളും ഈ സവര്‍ണ ഭാവുകത്വത്തിന് പുറത്താണ്. വരേണ്യമായ ഈ സവര്‍ണ ഭാവുകത്വ പരിണാമത്തെ എഴുത്തുകളിലൂടെ സ്വാധീനിച്ച എം.ടി വാസുദേവന്‍ നായരുടെ ലോകം ഇങ്ങനെയുള്ള അഭാവത്തില്‍നിന്നും നിര്‍മിക്കപ്പെട്ടതാണ്.
എം.ടിയും അച്ഛന് എന്ന അഭാവവും
എം.ടിയുടെ എഴുത്തുകള്‍ അദ്ദേഹത്തിന്‍െറ (അമ്മയുടെ) നാടായ കൂടല്ലൂരിനെക്കുറിച്ചും തന്‍െറ നായര്‍ സമുദായത്തെക്കുറിച്ചും ആയിരുന്നുവെങ്കിലും അവ അംഗീകരിക്കപ്പെട്ടത് നായര്‍ത്തറവാടുകളുടെ കഥകളായിട്ടല്ല. മറിച്ച്, കേരളീയതയുടെ, മലയാളികള്‍ എന്ന് ഏകീകരിക്കപ്പെട്ട ഒരു പ്രദേശത്തിന്‍െറ അനുഭവങ്ങളായിട്ടായിരുന്നു. ഇങ്ങനെയൊരു അംഗീകാരം സാധ്യമാക്കിയ സവര്‍ണ സാമൂഹികബോധം തന്നെയാണ് എം.ടിയുടെ എഴുത്തിലെ അച്ഛന്‍ എന്ന അഭാവത്തെ, ആകുലതയെ, മലയാളികളുടെ പൊതു ആകുലതയാക്കി മാറ്റുന്നതും.
പരാജയപ്പെടുന്ന, അസുഖബാധിതനായ, അസാന്നിധ്യങ്ങളിലൂടെയാണ് അച്ഛന്‍ എം.ടിയുടെ എഴുത്തുകളില്‍ വരുന്നത്. കഥകളായാലും നോവലുകളായാലും സിനിമകളായാലും. കഥകളില്‍ അച്ഛന്‍ വരുന്നത് സുഖമുള്ള അല്ളെങ്കില്‍ മറക്കേണ്ടുന്ന ഓര്‍മയായിട്ടോ അല്ളെങ്കില്‍ കുറച്ചുസമയത്തെ, വന്നുപോകുന്ന സാന്നിധ്യമായിട്ടോ ആണ്. ‘നുറുങ്ങുന്ന ശൃംഖലകള്‍’, ‘അറ്റുപോകാത്ത ബന്ധങ്ങള്‍’ എന്നീ കഥകളില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന അച്ഛനും മകനും പ്രകടിപ്പിക്കപ്പെടാത്ത സ്നേഹത്തിന്‍െറ ഇരകളാണ്. ‘എന്‍െറ പിറന്നാള്‍ സമ്മാനം’, ‘നിന്‍െറ ഓര്‍മക്ക്’ എന്നിവയില്‍ അച്ഛന്‍ ഇല്ലാത്തതിന്‍െറ അപമാനങ്ങള്‍ സഹിക്കേണ്ടിവരുന്ന ബാല്യകാലത്തെ എഴുതിവെക്കുന്നു. ‘കുട്ട്യേടത്തി’, ‘ഓപ്പോള്‍’ എന്നീ കഥകളില്‍ അച്ഛന്‍ ഒരഭാവമാണ്. ഓര്‍മയില്‍ ജീവിക്കുന്ന അച്ഛനാണ് ‘നാലുകെട്ടി’ലെ കോന്തുണ്ണി നായര്‍. ‘‘ഒരു എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചുണരുന്ന അനുഭവസാക്ഷ്യം’’ എന്ന പ്രസക്ത കുറിപ്പോടെ പ്രസിദ്ധീകരിച്ച എം.ടിയുടെ ‘അമ്മയ്ക്ക്’ എന്ന പുസ്തകത്തില്‍ അച്ഛന്‍ പ്രത്യക്ഷപ്പെടുന്നത് ചില ‘നിരുത്തരവാദിത്തങ്ങള്‍’ സാക്ഷ്യപ്പെടുത്താനാണ്. സിലോണിലെ അച്ഛന്, അമ്മ പറഞ്ഞുകൊടുത്ത് എഴുതിയ കത്തുകളും സിലോണില്‍ മറ്റൊരു പെണ്ണില്‍ അച്ഛനുണ്ടായ മകനും അച്ഛന്‍ സിലോണില്‍ ആയിട്ടുപോലും ആവശ്യത്തിനു പണം അയക്കാത്തതുകൊണ്ട് താണവരുമാനക്കാരുടെ പകുതി ഫീ ഇളവില്‍ പഠിക്കുന്ന കുട്ടികളോടൊപ്പം പരീക്ഷ എഴുതേണ്ടിവന്ന ഗതികേടുമൊക്കെയാണ് ‘അമ്മയ്ക്ക്’ എന്ന പുസ്തകത്തില്‍ വരുന്ന അച്ഛനോര്‍മകള്‍.
എം.ടിയുടെ തിരക്കഥകളും അച്ഛന്‍െറ അഭാവത്തില്‍ നിര്‍മിച്ചവയാണ്. ‘നിര്‍മാല്യം’ മുതല്‍ ‘നീലത്താമര’വരെ, ഇങ്ങനെ അച്ഛന്‍െറ അഭാവത്തെ ആഘോഷിക്കുന്ന സിനിമകളാണ്. ‘നിര്‍മാല്യ’ത്തിലെ കിടപ്പിലായ അച്ഛന്‍, ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ തന്നെയും അമ്മയെയും പിരിഞ്ഞ് ദൂരദിക്കില്‍ ജോലി ചെയ്യുന്ന, അപഖ്യാതി കേള്‍പ്പിക്കുന്ന അച്ഛന്‍, ‘അടിയൊഴുക്കുകള്‍’, ‘സദയം’ എന്നിവയിലെ തന്തയില്ലാത്തവര്‍ എന്ന പഴി കേള്‍പ്പിച്ച് തങ്ങളുടെ അമ്മയെ ചതിച്ച് കടന്നുകളഞ്ഞ ദുഷ്ടനായ അച്ഛന്‍, ‘ഓളവും തീരവും’ എന്ന സിനിമയിലെ വീടുപേക്ഷിച്ചുപോയ അച്ഛന്‍, ‘നീലത്താമര’യിലെ ഇല്ലാത്ത അച്ഛന്‍. ‘പെരുന്തച്ച’നിലെ മകനെ കൊല്ലുന്ന അച്ഛന്‍ എന്നിങ്ങനെ അച്ഛന്‍ എന്ന അഭാവത്തില്‍, അപരനില്‍ പടുത്തുയര്‍ത്തിയതാണ് എം.ടിയുടെ ലോകവും അതിലെ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന നായകനും (മകനും).
എം.ടിയുടെ ആകുലത മലയാള സിനിമയുടെതന്നെ ആകുലതയായി മാറുന്നുണ്ട്. പരാജിതനായ, മരിച്ചുപോയ, വാശിക്കാരനും ധാര്‍ഷ്ട്യക്കാരനുമായ, ഒന്നിലധികം ഭാര്യമാരുള്ള, വിവാഹേതര ബന്ധങ്ങളുള്ള… എന്നിങ്ങനെ ഒരു ‘പുരോഗമന’ ആണിന് ചേരാത്ത, സ്വഭാവദൂഷ്യങ്ങളുള്ള, ആധുനിക പൊതു ഇടത്തിന് അപഖ്യാതി ഉണ്ടാക്കുന്ന സാന്നിധ്യമാണ് അച്ഛന്‍. ‘നീലക്കുയില്‍’ മുതലുള്ള സിനിമകളില്‍ അച്ഛനെ ചൊല്ലിയുള്ള ആകുലതകള്‍ കാണാമെങ്കിലും 1980-1990 കാലഘട്ടത്തിലാണ് (അഥവാ മകന്‍/നായകന്‍ താരമായി മാറുന്ന) അവ കൂടുതല്‍ പ്രകടമായിത്തീരുന്നത്. പിന്തിരിപ്പന്‍ എന്ന മുദ്ര കുത്തിയ സ്വഭാവദൂഷ്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശരീരമായിത്തീരുന്നു അച്ഛന്‍േറത്. ഇങ്ങനെ അച്ഛനെ അപരവത്കരിച്ചാണ് മകന്‍െറ ആണത്തം പൊതുഇടത്തിലെ മതേതര, പുരോഗമന സാന്നിധ്യമാകുന്നത്.
അച്ഛനും മകനും തമ്മിലെന്ത്?
പൊതു ഇടത്തിന്‍െറ പ്രതിനിധിയായ മകനുമായുള്ള സംഘര്‍ഷം തിലകന്‍െറ അച്ഛന്‍ കഥാപാത്രങ്ങളുടെ സവിശേഷതയാണ്. മകന്‍െറ കഴിവുകളെയും കൗതുകങ്ങളെയും മുളയിലേ നുള്ളിക്കളഞ്ഞ ചെകുത്താനാണ് ‘സ്ഫടിക’ത്തിലെ ചാക്കോ മാഷ്. തന്‍െറ ഇമേജ് നിലനിര്‍ത്താന്‍വേണ്ടി മകന്‍െറ ഭാഗം കേള്‍ക്കാന്‍ കൂട്ടാക്കാതെ അവനെ ജയിലിലാക്കുന്ന ‘നരസിംഹ’ത്തിലെ ജഡ്ജിയായ അച്ഛന്‍, മകനെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിക്കുന്ന ‘കാട്ടുകുതിര’യില്‍ അച്ഛനായ കൊച്ചുബാവ. ‘പെരുന്തച്ചനും’ അച്ഛന്‍ ചതിച്ച മകന്‍െറ കഥയാണ്. അച്ഛന്‍െറ ദുശ്ശാഠ്യം കാരണം വീടുവിടാന്‍ തീരുമാനിക്കുന്നു ‘കുടുംബപുരാണ’ത്തില്‍ മകന്‍. ദുഷ്ടനും സ്ത്രീലമ്പടനുമായ അച്ഛനോടുള്ള വാശി തീര്‍ക്കുന്ന മകനാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ടി’ലെ ഉത്തമന്‍. സ്വന്തം കുഞ്ഞിനെ രണ്ടാമത്തെ മകനെ നോക്കാന്‍ ഏല്‍പിച്ച് നാടുവിട്ടുപോകുന്നു ‘പവിത്ര’ത്തില്‍ ഈശ്വരപിള്ള. മക്കളില്‍നിന്നും ഭാര്യയില്‍നിന്നും അകന്നുനില്‍ക്കുന്ന, കുടുംബത്തിന് പേരുദോഷം കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നവനാണ് ‘കിലുക്ക’ത്തിലെ ജസ്റ്റിസ്. പരമ്പരാഗതമായി കിട്ടിയ സമ്പത്തിന്‍െറ അവകാശി (‘സ്ഫടികം’, ‘നരസിംഹം’) ആയാലും അധ്വാനിച്ചുണ്ടാക്കിയ വീടും പുരയിടവും (‘കണ്ണെഴുതി പൊട്ടുംതൊട്ട്’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’) ഉള്ളവനായാലും തിലകന്‍ എന്ന പിതൃരൂപം അയാളുടെ സ്വഭാവത്തിന്‍െറ കൊള്ളരുതായ്മകള്‍ കാരണവും മകനെ അമിതമായി സ്നേഹിച്ച് വഷളാക്കുന്ന കാരണത്താലും അസ്വീകാര്യനോ പഴി കേള്‍ക്കുന്നവനോ ആണ്.
തിലകനും സിനിമ എന്ന പൊതു ഇടവും
ഇതുപോലെ സ്വഭാവത്തിന്‍െറ ‘പോരായ്മകള്‍’ ചൂണ്ടിക്കാട്ടിയാണ് 2011-ല്‍ തിലകനെ ‘അമ്മ’ എന്ന സിനിമാ സംഘടന പുറത്താക്കുന്നത്. തിലകന്‍ ‘അമ്മ’ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്ടേഴ്സ്)ക്കെതിരെ ഉന്നയിച്ച ജാതീയത, താരാധിപത്യം, തൊഴില്‍ നിഷേധം എന്നീ കുറ്റങ്ങള്‍, തിലകന്‍െറ സ്വഭാവത്തിന്‍െറ പോരായ്മകള്‍ നിര്‍മിച്ചെടുത്ത ആരോപണങ്ങളാണെന്ന മട്ടിലാണ് ‘അമ്മ’യിലെ അംഗങ്ങള്‍ പ്രതികരിച്ചത്. തുടര്‍ന്ന്‍ ഇതൊരു ആരോപണമായി മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണുണ്ടായത്. തിലകന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ആരോപണങ്ങളാക്കി സ്ഥാപിച്ചെടുക്കുക വഴി അവ ഉന്നയിച്ച തിലകന്‍, സിനിമ എന്ന ജാതിയും മതവുമൊന്നും സ്വാധീനിക്കാത്ത ആധുനിക, പൊതുഇടത്തിനും അതിനെ പ്രതിനിധാനംചെയ്യുന്ന താര, ആണ്‍ മക്കള്‍ക്കും താരവ്യവസ്ഥിതിക്കും ചേരാത്ത, ജാതി സംസാരിക്കുന്ന പിന്തിരിപ്പനായ ആളായിത്തീര്‍ന്നു വീണ്ടും.
ജാതീയത ആരോപണമാകുമ്പോള്‍
2005ലാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച നായര്‍ ലോബിയുടെ ജാതിക്കളി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും തന്നെ അവാര്‍ഡ് കിട്ടത്തക്ക റോളുകളില്‍നിന്ന് പുറത്താക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്നും തിലകന്‍ പരസ്യമായി പറയുന്നത്[1]. പിന്നീട് 2010-ല്‍ അതിന്‍െറ തുടര്‍ച്ചയെന്നോണം സിനിമാമേഖലയിലെ താരാധിപത്യം, താരങ്ങള്‍ കാരണം തനിക്ക് തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണെന്നും തിലകന്‍ തുറന്നടിച്ചു.
‘ഫെഫ്ക’യുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന വിനയന്‍െറ ‘യക്ഷിയും ഞാനും’ എന്ന സിനിമയില്‍ അഭിനയിച്ചതു കാരണം തിലകനെ ‘അമ്മ’യും ‘ഫെഫ്ക’യും (അപ്രഖ്യാപിത) വിലക്കി. അഭിനയിക്കാന്‍ കാള്‍ഷീറ്റ് കൊടുത്ത ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ തിലകന്‍ ഒഴിവാക്കപ്പെട്ടു. അതുപോലെ സോഹന്‍ റോയ് സംവിധാനം ചെയ്ത ‘ഡാം 999’ല്‍ തിലകനെ അഭിനയിപ്പിച്ചാല്‍ ഷൂട്ടിങ് തടയും എന്ന ഭീഷണിയുള്ളതിനാല്‍ അതില്‍നിന്ന് തിലകന്‍ ഒഴിവാക്കപ്പെട്ടു. തന്‍െറ തൊഴില്‍ ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശത്തെ താരാധിപത്യ സംഘടനയായ ‘അമ്മ’യും ‘ഫെഫ്ക’യും ഇല്ലാതാക്കുന്നു എന്ന് തിലകന്‍ തന്‍െറ പ്രേക്ഷകരോട്, മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് ‘അമ്മ’യില്‍നിന്ന് പുറത്താക്കപ്പെട്ടു. രണ്ടുവര്‍ഷത്തിനുശേഷം രഞ്ജിത്തിന്‍െറ ‘ഇന്ത്യന്‍ റുപ്പി’ എന്ന സിനിമയിലൂടെ തിലകന്‍ തിരിച്ചുവന്നുവെങ്കിലും അദ്ദേഹം ഉയര്‍ത്തിയ കുറ്റങ്ങള്‍ ആരോപണങ്ങളായി മാഞ്ഞുപോവുകയാണുണ്ടായത്.
തൊഴില്‍ചെയ്യുക എന്ന തന്‍െറ അവകാശത്തെ ഇല്ലാതാക്കുകയാണ് ‘അമ്മ’ ചെയ്തത് എന്ന് തിലകന്‍ പറയുമ്പോഴും അദ്ദേഹത്തെ ‘അമ്മ’ പുറത്താക്കാന്‍ നിരത്തിയ കാരണങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് കാണാം. 2010 ഏപ്രില്‍ ഒന്നിന് ‘അമ്മ’ എക്സിക്യൂട്ടിവ് കമ്മിറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റായ ഇന്നസെന്‍റ് തിലകനെ പുറത്താക്കുന്നതിനുള്ള കാരണമായി പറഞ്ഞത്, ‘അമ്മ’ക്കെതിരെയും അംഗങ്ങള്‍ക്കെതിരെയും നടത്തിപ്പോന്ന ആരോപണങ്ങളില്‍ തിലകന്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ട് സംഘടനയുടെ അച്ചടക്കം നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായി തിലകനെ ആജീവനാന്ത അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുന്നു എന്നാണ് [2]. ജാതീയത, താരാധിപത്യം, തൊഴില്‍ നിഷേധം എന്നിങ്ങനെ തിലകന്‍ ‘അമ്മ’ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടത് ആരോപണങ്ങള്‍ അല്ളെങ്കില്‍ ‘ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞു’ എന്ന രീതിയിലാണ്.
എക്സിക്യൂട്ടിവ് കമ്മിറ്റി ഉന്നയിച്ച ആരോപണം എന്ന ഒൗദ്യോഗികമായ കാരണം പിന്നീട് തിലകനുമായി ബന്ധപ്പെട്ട് വന്ന അഭിമുഖങ്ങളും ഓര്‍മക്കുറിപ്പുകളും ഏറ്റുപിടിക്കുകയാണുണ്ടായത്. ‘അമ്മ’ വൈസ് പ്രസിഡന്‍റായ ഗണേഷ് കുമാര്‍ അതിനെ ‘സ്വഭാവത്തിന്‍െറ ചാപല്യം’ ആയിട്ടാണ് വ്യാഖ്യാനിച്ചത്[3]. പ്രായം, അസുഖം, സ്വഭാവത്തിന്‍െറ ചാപല്യം എന്നിവയൊക്കെ കാരണം തിലകന് ‘അമ്മ’ സംഘടന ഒരുപാട് ആനുകൂല്യം കൊടുത്തു എന്നും അന്തസ്സും ആഭിജാത്യവുമുള്ള മധുസാറിനെ പോലെയുള്ള മഹാനടന്മാര്‍ ഉള്ള സംഘടനയെ അപമാനിക്കാന്‍ അനുവദിക്കില്ളെന്നും ഗണേഷ് കുമാര്‍ പറയുമ്പോള്‍, പ്രായം, അസുഖം, സ്വഭാവത്തിന്‍െറ ചാപല്യം എന്നിവയാണ് തിലകനെക്കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ചതെന്നും യഥാര്‍ഥ തെറ്റുകാരന്‍, സ്വഭാവത്തില്‍ പോരായ്മയുള്ളത് തിലകനാണെന്നും സ്ഥാപിക്കപ്പെടുന്നു. കാര്യകാരണങ്ങള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് ആ പോരായ്മയുള്ള സ്വഭാവം കാരണമാണെന്ന് സ്ഥാപിക്കപ്പെടുന്നു.
ആരോപണങ്ങള്‍ ഉണ്ടാക്കുന്ന തിലകന്‍െറ സ്വഭാവദൂഷ്യത്തിന്‍െറ തെളിവുകള്‍ ഇവിടെ അവസാനിക്കുന്നില്ല. മനോരമ ചാനലിലെ ‘നേരെ ചൊവ്വെ’ എന്ന പരിപാടിക്കിടെ, തിലകനുമായി സംസാരിക്കുന്ന ജോണി ലൂക്കോസ് ചോദിച്ചത് തിലകന്‍േറത് സാങ്കല്‍പിക ശത്രുത അല്ളേ എന്നാണ്[4]. മാത്രമല്ല, തിലകന്‍െറ സ്വഭാവത്തിന്‍െറ പ്രത്യേകതകളാണ് ഇങ്ങനെയുള്ള കാരണങ്ങള്‍ കണ്ടത്തെുന്നതെന്നും തിലകന്‍ സ്വന്തം അമ്മയോട് മുപ്പതിലധികം വര്‍ഷം പിണങ്ങി മിണ്ടാതിരുന്നതിന്‍െറയും ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ജീവിതം പങ്കിടുന്നതിന്‍െറയും വ്യക്തിപരമായ ഉദാഹരണങ്ങള്‍, തിലകന്‍െറ സ്വഭാവത്തിന്‍െറ പ്രശ്നം തെളിയിക്കാന്‍ അവതാരകന്‍ നിരത്തുകയും ചെയ്യുന്നു. തിലകന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ യഥാര്‍ഥമല്ളെന്നും ശരിയല്ലാത്ത സ്വഭാവത്തില്‍നിന്നും ഉണ്ടായ ആരോപണങ്ങള്‍ മാത്രമാണവ എന്നും സ്ഥാപിക്കപ്പെടാന്‍ തിലകന്‍െറ വ്യക്തിപരമായ ജീവിതാനുഭവങ്ങള്‍ നിരത്തുകയാണ് ഇവിടെയുണ്ടായത്.
ഇതുപോലെ രാജേഷ് കെ. എരുമേലി, രാജേഷ് ചിറപ്പാട് എന്നിവര്‍ എഡിറ്റ് ചെയ്ത തിലകനെ കുറിച്ചുള്ള ‘മഹാനടന്‍’ എന്ന പുസ്തകത്തിലെ ഓര്‍മക്കുറിപ്പുകളും കാരണങ്ങളൊന്നുമില്ലാതെ കലഹിക്കുന്ന കലാപകാരിയായ, തന്‍േറടിയായ, എന്തിനുമേതിനും അടികൂടുന്ന, മുന്‍ശുണ്ഠിക്കാരനായ, ധിക്കാരിയായ, പിടിവാശിക്കാരനായ തിലകനെയാണ് പുന:സൃഷ്ടിക്കുന്നത്.
ആരെങ്കിലും എന്തെങ്കിലും ഏഷണിയുണ്ടാക്കാനായി വല്ല നുണയും പറഞ്ഞുകൊടുത്താല്‍ കണ്ണുമടച്ച് വിശ്വസിക്കുന്ന തിലകനെയാണ് ഭാഗ്യലക്ഷ്മി ഓര്‍മിക്കുന്നത്. സത്യാവസ്ഥ അന്വേഷിക്കാത്തതുകൊണ്ടുതന്നെയാണ് എല്ലാവരുമായും കലഹിച്ചിരുന്നതെന്ന് ഭാഗ്യലക്ഷ്മി ഉറപ്പിക്കുന്നു, ‘മഹാപ്രതിഭയുടെ ഒപ്പമുള്ള നടത്തങ്ങളില്‍’. മറ്റുള്ളവരെല്ലാം തനിക്കെതിരാണെന്നും തന്നെ ഒതുക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും വല്ലാത്ത തെറ്റിദ്ധാരണ ഉണ്ടായിരുന്നു എന്നും പലപ്പോഴും ആ ധാരണയെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണങ്ങളെല്ലാം എന്നും ഓര്‍ക്കുന്നു ‘പ്രതിഭയുടെ പ്രഖ്യാപന’ത്തില്‍ ലാല്‍ ജോസ്. ഒരു നായര്‍ ലോബി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന തിലകന്‍െറ വാക്കുകള്‍ അവാസ്തവികമായ പ്രസ്താവനയായിട്ടാണ് തനിക്ക് തോന്നിയതെന്ന് സത്യന്‍ അന്തിക്കാട് ‘പെരുന്തച്ചനി’ല്‍ പറയുന്നു. ആരോപണം എന്ന അമ്മയുടെ ഒൗദ്യോഗിക കാരണം (തിലകനെ പുറത്താക്കാന്‍) ഇത്തരം ഓര്‍മകളിലൂടെയും സംഭാഷണങ്ങളിലൂടെയും പുനരുത്പാദിപ്പിക്കപ്പെടുന്നു. അവയുടെ ന്യായയുക്തത സ്ഥാപിക്കപ്പെടുന്നു. ‘അച്ഛന്‍ കുറച്ചുകൂടെ സൗമ്യനായിരുന്നെങ്കില്‍’ എന്ന തലക്കെട്ടോടെയുള്ള മകന്‍ ഷോബി തിലകന്‍െറ അച്ഛന്‍ ഓര്‍മകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും പിന്നീട് തിലകനെകുറിച്ച് വന്ന ഓര്‍മപ്പുസ്തകങ്ങളിലും സ്ഥാനംപിടിച്ചു. തിലകന്‍ ഉന്നയിച്ച പ്രശ്നങ്ങളൊക്കെ അദ്ദേഹത്തിന്‍െറ സ്വഭാവത്തിന്‍െറ പോരായ്മ കൊണ്ടാണെന്ന് വീണ്ടും വീണ്ടും സ്ഥാപിക്കപ്പെടുന്നു.
ഇതുവഴി മലയാള സിനിമ നിര്‍മിച്ച തിലകന്‍െറ പിതൃരൂപവും കേരളത്തിന്‍െറ സാമൂഹിക സാഹചര്യം ഉത്പാദിപ്പിച്ച തിലകന്‍ എന്ന അച്ഛനും തമ്മിലുള്ള അന്തരം ഇവിടെ ഇല്ലാതായിത്തീരുകയാണ്. ‘പൊതു’ എന്നത് അച്ഛന്‍ എന്ന അപര ആണത്തത്തിനും അച്ഛനെ അവതരിപ്പിക്കുന്ന തിലകനും അപ്രാപ്യമാവുകയാണ്. ജാതിയെ പറ്റി സംസാരിക്കുന്നവന്‍ ആരോപണം ഉന്നയിക്കാന്‍ മാത്രം കഴിവുള്ളവനാണ്. മതേതരമായ ഒരു പൊതുഇടത്തിനു വേണ്ടാത്തവനും ആണയാള്‍. അഥവാ പൊതുഇടത്തില്‍നിന്നും പുറത്തുനിര്‍ത്തപ്പെടേണ്ടവന്‍.
(കീഴാള) ജാതി, വൈകാരികത എന്നിങ്ങനെ സ്വകാര്യമാക്കിവെക്കേണ്ടതൊക്കെ പരസ്യമായി തുറന്നുപറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ആണുങ്ങള്‍ പൊതു ഇടത്തില്‍നിന്ന് പുറത്തുനിര്‍ത്തേണ്ടവരാണെന്ന് തിലകനിലൂടെ ബോധ്യപ്പെടുത്തുകയാണ് മലയാള സിനിമ ചെയ്തത്. അച്ഛനെ സിനിമയിലും സിനിമ എന്ന പൊതു ഇടത്തില്‍നിന്നും പുറത്തുനിര്‍ത്തിക്കൊണ്ടാണ് ആധുനിക മതേതര ആണ്‍ [മമ്മൂട്ടി, മോഹൻലാൽ] താരമാകുന്നതും പിന്നീട് താരപിതാവാ [ഡാഡി കൂൾ]കുന്നതും.
സൂചനകൾ.
പരാമർശിച്ച കൃതികൾ
Arunima, G. There Comes Papa: Colonialism and the Transformation of Matriliny in Kerala, Malabar, c. 1850-1940. Hyderabad: Orient Longman, 2003.
Chatterjee, Partha. “The Nationalist Resolution of the Women’s Question.” Recasting Women: Essays in Colonial History. Eds. Kumkum Sangari and Sudhesh Vaid. New Delhi: Kali for Women, 1989. 233-252.
Namboothiri, E.M.S. How I Became a Communist. Thiruvananthapuram: Chintha Publishers, 1976.
Pandian, M.S.S. “One Step Outside Modernity: Caste, Identity Politics and Public Sphere.” EPW 37.18 (4 May 2002): 1735-1741.
എം.ടി. വാസുദേവൻ നായർ. അമ്മയ്ക്ക്. തൃശൂർ: കറൻറ് ബുക്സ്, 2005.
എരുമേലി രാജേഷ് കെ., രാജേഷ് ചിറപ്പാട്. എഡിറ്റർമാർ. മഹാനടൻ. കോട്ടയം: അസെൻഡ് പബ്ലിക്കേഷൻസ്, 2013
എംടിയുടെ ലോകങ്ങൾ: എം.ടി. വാസുദേവൻ നായരുടെ കൃതികളുടെ ഡിജിറ്റൽ ശേഖരം. കോട്ടയം: മലയാള മനോരമ.
ചെറുകാട്, ജീവിതപ്പാത. തൃശൂർ: കറൻറ് ബുക്സ്, 1974.
നമ്പൂതിരിപ്പാട്, ഇ.എം.എസ്. കേരളചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്, 1990.
രാധാകൃഷ്ണൻ, പി.എസ്. “തന്റെ ഇടവും തന്റേടവും.” മാധ്യമം വാരിക. 08 ഒക്ടോ. 2012. 18-23
തിലകൻ: ജീവിതം, ഓർമ്മ. കോട്ടയം: ഡി.സി. ബുക്ക്സ്, 2012.
ഷോബി തിലകൻ. “അച്ഛൻ കുറച്ചുകൂടി സൗമ്യനായിരുന്നെങ്കിൽ.” മാതൃഭൂമി ആഴ്ചപ്പതിപ്പ്. 07 ഒക്ടോ. 2012. 66-79.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‍ മലയാള ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അധ്യാപികയാണ്. അഴിമുഖത്തില്‍ smokescreen എന്ന സിനിമ കോളം കൈകാര്യം ചെയ്യുന്നു