April 19, 2025 |
Share on

നീന്താന്‍ കുളം, സുന്ദരമായ നടപ്പാതകള്‍, പുല്‍ മൈതാനങ്ങള്‍; ഇത് ഹൈദരാബാദിലെ നായകള്‍ക്ക് മാത്രമുള്ള പാര്‍ക്ക്

ഏകദേശം 1.3 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1.1 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.

നായ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത എത്തുകയാണ്, നായകള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്ക് ഹൈദരാബാദില്‍ ഒരുങ്ങുകയാണ്. ഏകദേശം 1.3 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1.1 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും ഒരാഴ്ചയ്ക്കുള്ളിലോ, പത്ത് ദിവസത്തിനുള്ളിലോ തുറക്കുമെന്നാണ് പ്രതീക്ഷ.

മുന്‍പ് ഇത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു. തുടര്‍ന്ന് 1.1കോടി രൂപ മുടക്കി രാജ്യത്തെ ആദ്യത്തെ നായകള്‍ക്കുള്ള പാര്‍ക്കായി നിര്‍മ്മിക്കുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വെസ്റ്റ് സോണ്‍, സോണല്‍ കമ്മിഷണറായ ഹരിചന്ദന ദസരി വ്യക്തമാക്കി. ഇതിന് വേണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പണി ആരംഭിച്ചിരുന്നു.

ഒന്നര വര്‍ഷം മുന്‍പ് ഒരു ദമ്പതികള്‍ അവരുടെ വളര്‍ത്തു നായയെയും കൊണ്ട് നടക്കാന്‍ കൊണ്ടു പോകാനുള്ള സൗകര്യമില്ലെന്ന് മുനിസിപ്പല്‍ അഡ്മിനിസ്്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് ആന്‍ഡ് ബ്രാന്‍ഡ് ഹൈദരാബാദ് മിനിസ്റ്റര്‍ കെടി രാമ റാവുവിന് ട്വീറ്റ് ചെയ്തു. ‘നഗരത്തിലെ ഒരു പഴയ പാര്‍ക്ക് മാലിന്യം നിക്ഷേപിക്കുന്ന ഇടമായി മാറിയെന്ന് എനിക്ക് ലഭിച്ചിരുന്നു. ഈ സ്ഥലം ഞങ്ങള്‍ പാര്‍ക്കിന് വേണ്ടി വൃത്തിയാക്കിയെടുക്കുകയായിരുന്നു’ – ഹരിചന്ദന വ്യക്തമാക്കി.


പാര്‍ക്കിനെ കുറിച്ച് പറയുകയാണെങ്കില്‍ നായകള്‍ക്കായി വിശാലമായ ഇടമാണ് പാര്‍ക്കിനകത്തുള്ളത്. നീന്തിത്തുടിക്കാന്‍ കുളം, കാഴ്ച കണ്ടു നടക്കാന്‍ നടപ്പാത, ഓടിക്കളിക്കാന്‍ പുല്ലുവെട്ടിയൊതുക്കിയ മൈതാനങ്ങള്‍, വ്യായാമത്തിനുള്ള സൗകര്യം, ശുചിമുറികള്‍, ആംഫി തിയറ്റര്‍ എന്നിവയും ഇവിടെയുണ്ട്. കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷനും പാര്‍ക്കിന് ലഭിച്ചു കഴിഞ്ഞു. വലിയ നായകള്‍ക്കും ചെറിയ നായകള്‍ക്കും കളിക്കുവാനും വിശ്രമിക്കുവാനും വ്യത്യസ്തയിടമാണ് പാര്‍ക്കിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.

‘സെക്കന്‍ന്ദ്രാബാദ് പോലുള്ള സ്ഥലത്ത് കൂടുതല്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. വളര്‍ത്തു നായകള്‍ ഉള്ളവര്‍ക്ക് ഈ പാര്‍ക്ക് കൂടുതല്‍ സൗകര്യമായിരിക്കും. ചെന്നൈയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ഡോഗ് പാര്‍ക്കുകള്‍ നിര്‍മ്മിച്ചു തരണമെന്ന് നിരവധി അപേക്ഷകളും എത്തുന്നുണ്ട്’ – ദസരി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×