ആത്മബോധവും നിലപാടുമുള്ള മനുഷ്യര്‍ ചിന്തകള്‍ക്ക് ബദലേര്‍പ്പെടുത്താറില്ല.
കുന്തമുന പോലെയാണ് ജാതി മത വര്‍ണ വര്‍ഗചിന്ത പൊതു സമൂഹത്തിലേക്ക് കടന്നുവരുന്നത്. ഹിന്ദുത്വയുടെ ഭരണ നാള്‍വഴികള്‍ കനിഞ്ഞു നല്‍കിയ ബോധ്യങ്ങളില്‍ ഏറ്റവും ശക്തമായത് അവനവനില്‍ ഉറങ്ങിക്കിടന്ന ഇത്തരം അവസ്ഥകളെ ഉള്‍ക്കൊണ്ട് അധമ ചിന്തയുമായി, ശക്തമായി സമൂഹത്തില്‍ ഇടപെടുവാനുള്ള ധൈര്യമാണ്. അതുകൊണ്ടുതന്നെ ആദരവോടെയും സ്‌നേഹത്തോടെയും കണ്ടിരുന്ന മഹാനുഭാവന്മാര്‍ പലരും വര്‍ത്തമാന കാലത്ത് സ്വയം മറന്ന് അവരുടെ തനത് സത്തയില്‍ സമൂഹത്തില്‍ നിറഞ്ഞാടുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു.
അറിയപ്പെടുന്ന കര്‍ണാടക സംഗീത ആലാപകരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അവര്‍ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ ചെയ്യാമെന്നേറ്റിരുന്ന സംഗീത പരിപാടിയില്‍ നിന്നും പിന്‍മാറിയിരിക്കുന്നുവെന്നാണ്. ഹരികഥാകാരനായ ദുഷ്യന്ത് ശ്രീധറും ഇതിനു തുല്യമായ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. ധര്‍മത്തെപ്പറ്റിയും, അയോധ്യയെപ്പറ്റിയും ശ്രീരാമനെ കുറിച്ചും അയാള്‍ നടത്തിയ പ്രസ്താവനകള്‍ എനിക്ക് വേദനയുണ്ടാക്കുന്നുവെന്നാണ് കുറേക്കൂടി സംഘ പരിവാര്‍ ലൈനില്‍ അദ്ദേഹം പ്രതികരിച്ചത്. പലരും ഇത്തരം ചിന്തകളുമായി രംഗത്തെത്തുന്നു. സംഗീത ലോകത്തെ പുകള്‍പ്പെറ്റവരുടെ ഈ പ്രതികരണങ്ങള്‍ കൃത്യമായി ഫോക്കസ് ചെയ്യുന്നത് ഒരാളിലാണ്. അത് ‘സംഗീതത്തിന് വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും ശക്തമായ മാറ്റം സൃഷ്ടിക്കാം’ എന്ന ടാഗ് ലൈനോട് കൂടി മാഗ്‌സസെ അവാര്‍ഡ് നേടിയെടുത്ത ടി.എം കൃഷ്ണയെയാണ്. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ കൃഷ്ണയെ ഇപ്പോള്‍ മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാനിധി എന്ന ബഹുമതി നല്‍കി ആദരിച്ചതിനാലാണ്.
എവിടെയാണ് രഞ്ജിനി ഗായത്രിമാരും കൃഷ്ണയും തമ്മില്‍ തെറ്റിപ്പിരിയുന്നത്? ഉറപ്പായും അത് കാഴ്ചപ്പാടില്‍ത്തന്നെയാണ്. ക്ഷേത്രങ്ങളിലും രാജസദസുകളിലും കുടിയേറി ക്ലാസിക് കലയെന്ന പ്രിവിലേജ് നേടിയ ബ്രാഹ്‌മണിക് ഹെഗിമണിയുടെ പരിലാളനയില്‍ വളര്‍ന്ന കര്‍ണാടക സംഗീതധാരയെയാണ് ടി.എം കൃഷ്ണ തന്റെ കാഴ്ചപ്പാടിലൂടെ അതിലുപരി നിലപാടിലൂടെ നാട്ടു കൂട്ടത്തിലേക്ക് ഹൈജാക്ക് ചെയ്തത്. എത്രമാത്രം അപരാധമാണ് അയാള്‍ ചെയ്തു കൂട്ടിയത്. 2011-2013 കാലത്ത് അയാള്‍ ശ്രീലങ്കയിലേക്ക് യാത്ര ചെയ്തു. രണ്ട് ഫെസ്റ്റിവലുകള്‍ നടത്തി. ‘സംസ്‌കാരം- നിലനിര്‍ത്തലും വീണ്ടെടുക്കലും’ എന്ന ബോധ്യത്തില്‍. തൊഡുര്‍ മഡാബുസി കൃഷ്ണ എന്ന ടി.എം കൃഷ്ണ പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക ബോധ്യം അവിടെയും അവസാനിക്കുന്നില്ല. ഇന്ത്യയുടെ സാമൂഹിക ഉച്ചനീചത്വങ്ങളിലേക്ക് സംഗീതവുമായി ഇറങ്ങിച്ചെല്ലുകയും എല്ലാ അര്‍ത്ഥത്തിലും കര്‍ണാടക സംഗീതത്തെ കൈവിടാതെ ഇത്രയേറെ അവിടേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്ത ഒരു പുതുഗായകന്‍ വേറെയുണ്ടാവില്ല.
രഞ്ജിനി ഗായത്രിമാര്‍ കൃഷ്ണയ്ക്ക് നേരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വായിച്ചെടുക്കുമ്പോള്‍ വ്യക്തമാകുന്നത്. കര്‍ണാടക സംഗീതധാരയില്‍ അന്തര്‍ലീനമായ വര്‍ണവെറിയുടെ ചിത്രങ്ങളാണ്. ആത്മബോധവും നിലപാടുമുള്ള മനുഷ്യര്‍ ചിന്തകള്‍ക്ക് ബദലേര്‍പ്പെടുത്താറില്ല.
2017-ല്‍ ടി.എം കൃഷ്ണ വളരെ ശക്തമായ ഭാഷയില്‍ എം.എസ്.സുബ്ബലക്ഷ്മിയെന്ന കര്‍ണാട്ടിക് സെയ്ന്റിനെ വിമര്‍ശിച്ചിരുന്നു. ദേവദാസി സ്ത്രീയെന്ന അവസ്ഥയെ മറച്ച് വച്ച് ശുദ്ധ ബ്രാഹ്‌മണ അസ്തിത്വത്തിലൂടെ പ്രയാണം നടത്തിയ സുബലക്ഷ്മിയെപ്പറ്റി അയാള്‍ സംസാരിച്ചു. ആരും പബ്ലിക് ഡൊമൈനില്‍ സംസാരിക്കാന്‍ ധൈര്യപ്പെടാത്ത കാര്യം. ‘എം.എസിന്റെ ശബ്ദം ഇരുട്ടില്‍ നിന്നാണ് വരുന്നതെന്നറിഞ്ഞിരുന്നെങ്കില്‍- ഉന്നതകുലജാതയുടെ മേല്‍ മൂടി അവരിലില്ലായുന്നുവെങ്കില്‍, നമ്മളിലാരെങ്കിലും അവരെ ആരാധിക്കുമായിരുന്നോ? എന്ന സംശയമാണ് അദ്ദേഹം പങ്ക് വച്ചത്. മാത്രമല്ല, അവരുടെ സംഗീതം അവരുടെ വേദനകളില്‍ നിന്നും ഉയിര്‍ കൊണ്ടതായിരുന്നുവെന്നും ടി.എം. കൃഷ്ണ സൂചിപ്പിച്ചിരുന്നു. സംഗീതത്തിന്റെ ആത്മബോധമവിടെയാണെന്ന ഓര്‍മപ്പെടുത്തല്‍ പോലെ.
സംശയം സൃഷ്ടിക്കുന്ന ഘടകം ക്ലാസിക്കല്‍ സംഗീതമെന്നത് ഇപ്പോഴും ബ്രാഹ്‌മണ പിന്തുടര്‍ച്ചയുടെ ഭാഗം മാത്രമാണോ എന്നതാണ്. രഞ്ജിനി ഗായത്രിമാരും അവരെപ്പോലെ ചിന്തിക്കുന്നവരും അത് മാത്രമാണ് കര്‍ണാടക സംഗീതമെന്ന വാദത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അത് കൊണ്ട് തന്നെ അതിന്റെ ജനാധിപത്യവത്കരണത്തിലേക്ക് യാത്ര ചെയ്യുന്ന കൃഷ്ണ അവരുടെ കണ്ണിലെപ്പോഴും കരടു തന്നെയായിരിക്കും.
ഇപ്പോള്‍ ഈ ബ്രാഹ്‌മണിക് പിന്തുടര്‍ച്ചാവാദികള്‍ കൃഷ്ണയ്ക്ക് വേണ്ടി ബഹിഷ്‌ക്കരിച്ച ചെന്നൈ കര്‍ണാട്ടിക് ഫെസ്റ്റിവലിനു ബദല്‍ സൃഷ്ടിക്കാന്‍ ടി.എം കൃഷ്ണയ്ക്ക് കഴിഞ്ഞിരുന്നു. അബ്രാഹ്‌മണ സംഗീതജ്ഞരെ ഒഴിവാക്കി നടത്തുന്ന ഈ സംഗീത പരിപാടിക്ക് എതിരായി ബസന്ത് നഗറിലെ മത്സ്യത്തൊഴിലാളി ഗ്രാമത്തിലൊരുക്കിയ ഉരുര്‍-ഓള്‍കോട്ട് കുപ്പം മാര്‍ഗഴി വിഴ, മാത്രം മതി ഈ മനുഷ്യന്റെ നിലപാടുകള്‍ എത്രമാത്രം ശക്തമാണെന്നറിയാന്‍. പെരിയാറുടെ കൃതികള്‍ സംഗീത പരിപാടികളില്‍ അവതരിപ്പിച്ചും അള്ളാഹുവിനെപ്പറ്റിയും ക്രിസ്തുവിനെപ്പറ്റിയും കര്‍ണാട്ടിക് കോമ്പോസിഷന്‍ സൃഷ്ടിച്ചും പാരമ്പര്യ വാദത്തെ ക്ലാസായി വെല്ലുവിളിച്ച ഈ മനുഷ്യനെ എങ്ങനെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. രഞ്ജിനി ഗായത്രിമാര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങളും ഇതിലാണ്. ഈ വി. രാമസ്വാമിയെ പിന്തുടരുന്ന ടി.എം കൃഷ്ണ ബ്രാഹ്‌മണ സമൂഹത്തെ വംശഹത്യയ്ക്ക് വിധേയമാക്കുന്നുവെന്നും ബ്രാഹ്‌മണ സ്ത്രീകളെ അവഹേളിക്കുന്നുവെന്നുമാണ്. അവര്‍ പറയുന്നത്. അതേ പെരിയാര്‍ എതിരായിരുന്നു. ദൈവത്തിനും മതത്തിനും കോണ്‍ഗ്രസിനും ഗാന്ധിയ്ക്കും ബ്രാഹ്‌മണിസത്തിനും എതിരായിരുന്നു. അദ്ദേഹം കൂടെയുണ്ടായിരുന്നു; അധസ്ഥിതരുടേയും പാര്‍ശ്വവത്കൃതരായ മനുഷ്യരുടെയും ഒപ്പം. ഇ.വി രാമസ്വാമിയെ ഗുരുവായി കാണുന്ന ടി.എം കൃഷ്ണയെന്ന ബ്രാഹ്‌മണ ചിന്ത വലിച്ചെറിഞ്ഞ മനുഷ്യന്‍ അതുകൊണ്ട് തന്നെ അവര്‍ക്ക് അനഭിമതനാകുന്നു.
ഗോപാലകൃഷ്ണ ഭാരതിയുടെ ഒരു കമ്പോസിഷന്‍ രഞ്ജിനി ഗായത്രി മാര്‍ പാടിയത് യു ട്യൂബില്‍ ലഭ്യമാണ്. ശിവദര്‍ശനത്തിന് ക്ഷേത്രത്തിലെത്തിയ നന്ദനാരുടെ- ഭക്ത നന്ദനാരുടെ കാഴ്ചയെ മറച്ച നന്ദികേശ പ്രതിമയോട് സംവദിക്കുന്ന ഭാഗമാണ് ഭാരതി കാവ്യമാക്കിയിരിക്കുന്നത്.
‘വഴി മറഞ്ഞിരിക്കുതേ മല പോലെ
ഒരു മാടു പടിക്കുതേ …..’
കല്‍ പ്രതിമയായ മാട് ഒടുവില്‍ നന്ദനാരുടെ ശിവദര്‍ശനത്തിനായി മാറിക്കിടന്നുവെന്നുള്ളത് തമിഴ് മക്കള്‍ വായ്‌മൊഴിയായി ഇന്നും നിലവിലുണ്ട്. സംശയം ഇതാണ്; ഗോപാലകൃഷ്ണ ഭാരതിയുടെ ഉജ്ജ്വലമായ ഈ ചിന്ത മനസറിഞ്ഞാണോ ഈ ഇരട്ടകള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
അല്ല എന്ന് കൃത്യമായി പറയാം.
ഉത്തരം നാട്ടുകൂട്ടത്തിലേക്ക് പുറമ്പോക്ക് പാട്ടുകാരനായി വന്ന ടി.എം കൃഷ്ണ കൃത്യമായ ദര്‍ശനത്തിലൂടെ വ്യക്തമാക്കുന്നു.
‘സംഗീതം എന്നെ കളങ്കമില്ലാത്തവനാക്കുന്നു. രാഗങ്ങളിലേക്ക് ഊളിയിട്ടിറങ്ങുമ്പോഴുള്ള അനുഭവം മറ്റെന്തോ ആക്കിത്തീര്‍ക്കുന്നു.’
ഇതല്ലേ സംഗീതം. ആത്മനിഷ്ഠമായ സംഗീതം.