ചുമരുകളുടെ പ്രതിധ്വനികള്‍ക്കപ്പുറം ചരിത്രത്തിന്‍റെ പ്രതിധ്വനികളാണ് ഈ കോട്ടയില്‍ കേള്‍ക്കാനാകുന്നത്. മിനാരങ്ങളിലെ വജ്രക്കല്ലുകള്‍ ശ്രദ്ധേയമാണ്. പരമാവധി എക്കോ സൃഷ്ടിക്കുന്ന വിധമാണ് ഡയമണ്ട് കട്ടുകളുടെ ക്രമീകരണം. ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഗോല്‍കൊണ്ട കോട്ടയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കുത്തബ് ഷാഹി രാജവംശത്തിന്‍റെ (1518–1687) തലസ്ഥാനമായിരുന്നു ഗോല്‍കൊണ്ട. കോഹിനൂര്‍ രത്നത്തിനും പല തരം വജ്രങ്ങള്‍ക്കും പ്രശസ്തമാണ് ഇവിടം. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരം.
11ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് തുടങ്ങിയതാണ് ഈ കോട്ട. ഒരു കുന്നിന്‍ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. മണ്ണുകൊണ്ട് നിര്‍മ്മിച്ച് തുടങ്ങിയ കോട്ടയില്‍ പിന്നീട് വന്ന രാജാക്കന്മാര്‍ പുതുക്കിപ്പണി തുടര്‍ന്നു. 16ാം നൂറ്റാണ്ട് വരെ കോട്ട വികസിപ്പിക്കല്‍ തുടര്‍ന്നു. കുത്തബ് ഷാഹി രാജാക്കന്‍മാരുടെ കാലത്താണ് കോട്ട ഇന്ന് കാണുന്ന തരത്തിലേക്ക് വികസിച്ചത്. അവസാനഘട്ട നിര്‍മ്മാണത്തിന് മാത്രം 62 വര്‍ഷമെടുത്തു. കോട്ടയിലെ ശബ്ദക്രമീകരണമാണ് ഏറ്റവും ശ്രദ്ധേയം. 450 അടി ഉയരത്തില്‍ പ്രതിധ്വനികളുണ്ടാകും എന്നാണ് പറയുന്നത്.
ഗോല്‍ കൊണ്ട എന്നാല്‍ വൃത്താകൃതിയിലുള്ള കുന്ന് എന്നര്‍ഥം. മൂന്ന് മതിലുകളാല്‍ ചുറ്റപ്പെട്ടതാണ് കോട്ട. ഏറ്റവും പുറത്തെ മതില്‍ മൂന്ന് കുന്നുകളെ തന്നെ മൊത്തമായി ചുറ്റുന്നു. ഏതാണ്ട് 10 കിലോമീറ്റര്‍ നീളമുണ്ട് ഈ മതിലിന്. പഴയ കാലത്തിന്റേതായ രീതിയില്‍ വായു ക്രമീകരിച്ചതും ശീതീകരണം അനുഭവിക്കാന്‍ കഴിയുന്നതുമായ മുറികളുണ്ട്.
കോട്ടയുടെ ചിത്രങ്ങള്‍ കാണാം:
150 ആയുധ സംഭരണ മുറികളുള്ള ആയുധ ശാലയാണ് ഇവിടെയുണ്ടായിരുന്നത്. മൂന്ന് നില കെട്ടിടം. ഓരോ നിലയിലും 50 ആയുധ മുറികള്‍ വീതം. ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ ശത്രുരാജ്യങ്ങളുടെ കോട്ടയെ ആക്രമിക്കുമ്പോള്‍ ആനപ്പടയെ വലിയ തോതില്‍ ഉപയോച്ചിരുന്നു. ഈ ആനപ്പടയെ ലക്ഷ്യം വയ്ക്കാനുള്ള പീരങ്കി അടക്കമുള്ള ആയുധങ്ങള്‍ വളരെ സമര്‍ത്ഥമായി കോട്ടയില്‍ ക്രമീകരിച്ചിരിക്കുന്നു. ആനപ്പടക്ക് തകര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ കൂര്‍ത്ത മുനകള്‍ കോട്ടയുടെ കവാടത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇവയ്‌ക്കെതിരെ തിളച്ച എണ്ണ ഒഴിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.