ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തായ്ലാന്‍ഡില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു കാഞ്ചനാബുരി. ഇവിടുത്തെ പ്രധാന ആകര്‍ഷണം വിഖ്യാതമായിരുന്ന ‘ടൈഗര്‍ ടെമ്പിള്‍’ ആയിരുന്നു. ബുദ്ധസന്ന്യാസിമാരാല്‍ പരിപാലിക്കപ്പെട്ടിരുന്ന മനുഷ്യരുമായി അടുത്ത് ഇടപഴകിയിരുന്ന കടുവകളെ അത്ഭുതത്തോടും കൗതുകത്തോടും അടുത്ത് കാണുവാനും ആലിംഗനം ചെയ്യുവാനും പാലൂട്ടുവാനും രണ്ടുവര്‍ഷം മുമ്പുവരെ സഞ്ചാരികളുടെ വലിയൊരു നിര പ്രതിദിനം ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാല്‍ കടുവാ ക്ഷേത്രം കടുവകളുടെ കശാപ്പുകേന്ദ്രവും നരകവുമാണെന്ന് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
വന്യമൃഗസംരക്ഷണത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഒരുകൂട്ടം ബുദ്ധസന്ന്യാസിമാര്‍ കച്ചവടതാല്പര്യാര്‍ത്ഥം കടുവകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതും അവിടെ നടത്തിയ പരിശോധനയില്‍ കടുവാകുഞ്ഞുങ്ങളുടേതുള്‍പ്പടെ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളുടേയും പക്ഷികളുടേയും മൃതശരീരങ്ങള്‍ കണ്ടെത്തിയതും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ വേദനാജനകമായ വാര്‍ത്തയായിരുന്നു. ചരിത്രപ്രസിദ്ധമായിരുന്ന ഒരു ബുദ്ധസങ്കേതം അങ്ങനെ കുപ്രസിദ്ധിയിലേക്ക് കൂപ്പുകുത്തി. രണ്ടായിരത്തി പതിനാറില്‍ കടുവാ ടെമ്പിള്‍ അടച്ചുപൂട്ടുകയും അവശേഷിച്ചിരുന്ന കടുവകളെമുഴുവന്‍ തായ് ലാന്‍ഡിലെ ദേശീയ മൃഗശാലകളിലേക്ക് പുനഃരധിവസിപ്പിക്കുകയും ചെയ്തു.
അഹിംസയുടെ പ്രവാചകന്മാരായ ബുദ്ധസന്ന്യാസികളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണ കടുവാ ക്ഷേത്രം, അങ്ങനെ ഉത്സവം കഴിഞ്ഞ് ആളൊഴിഞ്ഞ പൂരപ്പറമ്പ്‌പോലെയായി. ‘ടൈഗര്‍ സൂ’ എന്നപേരില്‍ മറ്റൊരു കടുവാസങ്കേതം കാഞ്ചനാബുരിയില്‍ തന്നെ തുടങ്ങുന്നതായും വാര്‍ത്തകള്‍ കേള്‍ക്കുന്നു! യാദൃശ്ചികമാകാം, കാഞ്ചനാബുരിക്ക് അവിടേക്ക് എത്തുന്നവരോട് ഇങ്ങനെ പൊള്ളിക്കുന്ന ചില കഥകള്‍ പറയാനുള്ളത്. അത് ടൈഗര്‍ ടെമ്പിളിനെ കുറിച്ച് മാത്രമല്ല. ചരിത്രത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന വേദനിപ്പിക്കുന്ന ഒരു തീവണ്ടിയുടെ ചൂളം വിളികൂടിയുണ്ട് അവിടെ.
കാഞ്ചനാബുരിയിലേക്കുള്ള യാത്രയില്‍ നയനാനന്ദകരമായ ഒരു പച്ചപ്പുല്‍മൈതാനം കണ്ടാണ് അവിടേക്ക് ചെന്നത്. മാര്‍ബിള്‍ കൊണ്ടുനിര്‍മ്മിച്ച അതിന്റെ സുന്ദരമായ കവാടത്തില്‍ നിന്നും ഉള്ളിലേക്ക് നോക്കിയപ്പോഴായാണ് അതൊരു സെമിത്തേരിയാണ് എന്ന് മനസ്സിലായത്. കവാടത്തിന്റെ ചുവരുകളില്‍ ഉണ്ടായിരുന്ന കുറിപ്പുകള്‍ ജിജ്ഞാസ ഉണര്‍ത്തി. ഉള്ളിലേക്ക് പതുക്കെ ചുവടുവച്ചു. അടക്കം ചെയ്യപ്പെട്ടവരുടെ സ്മാരകശിലകള്‍ അടുത്തടുത്തായി പാകിയിരിക്കുന്നു. നടപ്പാത കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന ഇരുപുറങ്ങളുള്ള ആ സെമിത്തേരിയിലെ വഴിയുടെ ഒടുക്കമായി ഉയരമുള്ള ഒരൊറ്റക്കുരിശുമുണ്ട്. അത് ഏതെങ്കിലും പള്ളിയുടെ സെമിത്തേരി ആയിരുന്നില്ല! അവിടെ അടക്കം ചെയ്യപ്പെട്ടവരുടെ മേല്‍വിലാസങ്ങള്‍ തായ്ലാന്‍ഡ്കാരുടേതുമായിരുന്നില്ല. നിശബ്ദതയില്‍ ആ കല്ലുകളിലൂടെ കണ്ണുകള്‍ സഞ്ചരിക്കേ അതെല്ലാം ആളുകളായിതീര്‍ന്നു. അവരുടെ മുഖങ്ങള്‍ വിളറിയതും ശരീരം അവശവുമായിരുന്നു. എന്തെങ്കിലും ശബ്ദമുയര്‍ത്താനുള്ള ശക്തി അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ അല്‍പവസ്ത്രങ്ങളില്‍ മണ്ണും ചെളിയും രക്തവും പുരണ്ടിരുന്നു. അവരെക്കുറിച്ച് അന്വേഷിക്കുന്നവരോടെല്ലാം കാഞ്ചനാബുരി ആ കഥ പറയും. ചരിത്രത്തിലെ ഒരു കണ്ണീര്‍ക്കഥ.
ലോകംമുഴുവന്‍ പിടിച്ചടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് രണ്ടാം ലോകമഹായുദ്ധ കാലത്ത് തായ്‌ലാന്‍ഡിലൂടെ ബര്‍മ്മയില്‍ (മ്യാന്‍മര്‍) പ്രവേശിച്ച് ബ്രിട്ടീഷ് അധിനിവേശത്തെ പരാജയപ്പെടുത്തി ബര്‍മ്മ പിടിച്ചെടുത്ത ജപ്പാന്‍സൈന്യം തങ്ങളുടെ സൈനികാവശ്യത്തിനായി സിയാമില്‍ (തായ്ലാന്‍ഡിന്റെ പഴയ പേര്) നിന്നും ബര്‍മ്മവരെ നാനൂറ്റി ഇരുപത്തിനാലോളം കിലോമീറ്റര്‍ നീളം വരുന്ന റയില്‍വേ നിര്‍മ്മിച്ചു.’ഡെത്ത് റയില്‍വേ’ എന്നപേരില്‍ പില്‍ക്കാലത്ത് കുപ്രസിദ്ധമായ അതിന്റെ ശ്രമകരമായ നിര്‍മ്മാണത്തിന്വേണ്ടി വിനിയോഗിക്കപ്പെട്ടത് ജപ്പാന്‍ സൈന്യത്തിന് കീഴടങ്ങേണ്ടിവന്ന വിദേശികളായ പട്ടാളക്കാരായിരുന്നു.”സ്പീഡോ” എന്ന് പേരിട്ടിരുന്ന ആ റെയില്‍േവ നിര്‍മ്മാണത്തിലൂടെ രക്തസാക്ഷികളായത് ഏതാണ്ട് ഒരുലക്ഷത്തോളം യുദ്ധത്തടവുകാരാണ്. അവരില്‍ ഭൂരിപക്ഷവും ബ്രിട്ടീഷ്, ഡച്ച്, ഓസ്‌ട്രേലിയന്‍ പൗരന്മാരായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി സേവനം അനുഷ്ഠിച്ചിരുന്ന പന്ത്രണ്ടോളം ഇന്ത്യക്കാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ജൂതന്മാരുടെ ജീവിതത്തിന് ഏതാണ്ട് സമാനമായിരുന്നു ബര്‍മ്മ-സിയാം റെയില്‍വേ നിര്‍മ്മാണത്തിന് ഉപയോഗിക്കപ്പെട്ട തടവുകാരുടെ അവസ്ഥ. അടിവസ്ത്രം മാത്രമായിരുന്നു അവര്‍ക്കനുവദിച്ചിരുന്ന വേഷം. വേണ്ടത്ര ഭക്ഷണമോ വിശ്രമമോ ഇല്ലാതെ പതിനെട്ടും ഇരുപതും മണിക്കൂറുകള്‍ അവര്‍ക്ക് തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വന്നു. അതിനുപുറമേ ജപ്പാന്‍ പട്ടാളക്കാരുടെ പീഡനങ്ങള്‍ക്കും ക്രൂരമായ ശിക്ഷകള്‍ക്കും അവര്‍ വിധേയരായി. യന്ത്രസഹായങ്ങള്‍ ഒന്നുമില്ലാതെ തടവുകാര്‍ക്ക് കഠിനമായി പണിയെടുക്കേണ്ടിവന്നു. അനേകംപേര്‍ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ഒരു വര്‍ഷവും രണ്ടുമാസവും കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെട്ടപ്പോഴേക്കും ഏതാണ്ട് മുഴുവന്‍ തടവുകാരും കൊല്ലപ്പെട്ടു. അവശേഷിച്ചവര്‍ ഭീകരമായ ജയില്‍ ജീവിതത്തിനും ഇരകളായി. മരണപെട്ട തടവുകാരുടെ ശരീരങ്ങള്‍ മരണപ്പെടുന്ന സ്ഥലത്തോട് ചേര്‍ന്ന് അടക്കം ചെയ്യപെട്ടു.
തടവുകാരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് കാണിച്ചു തരുന്ന വാര്‍മ്യൂസിയത്തിലെ ശില്‍പ്പങ്ങള്‍
.
അത്തരത്തില്‍ മരണപെട്ടവരെ അടക്കം ചെയ്ത ഒരു വാര്‍ സെമിത്തേരിയാണ് കാഞ്ചനാബുരിയില്‍ കണ്ടത്. എഴായിരത്തോളം സ്മാരകശിലകള്‍ അവിടെ മാത്രമുണ്ടായിരുന്നു. ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ സന്ദര്‍ശകര്‍ക്ക് നല്‍കി ഒരു റെയില്‍പ്പാതയും പഴയ തീവണ്ടിയുടെ അവശിഷ്ടങ്ങളും തടവുകാരുടെ നരകജീവിതത്തെക്കുറിച്ചും രണ്ടാം ലോകമഹയുദ്ധകാലത്തെ വിവിധ സംഭവങ്ങളെയും ആയുധങ്ങളെയും ഓര്‍മ്മപ്പെടുത്തുന്ന ഒരു വാര്‍ മ്യൂസിയവും കാഞ്ചനാബുരിയിലുണ്ട്.
അമേരിക്കന്‍ സൈന്യം ബോംബിട്ടു തകര്‍ത്ത ഡെത്ത് റയില്‍വേ പില്‍ക്കാലത്ത് പുതുക്കിപ്പണിയുകയും കുറച്ചുദൂരം സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. മനോഹരമായ സിയാം നദിയുടെ കുറുകയും ഓരത്തിലൂടെയുമുള്ള ആ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രത്തിലെ ആ ചൂളംവിളി നമുക്കും കേള്‍ക്കാം. ഒപ്പം ആത്മരോഷം കടിച്ചമര്‍ത്തി ജോലിചെയ്ത് തളര്‍ന്ന് മരിച്ചുവീണവരുടെ ദീനവിലാപങ്ങളും..