UPDATES

യാത്ര

സഞ്ചാരികളുടെ ഒഴുക്ക്; സന്ദര്‍ശകര്‍ക്ക് മായാ ബേ ബീച്ചില്‍ വിലക്ക്

പവിഴപ്പുറ്റുകള്‍ വളരാന്‍ വേണ്ടിയുള്ള സമയമായതിനാലാണ് ബീച്ച് അടച്ചത്.

                       

തായ്‌ലന്‍ഡിലെ പ്രശസ്തമായ മായാ ബേ ബീച്ചിലേക്ക് പോകാന്‍ സഞ്ചാരികള്‍ക്ക് ഇനിയും കുറെ നാള്‍ കാത്തിരിക്കേണ്ടി വരും. താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയ ശേഷം ഈ മാസം തുറക്കാന്‍ ഇരിക്കുകയായിരുന്നു മായാ ബേ ബീച്ച്. ജൂണ്‍ ഒന്ന് മുതല്‍ ആണ് ബീച്ചില്‍ വിലക്കേര്‍പ്പെടുത്തിയത്. പവിഴപ്പുറ്റുകള്‍ വളരാന്‍ വേണ്ടിയുള്ള സമയമായതിനാലാണ് ബീച്ച് അടച്ചത്. സഞ്ചാരികളുടെ ഗണ്യമായ വര്‍ദ്ധനവിനെ തുടര്‍ന്ന് മായ ബേ ബീച്ച് നാശത്തിന്റെ വക്കിലായിരുന്നു.

മായാ ബേയിലെ വിലക്ക് തുടരുമെന്ന് തായ്‌ലന്‍ഡിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാഷണല്‍ പാര്‍ക്സ്, വൈല്‍ഡ്‌ലൈഫ് ആന്‍ഡ് പ്ലാന്റ് കണ്‍സര്‍വഷന്‍ (ഡിഎന്‍പി) അറിയിച്ചു. ലിയോനാര്‍ഡോ ഡി കാപ്രിയോ നായകനായ 2000-ത്തില്‍ പുറത്തിറങ്ങിയ ”ദി ബീച്ച്”ചിത്രത്തിന്റെ ലൊക്കേഷന്‍ എന്ന നിലയില്‍ പ്രശസ്തമാണ് തായ്‌ലന്‍ഡിലെ കോഹ് ഫി ഫി ലേഹിലെ മായ ബേ. ജൂണ്‍ ഒന്ന് മുതല്‍ നാല് മാസത്തേക്കാണ് ബീച്ച് അടച്ചത്. ദിവസം 6000 സന്ദര്‍ശകരാണ് മായ ബേയില്‍ എത്തുന്നത്.

‘ബീച്ച് വീണ്ടെടുക്കാന്‍ നാല് മാസം മതിയാവില്ല. ബീച്ചിലെ പവിഴപ്പുറ്റുകള്‍, കണ്ടല്‍ക്കാട് എന്നിവയൊക്കെ വീണ്ടെടുക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം എങ്കിലും എടുക്കും,’ – നാഷണല്‍ പാര്‍ക്സ് ഓഫീസിലെ ഡയറക്ടര്‍ സോങ്താം സുക്സ്വാങ് പറഞ്ഞു.

ബീച്ചിലെ ആവാസ വ്യവസ്ഥയും മറ്റും പഴയ രീതിയിലാകാന്‍ ഇനിയും സമയമെടുക്കും. ഒക്ടോബര്‍ മുതല്‍ വീണ്ടും ബീച്ച് അടച്ചിടുമെന്ന് ഡിഎന്‍പി ഒരു കത്തിലൂടെ അറിയിച്ചു. തായ്‌ലന്‍ഡിന്റെ മൊത്ത വരുമാനത്തില്‍ 12 ശതമാനവും ടൂറിസത്തില്‍ നിന്നാണ്. എന്നാല്‍ വര്‍ധിച്ചു വരുന്ന സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയാണ് രാജ്യം ഇപ്പോള്‍.

Share on

മറ്റുവാര്‍ത്തകള്‍